ഗുജറാത്തില്‍ 33 പേരെ ചുട്ടുകൊന്ന കേസില്‍ ശിക്ഷിക്കപ്പെട്ട 14 പേര്‍ക്ക് ജാമ്യം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 28th January 2020 12:40 PM  |  

Last Updated: 28th January 2020 12:40 PM  |   A+A-   |  

court

 

ന്യൂഡല്‍ഹി: ഗുജറാത്ത് കലാപത്തിനിടെ സര്‍ദാര്‍പുരയില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 33 പേരെ ചുട്ടുകൊന്ന കേസില്‍ ശിക്ഷിക്കപ്പെട്ട 14 പേര്‍ക്ക് സുപ്രീം കോടതി ജാമ്യം അനുവദിച്ചു. ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെ, ജസ്റ്റിസുമാരായ ബിആര്‍ ഗവായി, സൂര്യകാന്ത് എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചാണ്, വ്യവസ്ഥകളോടെ ജാമ്യം അനുവദിച്ചത്. ഇവരുടെ അപ്പീല്‍ സുപ്രീം കോടതിയുടെ പരിഗണനയിലാണ്.

പതിനാലു പേരെ രണ്ടു സംഘങ്ങളാക്കി ഇന്‍ഡോറിലേക്കും ജബല്‍പുരിലേക്കും അയയ്ക്കണമെന്ന് കോടതി നിര്‍ദേശിച്ചു. അവിടെ വിവിധ പൊലീസ് സ്റ്റേഷനുകളില്‍ ഇവര്‍ റിപ്പോര്‍ട്ട് ചെയ്യണം. ഇവര്‍ക്കു തൊഴില്‍ കണ്ടെത്താനാവുമോയെന്ന് പരിശോധിക്കാന്‍ ഭോപ്പാല്‍ ലീഗല്‍ സര്‍വീസ് അതോറിറ്റിയോട് കോടതി നിര്‍ദേശിച്ചു.

ആഴ്ചയില്‍ ആറു മണിക്കൂര്‍ സാമൂഹ്യ സേവനം നടത്തണമെന്ന് ജാമ്യവ്യവസ്ഥയായി കോടതി നിര്‍ദേശിച്ചു. മാനസിക ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് സെമിനാറുകളിലോ കോഴ്‌സുകളിലോ പങ്കെടുക്കാനും നിര്‍ദേശമുണ്ട്. 

വടക്കന്‍ ഗുജറാത്തിലെ സര്‍ദാര്‍പുരയില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 33 പേരെ ചുട്ടുകൊന്ന കുറ്റത്തിനാണ് ഇവര്‍ ശിക്ഷിക്കപ്പെട്ടത്. 2016ല്‍ ഇവരുടെ ശിക്ഷ ഗുജറാത്ത് ഹൈക്കോടതി ശരിവച്ചിരുന്നു. 31 പേരെയാണ് സര്‍ദാര്‍പുര കൂട്ടക്കൊലയില്‍ വിചാരണക്കോടതി ശിക്ഷിച്ചത്. ഇവരില്‍ 14 പേരെ ഹൈക്കോടതി വെറുതെ വിടുകയായിരുന്നു.