ബെല്ലടിച്ച് നേടി ഐഎഎസ്; മധുവിന്റെ സിവില്‍ സര്‍വീസ് വിജയത്തിന് ഇരട്ടി മധുരം

By സമകാലിക മലയാളം ഡെസ്‌ക്  |   Published: 29th January 2020 01:24 PM  |  

Last Updated: 29th January 2020 01:24 PM  |   A+A-   |  

 

ബംഗളുരു: ഒരുപാട് പേരുടെ സ്വപ്നമാണ് സിവില്‍ സര്‍വീസ് പരീക്ഷയിലെ വിജയം. എന്നാല്‍ ആ സ്വപ്നത്തിലേക്ക് എത്താന്‍ പരിശ്രമിക്കാനുള്ള മനസ് കൂടി വേണം. സിവില്‍ സര്‍വീസ് എന്ന സ്വപ്നനേട്ടത്തിലേക്ക് നടന്ന് അടുക്കുകയാണ് ബംഗളൂരിലുള്ള ബസ് കണ്ടക്ടര്‍ മധു. ഈ മാസം നടന്ന മെയിന്‍സ് പരീക്ഷയും കടന്നിരിക്കുകയാണ് ഇദ്ദേഹം. 

29 കാരനായ മധു മാര്‍ച്ചില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കാന്‍ തയ്യാറെടുക്കുകയാണ് ഇപ്പോള്‍. യുപിഎസ്‌സി നേടാന്‍ ദിവസവും ജോലി കഴിഞ്ഞുള്ള അഞ്ച് മണിക്കൂറാണ് മധു പഠിച്ചിരുന്നത്. ജൂണിലാണ് പ്രിലിമിനറി പരീക്ഷയെന്ന കടമ്പ കടന്നത്. ജനുവരിയില്‍ മെയിന്‍ പരീക്ഷയും പാസായി. ഫലം വന്നപ്പോള്‍ തന്റെ പേരും പട്ടികയില്‍ കണ്ട മധുവിന് സന്തോഷം നിയന്ത്രിക്കാനായിരുന്നില്ലെന്നും അദ്ദേഹം പറയുന്നു

ജീവിതത്തില്‍ എന്തെങ്കിലുമൊക്കെ നേടണമെന്ന് ഞാന്‍ എന്നും ആഗ്രഹിച്ചിരുന്നു. കുടുംബത്തിന്റെ സാമ്പത്തിക ചുറ്റുപാട് മോശമായിരുന്നതിനാല്‍ ജോലി ഉപേക്ഷിക്കാനാകുമായിരുന്നില്ല. എല്ലാ ദിവസവും വെളുപ്പിനെ നാലുമണിക്ക് എഴുന്നേല്‍ക്കും. ജോലിക്ക് പോകുന്നതിന് മുന്‍പ് രണ്ടരമണിക്കൂര്‍ പഠിക്കും. ജോലി കഴിഞ്ഞ് എത്തിയ ശേഷവും രണ്ടരമണിക്കൂര്‍ പഠനത്തിനായി ചെലവഴിക്കും. പഠനം ദിനചര്യയായി മാറുകയായിരുന്നു. 2018ല്‍ പരീക്ഷ എഴുതിയെങ്കിലും വിജയിക്കാനായില്ല. 

അഭിമുഖം എന്ന അടുത്ത ഘട്ടം കൂടി കഴിഞ്ഞാല്‍ മധു ഐഎഎസുകാരനായി മാറും.