പൗരത്വ നിയമം ചരിത്രപരമായ അനീതി തിരുത്താന്‍; ഇന്ത്യ നല്‍കിയ വാഗ്ദാനം നിറവേറ്റി: മോദി 

അയല്‍രാജ്യങ്ങളില്‍ കഴിയുന്ന മതന്യൂനപക്ഷങ്ങളെ സംരക്ഷിക്കുമെന്ന ബിജെപിയുടെ പഴയ വാഗ്ദാനം നിറവേറ്റുകയാണ് ഇതിലൂടെ ചെയ്തതെന്നും മോദി പറഞ്ഞു
പൗരത്വ നിയമം ചരിത്രപരമായ അനീതി തിരുത്താന്‍; ഇന്ത്യ നല്‍കിയ വാഗ്ദാനം നിറവേറ്റി: മോദി 

ന്യൂഡല്‍ഹി: ചരിത്രപരമായ അനീതി തിരുത്തുന്നതിന് വേണ്ടിയാണ് പൗരത്വ നിയമ ഭേദഗതി കൊണ്ടുവന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അയല്‍രാജ്യങ്ങളില്‍ കഴിയുന്ന മതന്യൂനപക്ഷങ്ങളെ സംരക്ഷിക്കുമെന്ന ബിജെപിയുടെ പഴയ വാഗ്ദാനം നിറവേറ്റുകയാണ് ഇതിലൂടെ ചെയ്തതെന്നും മോദി പറഞ്ഞു. ഡല്‍ഹിയില്‍ എന്‍സിസി റാലിയെ അഭിസംബോധ ചെയ്യുകയായിരുന്നു അദ്ദേഹം.

ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ച ആദ്യ നാളുകളില്‍ രാജ്യം ഭരിച്ചിരുന്നവര്‍ വിഭജനത്തെ അംഗീകരിച്ചു. ന്യൂനപക്ഷങ്ങളുടെ സംരക്ഷണത്തെ കുറിച്ചാണ് നെഹ്‌റു- ലിയാഖത്ത് ഉടമ്പടി പറയുന്നത്. ഗാന്ധിയും ആഗ്രഹിച്ചത് ഇതാണ്.  ഇന്ത്യ നല്‍കിയ വാഗ്ദാനം നിറവേറ്റുന്നതിനാണ് പൗരത്വ നിയമ ഭേദഗതി കൊണ്ടുവന്നതെന്നും മോദി പറഞ്ഞു. 

വോട്ടുബാങ്ക് രാഷ്ട്രീയമാണ് പൗരത്വ നിയമ ഭേദഗതിയെ എതിര്‍ക്കുന്നവരുടെ ലക്ഷ്യം. ദലിതിന് വേണ്ടി നിലക്കൊളളുന്നവരായാണ് ചിലര്‍ പ്രവര്‍ത്തിക്കുന്നത്. അതേസമയം പാകിസ്ഥാനില്‍ ദലിതര്‍ക്ക് നേരെ നടക്കുന്ന അതിക്രമങ്ങളെ ഇവര്‍ അവഗണിക്കുന്നു. പാകിസ്ഥാനിലെ പീഡനത്തെ തുടര്‍ന്ന്് ഇന്ത്യയില്‍ അഭയം തേടി എത്തുന്നവരില്‍ ഒട്ടുമിക്ക ആളുകളും ദലിതുകളാണ് എന്ന കാര്യം ഇവര്‍ വിസ്മരിക്കുന്നതായും മോദി കുറ്റപ്പെടുത്തി.

'കേന്ദ്രസര്‍ക്കാരിന്റെ തീരുമാനങ്ങള്‍ ലോകത്തിന്റെ മുന്‍പില്‍ എന്റെ സല്‍പ്പേരിന് കളങ്കം ചാര്‍ത്താന്‍ ഇടയാക്കുന്നു എന്നാണ് പ്രതിപക്ഷം പ്രചരിപ്പിക്കുന്നത്. എന്നാല്‍ എന്റെ സല്‍പ്പേരിന് വേണ്ടി ഞാന്‍ ഒന്നും ചെയ്തിട്ടില്ല എന്ന് നുണപ്രചരിപ്പിക്കുന്നവര്‍ മനസ്സിലാക്കുന്നില്ല. ഇന്ത്യയുടെ യശസ്സ് ഉയര്‍ത്താനാണ് ഞാന്‍ പ്രവര്‍ത്തിക്കുന്നത്' - മോദി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com