സിഎഎ വി​രുദ്ധ സമരത്തിന് നേരെ ആക്രമണം; ബം​ഗാളിൽ രണ്ട് പേർ വെടിയേറ്റ് മരിച്ചു

ബംഗാളിലെ മുര്‍ഷിദാബാദില്‍ സിഎഎ വിരുദ്ധ പ്രക്ഷോഭത്തിന് നേരെയുണ്ടായ ആക്രമണത്തില്‍ രണ്ട് പേര്‍ വെടിയേറ്റ് മരിച്ചു
സിഎഎ വി​രുദ്ധ സമരത്തിന് നേരെ ആക്രമണം; ബം​ഗാളിൽ രണ്ട് പേർ വെടിയേറ്റ് മരിച്ചു

കൊല്‍ക്കത്ത: ബംഗാളിലെ മുര്‍ഷിദാബാദില്‍ സിഎഎ വിരുദ്ധ പ്രക്ഷോഭത്തിന് നേരെയുണ്ടായ ആക്രമണത്തില്‍ രണ്ട് പേര്‍ വെടിയേറ്റ് മരിച്ചു. അനാറുല്‍ ബിസ്വാസ് (55), സലാലുദ്ദീന്‍ ഷെയ്ക്ക് (17) എന്നിവരാണ് മരിച്ചത്. വെടിയേറ്റ് മൂന്ന് പേർക്ക് പരിക്കേറ്റിട്ടുണ്ട്. മൂവരേയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

ബുധനാഴ്ച രാവിലെ ഒമ്പതോടെ സാഹേബ് നഗര്‍ മാര്‍ക്കറ്റിന് സമീപമാണ് സംഘര്‍ഷമുണ്ടായത്. 20 ദിവസം മുൻപ് രൂപീകരിച്ച സിഎഎ ബിരോധി നാഗരിക മഞ്ചാണ് സമരം നടത്തിയത്. കഴിഞ്ഞ കുറച്ച് ദിവസമായി മുര്‍ഷിദാബാദില്‍ ഇവര്‍ സമരത്തിന് മുന്‍നിരയിലുണ്ടായിരുന്നു. ടിഎംസി പ്രവര്‍ത്തകര്‍ അടക്കം സംഘടനയുടെ ഭാഗമായിരുന്നുവെന്ന് ഇവര്‍ പറയുന്നു. സിഎഎ, എന്‍ആര്‍സിക്കെതിരെയുള്ള പ്രതിഷേധത്തിന്‍റെ ഭാഗമായി വ്യാപാര സ്ഥാപനങ്ങളും മറ്റും അടച്ചിടാന്‍ പ്രക്ഷോഭകര്‍ ആവശ്യപ്പെട്ടു. എന്നാല്‍, അടച്ചിടല്‍ നടക്കില്ലെന്ന് ഒരുവിഭാഗം അറിയിച്ചതോടെയാണ് പ്രശ്നങ്ങള്‍ തുടങ്ങിയത്. 

പിന്നീട് ഇരു വിഭാഗവും ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. പരസ്പരം ബോംബെറിയുകയും നിരവധി വാഹനങ്ങള്‍ കത്തിക്കുകയും ചെയ്തു. തൃണമൂല്‍ കോണ്‍ഗ്രസാണ് ആക്രമണത്തിന് പിന്നിലെന്ന് സമരക്കാര്‍ ആരോപിച്ചു. സമരത്തിന് നേരെ തൃണമൂല്‍ നേതാക്കളുടെ നേതൃത്വത്തില്‍ ആക്രമണം അഴിച്ചുവിടുകയായിരുന്നുവെന്നും ഇവര്‍ ആരോപിച്ചു. 

സമരത്തിനിടയിലേക്ക് തൃണമൂല്‍ ജലംഗി നോര്‍ത്ത് പ്രസിഡന്‍റ് തഹിറുദ്ദീന്‍ മൊണ്ഡാലും അനുയായികളും എത്തി. തുടര്‍ന്ന് വാക്കേറ്റമുണ്ടാകുകയും മൊണ്ഡാലും അനുയായികളും തങ്ങള്‍ക്ക് നേരെ വെടി വയ്ക്കുകയുമായിരുന്നുവെന്ന് പ്രക്ഷോഭകര്‍ പറഞ്ഞു. തഹിറുദ്ദീന്‍റെ സഹോദരനും വെടിയേറ്റിട്ടുണ്ട്. 

അക്രമികളെ ഉടന്‍ പിടികൂടുമെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് പറഞ്ഞു. സംഭവത്തില്‍ കോണ്‍ഗ്രസും സിപിഎമ്മും മമതാ ബാനര്‍ജിക്കെതിരെ രംഗത്തെത്തി. 

ആക്രമണത്തില്‍ പങ്കില്ലെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് എംപി അബു താഹിർ പറഞ്ഞു. സംഭവങ്ങള്‍ക്ക് പിന്നില്‍ സിപിഎം, കോണ്‍ഗ്രസ് പ്രവര്‍ത്തകരാണെന്നും അബു താഹിർ ആരോപിച്ചു. ആക്രമികളെ എത്രയും പെട്ടെന്ന് അറസ്റ്റ് ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ആക്രമണത്തില്‍ കോണ്‍ഗ്രസിന് പങ്കില്ലെന്ന് എംഎല്‍എ മനോജ് ചക്രബൊര്‍ത്തി വ്യക്തമാക്കി. സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും അദ്ദേഹം വ്യക്തമാക്കി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com