ഇത് ദേശദ്രോഹം; എന്തിനാണ് കുടുംബസ്വത്ത് വിറ്റു തുലക്കുന്നത്? മോദിയോട് സുബ്രഹ്മണ്യന്‍ സ്വാമി, എയര്‍ ഇന്ത്യ വില്‍ക്കുന്നതില്‍ ബിജെപിയില്‍ ഭിന്നസ്വരം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 27th January 2020 12:06 PM  |  

Last Updated: 27th January 2020 12:06 PM  |   A+A-   |  

swamy-airindia

 

ന്യൂഡല്‍ഹി: പൊതുമേഖലാ വിമാന കമ്പനിയായ എയര്‍ ഇന്ത്യയുടെ നൂറു ശതമാനം ഓഹരികളും വിറ്റഴിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിന് എതിരെ ബിജെപിയില്‍ ഭിന്നാഭിപ്രായം. സര്‍ക്കാര്‍ നീക്കത്തിന് എതിരെ കോടതിയെ സമീപിക്കുമെന്ന് വ്യക്താക്കി മുതിര്‍ന്ന നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി രംഗത്തെത്തി. സര്‍ക്കാര്‍ നീക്കം ദേശദ്രോഹപരമാണെന്നും താന്‍ കോടതിയെ സമീപിക്കുമെന്നും സ്വാമി ട്വിറ്ററില്‍ കുറിച്ചു. 

കുടുംബ സ്വത്ത് വില്‍ക്കാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. എയര്‍ ഇന്ത്യ ഇപ്പോള്‍ തിരിച്ചുവരവിന്റെ പാതയിലാണ്. ചെറിയ രീതിയിലുള്ള നഷ്ടമാണ് ഇപ്പോഴുള്ളത്. കുടുംബസ്വത്ത് ശക്തിപ്പെടുത്താന്‍ ശ്രമിക്കാതെ എന്തിനാണ് വിറ്റു തുലക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ടാഗ് ചെയ്തുകൊണ്ടാണ് സ്വാമിയുടെ ചോദ്യം. 

മുഴുവന്‍ ഓഹരിയും വില്‍ക്കാനായി കേന്ദ്രം താത്പര്യം ക്ഷണിച്ചിരുന്നു. എയര്‍ ഇന്ത്യയിലെ നൂറു ശതമാനം ഓഹരികള്‍ക്കു പുറമേ ബജറ്റ് എയര്‍ലൈന്‍ ആയ എയര്‍ ഇന്ത്യ എക്‌സ്പ്രസില്‍ എയര്‍ ഇന്ത്യയുടെ നൂറു ശതമാനം ഓഹരികളും സിംഗപ്പുര്‍ എയര്‍ലൈന്‍സുമായുള്ള സംയുക്ത സംരംഭമായ എഐഎസ്എടിഎസിലെ അന്‍പതു ശതമാനം ഓഹരികളും വിറ്റഴിക്കും. സ്വാഭാവികമായും മാനേജ്‌മെന്റ് നിയന്ത്രണവും ഓഹരികള്‍ വാങ്ങുന്നവരില്‍ എത്തും.

താത്പര്യപത്രം സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി മാര്‍ച്ച് ഏഴ് ആണ്. എയര്‍ ഇന്ത്യ എന്‍ജിനിയറിങ് സര്‍വീസസ്, എയര്‍ ഇന്ത്യ എയര്‍ ട്രാന്‍സ്‌പോര്‍ട്ട് സര്‍വീസസ്, എയര്‍ലൈന്‍ അല്ലീഡ് സര്‍വീസസ്, ഹോട്ടല്‍ കോര്‍പ്പറേഷന്‍ ഒഫ് ഇന്ത്യ എന്നിവയെ ഓഹരി വില്‍പ്പനയില്‍നിന്ന ഒഴിവാക്കി. ഇവയെ എയര്‍ ഇന്ത്യ അസറ്റ് ഹോള്‍ഡിങ് ലിമിറ്റഡ് എന്ന കമ്പനിക്കു കീഴിലാക്കും.