'ഒന്നുകില്‍ ഭരണഘടനയെ അനുസരിക്കൂ, അല്ലെങ്കില്‍ കീറിയെറിയൂ'; പൗരത്വ നിയമ ഭേദഗതിക്കെതിരെ ബിജെപി എംഎല്‍എ

മതത്തിന്റെ പേരില്‍ രാജ്യത്തെ വെട്ടിമുറിക്കാന്‍ അനുവദിക്കരുതെന്ന് മധ്യപ്രദേശിലെ ഭോപ്പാലില്‍ നിന്നുളള ബിജെപി എംഎല്‍എയായ നാരായണ്‍ ത്രിപാദി പറഞ്ഞു
'ഒന്നുകില്‍ ഭരണഘടനയെ അനുസരിക്കൂ, അല്ലെങ്കില്‍ കീറിയെറിയൂ'; പൗരത്വ നിയമ ഭേദഗതിക്കെതിരെ ബിജെപി എംഎല്‍എ

ഭോപ്പാല്‍: പൗരത്വ നിയമ ഭേദഗതിയെ വിമര്‍ശിച്ച് ബിജെപി എംഎല്‍എ. മതത്തിന്റെ പേരില്‍ രാജ്യത്തെ വെട്ടിമുറിക്കാന്‍ അനുവദിക്കരുതെന്ന് മധ്യപ്രദേശിലെ ഭോപ്പാലില്‍ നിന്നുളള ബിജെപി എംഎല്‍എയായ നാരായണ്‍ ത്രിപാദി പറഞ്ഞു. ഒന്നുകില്‍ ഭരണഘടനയെ പിന്തുടരുക, അല്ലാത്തപക്ഷം ഇതിനെ കീറിയെറിയാന്‍ അദ്ദേഹം ആഹ്വാനം ചെയ്തു. 

ചരിത്രപരമായ അനീതിക്ക് പരിഹാരം കാണാനാണ് പൗരത്വ നിയമ ഭേദഗതി കൊണ്ടുവന്നതെന്ന് കഴിഞ്ഞദിവസം മോദി പ്രസ്താവിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വ്യത്യസ്തമായ അഭിപ്രായവുമായി ബിജെപി എംഎല്‍എ രംഗത്തുവന്നത്. മതത്തിന്റെ പേരില്‍ രാജ്യത്തെ വെട്ടിമുറിക്കാന്‍ അനുവദിക്കരുതെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

'ഒരു ഗ്രാമത്തില്‍ നിന്നാണ് ഞാന്‍ വരുന്നത്. അവിടത്തെ നിലവിലെ സാഹചര്യങ്ങളെ മുന്‍നിര്‍ത്തിയാണ് സംസാരിക്കുന്നത്. ഒന്നുകില്‍ അംബേദ്കര്‍ വിഭാവനം ചെയ്ത ഭരണഘടന പിന്തുടരുക, അല്ലാത്തപക്ഷം കീറിയെറിയുക. മതനിരപേക്ഷത നിലനില്‍ക്കുന്ന രാജ്യത്ത് മതത്തിന്റെ അടിസ്ഥാനത്തില്‍ വിഭജനം സാധ്യമല്ലെന്ന് ഭരണഘടനയില്‍ പറയുന്നുണ്ട്. എന്നാല്‍ വിഭജനം സംഭവിച്ചു കഴിഞ്ഞു. നിങ്ങള്‍ ഭരണഘടനയോട് ഒപ്പമാണോ അതോ എതിരാണോ എന്ന് തെളിയിക്കുന്നതാണ് നിലവിലെ സാഹചര്യം' - എംഎല്‍എ പറയുന്നു.

'പുതിയ നിയമം കാരണം ആഭ്യന്തര കലഹം നേരിടുകയാണ് രാജ്യം. ജനങ്ങള്‍ പരസ്പരം നോക്കുന്നത് നിര്‍ത്തിയിരിക്കുകയാണ്. എന്റെ ഗ്രാമത്തില്‍ മുസ്ലീങ്ങള്‍ ഞങ്ങളെ ആദരിച്ചിരുന്ന സമയമുണ്ടായിരുന്നു. പരസ്പരം കൂടിക്കാഴ്ചയും നടത്തിയിരുന്നു. എന്നാല്‍ ഇപ്പോള്‍  ഞങ്ങളെ കാണാന്‍ പോലും അവര്‍ താത്പര്യപ്പെടുന്നില്ല. രാജ്യത്ത് ഗ്രാമങ്ങളെയും വീടുകളെയും ആഭ്യന്തര കലഹം ബാധിച്ചിട്ടുണ്ട്. സമാധാനം സാധ്യമാകുമെന്ന് തോന്നുന്നില്ല. വസുധൈവ കുടുംബകം എന്ന് ലോകരാജ്യങ്ങളോട് പറയുമ്പോഴാണ് മതത്തിന്റെ പേരില്‍ വിഭജനം സംഭവിച്ചിരിക്കുന്നത്.'- എംഎല്‍എ പറയുന്നു.സമാജ് വാദി പാര്‍ട്ടിയില്‍ നിന്ന് ബിജെപിയില്‍ ചേര്‍ന്ന നേതാവാണ് ത്രിപാദി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com