1500 ബോഡോ തീവ്രവാദികള്‍ കീഴടങ്ങും; വിഘടനവാദികളുമായി സമാധാന കരാറില്‍ ഒപ്പിട്ട് കേന്ദ്രം, സുപ്രധാന നീക്കമെന്ന് അമിത് ഷാ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 27th January 2020 02:55 PM  |  

Last Updated: 27th January 2020 02:55 PM  |   A+A-   |  

 

ന്യൂഡല്‍ഹി: നിരോധിത സംഘടനയായ നാഷണല്‍ ഡെമോക്രാറ്റിക് ഫ്രണ്ട് ഓഫ് ബോഡോലാന്‍ഡുമായി സമാധാന കരാറില്‍ ഒപ്പുവച്ച് കേന്ദ്രസര്‍ക്കാര്‍. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ സാന്നിധ്യത്തില്‍  അസം മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാലും സംഘടനയുടെ നേതാക്കളുമാണ് സമാധാന കരാറില്‍ ഒപ്പുവച്ചത്. 

വര്‍ഷങ്ങളായി വിഘടനവാദം ഉയര്‍ത്തിപ്പിടിച്ച് അസമില്‍ ആഭ്യന്തര കലാപങ്ങള്‍ നടത്തിക്കൊണ്ടിരുന്ന സംഘടനയാണ് ഡെമോക്രാറ്റിക് ഫ്രണ്ട് ഓഫ് ബോഡോലാന്‍ഡ്. ആള്‍ ബോഡോ സ്റ്റുഡന്റസ് യൂണിയനും ആയുധം ഉപേക്ഷിച്ച് കരാറില്‍ ഒപ്പുവച്ചിട്ടുണ്ട്. എന്‍ഡിഎഫ്ബിയുടെയും എബിഎസ്‌യുവിന്റെയും നാല് വിഭാഗങ്ങളാണ് കീഴടങ്ങിയിരിക്കുന്നത്. 

'കേന്ദ്രവും അസം സര്‍ക്കാരും ബോഡോ പ്രതിനിധികളുമായി ഒരു സുപ്രധാന കറാറില്‍ ഒപ്പുവച്ചിരിക്കുന്നു. അസമിനും ബോഡോ ജനതയ്ക്കും തിളക്കമാര്‍ന്ന ഭാവി ഉറപ്പുനല്‍കുന്ന കരാറാണിത്.'- അമിത് ഷാ പറഞ്ഞു. ഈ കരാര്‍ ബോഡോ സംസ്‌കാരത്തെയും ഭാഷയെയും സംരക്ഷിക്കുകയും അവരുടെ സാമ്പത്തിക, രാഷ്ട്രീയ ആവശ്യങ്ങള്‍ അംഗീകരിക്കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

1500ഓളം വരുന്ന ബോഡോ പോരാളികള്‍ ജനുവരി മുപ്പതിന് ആയുധം വെച്ച് കീഴടങ്ങുമെന്നും അദ്ദേഹം വ്യക്തമാക്കി. സമാധാന കരാറില്‍ ഒപ്പുവച്ചതിന്റെ ഭാഗമായി ഫെബ്രുവരിയില്‍ സംസ്ഥാനത്ത് ആഘോഷ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് മുഖ്യമന്ത്രി സോനോവാള്‍ വ്യക്തമാക്കി.