എയര്‍ ഇന്ത്യാ വിമാനത്തില്‍ എലി; സര്‍വീസ് റദ്ദാക്കി

By സമകാലിക മലയാളം ഡെസ്‌  |   Published: 28th January 2020 09:21 PM  |  

Last Updated: 28th January 2020 09:21 PM  |   A+A-   |  

AirIndia

 

വാരണാസി: വാരണാസിയില്‍ നിന്ന് ഡെറാഡൂണിലേക്കുള്ള എയര്‍ ഇന്ത്യാ എ ഐ 691 വിമാനത്തില്‍ എലിയെ കണ്ടതിനെ തുടര്‍ന്ന് സര്‍വീസ് റദ്ദാക്കി. വാരണാസിയിലെ ലാല്‍ ബഹദൂര്‍ ശാസ്ത്രി വിമാനത്താവളത്തില്‍ വെച്ചാണ് എലിയെ കണ്ടത്.

റണ്‍വേയിലൂടെ പോകുന്നതിനിടെ യാത്രക്കാരാണ് വിമാനത്തിനുള്ളില്‍ എലിയെ കണ്ടത്. ഇതേതുടർന്ന് വിമാനം തിരികെയെത്തിച്ച് യാത്രക്കാരെ പുറത്തിറക്കിയ ശേഷം എലിയെ തിരഞ്ഞു. എന്നാൽ കണ്ടെത്താൻ കഴിഞ്ഞില്ല. വിമാനയാത്രക്കാർ ബഹളം വയ്ക്കാൻ തുടങ്ങിയതോടെ സർവീസ് റദ്ദാക്കി മറ്റൊരു വിമാനത്തിൽ യാത്രക്കാരെ അയച്ചു.

ന്യൂഡല്‍ഹിയില്‍ നിന്ന് എന്‍ജിനിയര്‍മാരെത്തി എലിയെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല. വിമാനത്തിനുള്ളില്‍ കീടനാശിനി പ്രയോഗിച്ചു 12 മണിക്കൂറോളം അടച്ചിട്ടിട്ടും എലിയെ കണ്ടെത്താനായില്ല. വിമാനത്തിനകത്ത് എലി കയറിയാല്‍ പല വയറുകളും കടിച്ചുമുറിച്ച് സാങ്കേതിക തകരാറുകള്‍ ഉണ്ടാകാൻ സാധ്യതയുണ്ടെന്നും  പൈലറ്റുമാരുടെ നിയന്ത്രണം നഷ്ടമായി വലിയ അപകടമുണ്ടാകാനും ഇത് ഇടയാക്കുമെന്നും എയര്‍ ഇന്ത്യാ അധികൃതര്‍ പറഞ്ഞു.