'സ്ത്രീകളിൽ അന്തര്‍ലീനമായി നില്‍ക്കുന്ന ശക്തിയെ ഉണര്‍ത്താനുള്ള സാഹചര്യം സമൂഹം സൃഷ്ടിക്കണം'; മാതാ അമൃതാനന്ദമയി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 29th January 2020 04:57 PM  |  

Last Updated: 29th January 2020 04:57 PM  |   A+A-   |  

spiritual

ഹിന്ദു ആധ്യാത്മിക, സേവന പ്രദര്‍ശനം ഉദ്ഘാടനം ചെയ്യാനെത്തിയ മാതാ അമൃതാനന്ദമയിക്ക് ഉപഹാരമായി വീണ സമ്മാനിക്കുന്നു/ ഫോട്ടോ: എക്സ്പ്രസ്

 

ചെന്നൈ: സ്ത്രീ പുരുഷ സമത്വത്തിന്റെ പ്രാധാന്യം എടുത്തു പറഞ്ഞ് മാതാ അമൃതാനന്ദമയി. ചെന്നൈ വേലച്ചേരി ഗുരുനാനാക്ക് കോളജ് മൈതാനത്ത് ഹിന്ദു ആധ്യാത്മിക, സേവന പ്രദര്‍ശനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍. 

'സ്ത്രീകളേക്കാള്‍ ശ്രേഷ്ഠരാണ് തങ്ങളെന്ന് ചില പുരുഷന്‍മാര്‍ തെറ്റായി വിശ്വസിക്കുന്നു. സ്ത്രീയുടെ യജമാനനാണെന്നും അവര്‍ വിശ്വസിക്കുന്നു. എന്നാല്‍ ഈശ്വരനോ, പ്രകൃതിക്കോ ഇക്കാര്യത്തില്‍ യാതൊരു പങ്കുമില്ല. സമൂഹം സ്ത്രീയെ നിസഹായയും ദുര്‍ബലയും ചഞ്ചലത്വമുള്ള ആളായും മുദ്ര കുത്തുന്നു. ഇത്തരമവസ്ഥയില്‍ സ്ത്രീകളുടെ ഉള്ളില്‍ അന്തര്‍ലീനമായി നില്‍ക്കുന്ന ശക്തിയെ ഉണര്‍ത്താനുള്ള സാഹചര്യം സൃഷ്ടിക്കുകയാണ് സമൂഹം ചെയ്യണ്ടേത്'- അമൃതാനന്ദമയി പറഞ്ഞു. 

വ്യക്തിയും സമൂഹവും തമ്മിലുള്ള ബന്ധം ആത്മീയ വീക്ഷണ കോണിലൂടെ കാണാന്‍ കഴിയുന്ന ഒരു സുവര്‍ണ്ണ കാലഘട്ടം ഇന്ത്യയിലുണ്ടായിരുന്നുവെന്ന് അമൃതാനന്ദമയി പറഞ്ഞു. 

'സ്ത്രീകളെ വളരെ ആദരവോടെയും ബഹുമാനത്തോടെയുമാണ് വേദ, വേദാനന്തര കാലത്ത് വീക്ഷിച്ചിരുന്നത്. ആ കാലത്ത് സ്ത്രീകള്‍ക്ക് അവരുടെ അവകാശങ്ങളും സ്ഥാനങ്ങളും സ്വാതന്ത്ര്യവും ബഹുമാനവും ലഭിച്ചിരുന്നു. പിന്നീടുള്ള കാലത്ത് ഇന്ത്യ നേരിട്ട ബാഹ്യമായ ആക്രമണങ്ങളുടെ ഫലമായി അടിമത്തമടക്കമുള്ളവ നമ്മുടെ പരമാധികാരത്തെ ബാധിച്ചു. അതോടെ പൗരന്‍മാര്‍ക്ക് ബാഹ്യമായി മാത്രമല്ല ബുദ്ധിപരമായും വൈകാരികമായും സാമൂഹികമായും അതിന്റെ പരിണിത ഫലങ്ങള്‍ അനുഭവിക്കേണ്ടി വന്നു. ഇത് കുടുംബങ്ങളേയും വ്യക്തി ബന്ധങ്ങളേയും ബാധിച്ചു. സ്ത്രീകളെക്കുറിച്ചുള്ള ആശയങ്ങളെ അവ മാറ്റി. അവരോടുള്ള സമീപനത്തിലും ആ മാറ്റം പ്രകടമായി. സമൂഹത്തെ ഇത്തരത്തില്‍ ബാധിച്ച ആഴത്തിലുള്ള മുറിവുകള്‍ ഇന്നും പരിഹരിക്കപ്പെട്ടിട്ടില്ല'- അമൃതാനന്ദമയി കൂട്ടിച്ചേര്‍ത്തു. 

സ്ത്രീകള്‍ക്ക് നേരെയുളള അതിക്രമങ്ങള്‍ വര്‍ധിച്ചുവരുന്ന പശ്ചാത്തലത്തില്‍ സ്ത്രീത്വത്തെ ആദരിക്കുക എന്നതാണ് ഹിന്ദു ആധ്യാത്മിക പ്രദര്‍ശനത്തിന്റെ ഇത്തവണത്തെ പതിപ്പ് മുന്നോട്ടുവെയ്ക്കുന്ന ആശയം. ഭാരത സംസ്‌കാരത്തില്‍ സ്ത്രീകള്‍ വഹിച്ച ചരിത്രപരമായ പങ്കിനെ കുറിച്ചും സ്ത്രീകള്‍ക്ക് കാലാ കാലങ്ങളില്‍ സമൂഹം കല്‍പ്പിച്ച് നല്‍കിയ സ്ഥാനമാനങ്ങളെ കുറിച്ചും പൊതുസമൂഹത്തെ ബോധ്യപ്പെടുത്തുക എന്നതാണ് പ്രദര്‍ശനത്തിന്റെ ലക്ഷ്യം.