'സെക്കന്‍ഡുകള്‍ക്കകം ഹൂഗ്ലി നദി മുറിച്ചു കടക്കും'; രാജ്യത്തെ ആദ്യ 'അണ്ടര്‍വാട്ടര്‍' മെട്രോ കൊല്‍ക്കത്തയില്‍, 2022ല്‍ പൂര്‍ത്തിയാവും

കൊല്‍ക്കത്ത മെട്രോയുടെ വിപുലീകരണ പദ്ധതി 2022 മാര്‍ച്ചില്‍ പൂര്‍ത്തിയാവും
'സെക്കന്‍ഡുകള്‍ക്കകം ഹൂഗ്ലി നദി മുറിച്ചു കടക്കും'; രാജ്യത്തെ ആദ്യ 'അണ്ടര്‍വാട്ടര്‍' മെട്രോ കൊല്‍ക്കത്തയില്‍, 2022ല്‍ പൂര്‍ത്തിയാവും

കൊല്‍ക്കത്ത: കൊല്‍ക്കത്ത മെട്രോയുടെ വിപുലീകരണ പദ്ധതി 2022 മാര്‍ച്ചില്‍ പൂര്‍ത്തിയാവും. കൊല്‍ക്കത്തയുടെ കിഴക്ക്- പടിഞ്ഞാറ് പ്രദേശങ്ങളെ പരസ്പരം ബന്ധിപ്പിച്ചു കൊണ്ടുളള നിര്‍ദിഷ്ട രണ്ടാമത്തെ പാതയുടെ നിര്‍മ്മാണ പ്രവൃത്തികളാണ് പുരോഗമിക്കുന്നത്. നഗരത്തിന്റെ നടുവിലൂടെ പോകുന്ന ഹൂഗ്ലി നദിയുടെ അടിയിലൂടെ മെട്രോ കടന്നുപോകുമെന്നതാണ് ഏറ്റവും വലിയ ആകര്‍ഷണം. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ദിഷ്ട സമയത്തിനുളളില്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കാതിരുന്നത് ചെലവ് ഇരട്ടിയാവാന്‍ ഇടയാക്കിയിട്ടുണ്ട്.

രാജ്യത്തെ ഏറ്റവും പഴക്കമേറിയ മെട്രോ സര്‍വീസായ കൊല്‍ക്കത്ത മെട്രോ, 2014ലാണ് വിപുലീകരണ പദ്ധതിയിലേക്ക് കടന്നത്. എന്നാല്‍ അനധികൃത കയ്യേറ്റം ഒഴിപ്പിക്കല്‍ ഉള്‍പ്പെടെയുളള പ്രശ്‌നങ്ങള്‍ പദ്ധതി നിശ്ചിത സമയത്തിനകം പൂര്‍ത്തിയാക്കുന്നതിന് തടസ്സമായി. ഇത് നിര്‍മ്മാണ പ്രവൃത്തികളുടെ ചെലവ് ഇരട്ടിയാക്കി. അവസാന ഇന്‍സ്റ്റാള്‍മെന്റ് എന്ന നിലയില്‍ ഇന്ത്യന്‍ റെയില്‍വേ ബോര്‍ഡില്‍ നിന്ന് ലഭിക്കാനുളള 20 കോടി രൂപയ്ക്കായി കാത്തിരിക്കുകയാണെന്ന് കൊല്‍ക്കത്ത മെട്രോയുടെ മാനേജിങ് ഡയറക്ടര്‍ മനസ് സര്‍ക്കാര്‍ അറിയിച്ചു. രണ്ടുവര്‍ഷത്തിനകം ഇത് ലഭിക്കുമെന്നാണ് പ്രതീക്ഷ. 

കൊല്‍ക്കത്ത മെട്രോയുടെ വിപുലീകരണ പദ്ധതി ജപ്പാന്‍ ബാങ്കിന്റെ സാമ്പത്തിക സഹായത്തോടെയാണ് നടപ്പാക്കുന്നത്.  പദ്ധതി ചെലവിന്റെ 48 ശതമാനം തുകയാണ് സോഫ്റ്റ് ലോണായി ജപ്പാന്‍ ഇന്റര്‍നാഷണല്‍ കോര്‍പ്പറേഷന്‍ ഏജന്‍സി അനുവദിച്ചത്. നിലവില്‍ 17 കിലോമീറ്റര്‍ വരുന്ന പുതിയ പാതയുടെ ചെലവ് 8600 കോടി രൂപയായി ഉയര്‍ന്നിരിക്കുകയാണ്. 

പുതിയ പാത യാഥാര്‍ത്ഥ്യമാകുന്നതോടെ നഗരത്തിന്റെ മൊത്തം ഗതാഗതത്തിന്റെ 40 ശതമാനം ഇതിലൂടെയാകുമെന്നാണ് പ്രതീക്ഷ. അതായത് 90,000 പേര്‍ നിത്യവും ഇത് ഉപയോഗിക്കുമെന്നാണ് കണക്കുകൂട്ടല്‍. നഗരത്തിന്റെ 20 ശതമാനം ജനങ്ങള്‍ ഉപയോഗിക്കുന്ന പൊതുഗതാഗത സംവിധാനമായി ഇത് മാറുമെന്ന് അധികൃതര്‍ പ്രതീക്ഷിക്കുന്നു.

ഹുഗ്ലി നദിയുടെ അടിയില്‍ ടണല്‍ സ്ഥാപിച്ച് മെട്രോ കടത്തിവിടാനാണ് പദ്ധതി. ഒരു മിനിറ്റിനകം നദി മുറിച്ചു കടക്കാന്‍ മെട്രോയ്ക്ക് സാധിക്കും. ഫെറി കടക്കാന്‍ 20 മിനിറ്റും, ഹൗറ പാലം വഴി കടന്നുപോകാന്‍ ഒരു മണിക്കൂറും സമയം എടുക്കുമ്പോഴാണ് ചുരുങ്ങിയ നിമിഷം കൊണ്ട് മെട്രോയ്ക്ക് നദി മുറിച്ചു കടക്കാന്‍ സാധിക്കുന്നത്. നദി കടക്കാന്‍ 520 മീറ്റര്‍ നീളത്തിലാണ് ടണല്‍ സ്ഥാപിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com