'സ്ത്രീത്വത്തെ ആദരിക്കുക'; ഹിന്ദു ആധ്യാത്മിക സമ്മേളനത്തിന് നാളെ ചെന്നൈയില്‍ തുടക്കമാകും

ഏഴു ദിവസം നീണ്ടുനില്‍ക്കുന്ന ഹിന്ദു ആധ്യാത്മിക സമ്മേളനത്തിന് നാളെ ചെന്നൈയില്‍ തുടക്കമാകും
'സ്ത്രീത്വത്തെ ആദരിക്കുക'; ഹിന്ദു ആധ്യാത്മിക സമ്മേളനത്തിന് നാളെ ചെന്നൈയില്‍ തുടക്കമാകും

ചെന്നൈ: ഏഴു ദിവസം നീണ്ടുനില്‍ക്കുന്ന ഹിന്ദു ആധ്യാത്മിക സമ്മേളനത്തിന് നാളെ ചെന്നൈയില്‍ തുടക്കമാകും. സ്ത്രീകള്‍ക്ക് നേരെയുളള അതിക്രമങ്ങള്‍ വര്‍ധിച്ചുവരുന്ന പശ്ചാത്തലത്തില്‍ സ്ത്രീത്വത്തെ ആദരിക്കുക എന്നതാണ് ഹിന്ദു ആധ്യാത്മിക സമ്മേളനത്തിന്റെ പതിനൊന്നാമത് പതിപ്പ് മുന്നോട്ടുവെയ്ക്കുന്ന ആശയം. 

ഭാരത സംസ്‌കാരത്തില്‍ സ്ത്രീകള്‍ വഹിച്ച ചരിത്രപരമായ പങ്കിനെ കുറിച്ചും സ്ത്രീകള്‍ക്ക് കാലാ കാലങ്ങളില്‍ സമൂഹം കല്‍പ്പിച്ച് നല്‍കിയ സ്ഥാനമാനങ്ങളെ കുറിച്ചും പൊതുസമൂഹത്തെ ബോധ്യപ്പെടുത്തുക എന്നതാണ് സമ്മേളനത്തിന്റെ ലക്ഷ്യം. ഇതിനായി വിവിധ തലങ്ങളില്‍ പേരെടുത്ത ആധ്യാത്മിക ആചാര്യന്മാര്‍ വ്യത്യസ്ത വിഷയങ്ങളില്‍ പ്രഭാഷണം നടത്തും. ഇതിന് പുറമേ സംഘടിപ്പിക്കുന്ന പരമ്പരാഗത കലാ,സാംസ്‌കാരിക പരിപാടികള്‍ സമ്മേളനത്തിന്റെ മാറ്റു കൂട്ടും. ചെന്നൈ ഗുരുനാനാക്ക് കോളജ് മൈതാനത്ത് നാളെ മുതല്‍ ആരംഭിക്കുന്ന സമ്മേളനം ഫെബ്രുവരി മൂന്നിനാണ് അവസാനിക്കുക.

സമ്മേളനത്തിന്റെ വരവറിയിച്ച് 2000 നര്‍ത്തകികളെ പങ്കെടുപ്പിച്ച് അവതരിപ്പിച്ച ഭരതമുനി സംസ്‌കാര നടനം ദൃശ്യ വിരുന്നൊരുക്കി. മീനമ്പാക്കം എഎം ജെയിന്‍ കോളജില്‍ നടന്ന കലാപരിപാടി, വിഖ്യാത നര്‍ത്തകി പത്മവിഭൂഷണ്‍ സോണാല്‍ മാന്‍സിങ്ങിന്റെ സാന്നിധ്യത്തിലാണ് അരങ്ങേറിയത്. സ്ത്രീകളുടെ അന്തസ്സ് ഉയര്‍ത്താന്‍, സത്രീത്വത്തെ ആദരിക്കുക എന്നതായിരുന്നു നൃത്തത്തിന്റെ പ്രതിപാദ്യ വിഷയം. പ്രമുഖ നര്‍ത്തകി പദ്മ സുബ്രഹ്മണ്യമാണ് നൃത്ത സംവിധാനം ചെയ്തത്. കാഴ്ചക്കാര്‍ക്ക് ദൃശ്യവിരുന്ന് ഒരുക്കിയ പരിപാടി,സ്ത്രീത്വം ദിവ്യമാണ് എന്ന ആശയമാണ് മുന്നോട്ടുവെച്ചത്.

കുടുംബം, സമൂഹം, സമ്പദ് വ്യവസ്ഥ തുടങ്ങി വ്യത്യസ്ത മേഖലകളില്‍ സ്ത്രീകള്‍ വഹിക്കുന്ന പങ്കിന്റെ നൃത്ത ആവിഷ്‌കാരമാണ് അരങ്ങേറിയത്. വേദങ്ങള്‍, പുരാണങ്ങള്‍, സംഘം കൃതികള്‍ എന്നിവയിലേക്ക് വെളിച്ചം വീശിയ പരിപാടി വീക്ഷിക്കാന്‍ വലിയ ജനക്കൂട്ടമാണ് തടിച്ചുകൂടിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com