ഹര്‍ജി സുപ്രീം കോടതി തള്ളി; മുകേഷ് സിങ്ങിനു മുന്നില്‍ ഇനി തൂക്കുമരം മാത്രം

യാഹര്‍ജി തള്ളിയ രാഷ്ട്രപതിയുടെ നടപടിക്കെതിരെ നിര്‍ഭയ കേസിലെ കുറ്റവാളി മുകേഷ് സിങ് നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി
ഹര്‍ജി സുപ്രീം കോടതി തള്ളി; മുകേഷ് സിങ്ങിനു മുന്നില്‍ ഇനി തൂക്കുമരം മാത്രം

ന്യൂഡല്‍ഹി: ദയാഹര്‍ജി തള്ളിയ രാഷ്ട്രപതിയുടെ നടപടിക്കെതിരെ നിര്‍ഭയ കേസിലെ കുറ്റവാളി മുകേഷ് സിങ് നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി. രാഷ്ട്രപതിയുടെ നടപടിയില്‍ ഇടപെടാന്‍ കാരണമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ്, ജസ്റ്റിസ് ആര്‍ ഭാനുമതിയുടെ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ചിന്റെ നടപടി. ഇതോടെ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട മുകേഷ് സിങ്ങിനു മുന്നിലുള്ള നിയമപരമായ സാധ്യതകള്‍ അവസാനിച്ചു.

രാഷ്ട്രപതി തന്റെ ദയാഹര്‍ജി തള്ളിയത് ധൃതിപിടിച്ചാണെന്ന മുകേഷ് സിങ്ങിന്റെ വാദത്തില്‍ കഴമ്പില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. വേഗത്തില്‍ ഹര്‍ജി തള്ളി എന്നത് പുനപ്പരിശോധനയ്ക്കുള്ള കാരണമായി കാണാനാവില്ലെന്ന് കോടതി വിലയിരുത്തി. ജയിലില്‍ ക്രൂര പീഡനം നേരിടേണ്ടിവന്നുവെന്ന ആരോപണം ദയാ ഹര്‍ജി പരിഗണിക്കുന്നതിനുള്ള കാരണമാവുന്നില്ല. രാഷ്ട്രപതിക്കു രേഖകള്‍ സമര്‍പ്പിച്ചിരുന്നില്ലെന്ന വാദവും നിലനില്‍ക്കില്ലെന്ന് കോടതി വ്യക്തമാക്കി.

തിഹാര്‍ ജയിലില്‍ ക്രൂര പീഡനം നേരിടേണ്ടിവന്നുവെന്ന്, പ്രതികളില്‍ ഒരാളായ മുകേഷ് സിങ്ങിന്റെ അഭിഭാഷക സുപ്രീം കോടതിയില്‍ പറഞ്ഞിരുന്നു. ജയിലില്‍ ക്രൂര പീഡനമാണ് പ്രതികള്‍ക്കു നേരിടേണ്ടിവന്നതെന്ന് അഭിഭാഷക അഞ്ജന പ്രകാശ് ആരോപിച്ചു.  മുകേഷ് സിങ്ങിനെ അക്ഷയ് സിങ്ങുമായി ലൈംഗിക ബന്ധത്തിനു നിര്‍ബന്ധിച്ചു. ജയിലില്‍ കൊല്ലപ്പെട്ട രാംസിങ്ങിന്റെ മരണം ആത്മഹത്യാക്കി മാറ്റിയെന്നും അഭിഭാഷക പറഞ്ഞു. മുകേഷ് സിങ്ങിനെ ഏകാന്ത തടവിലേക്കു മാറ്റിയതില്‍ നടപടിക്രമങ്ങളുടെ പാളിച്ച ഉണ്ടായിട്ടുണ്ട്. ദയാഹര്‍ജി തള്ളിയ ശേഷമേ വധശിക്ഷയ്ക്കു വിധിക്കപ്പെട്ടയാളെ ഏകാന്ത തടവിലേക്ക് മാറ്റാവൂ. എന്നാല്‍ മുകേഷ് സിങ്ങിനെ വളരെ മുമ്പു തന്നെ ഏകാന്ത തടവിലേക്കു മാറ്റിയിരുന്നുവെന്ന് അഭിഭാഷക വാദിച്ചു. 

മുകേഷ് സിങ്ങിന്റെ ദയാഹര്‍ജി ധൃതിപിടിച്ചു തള്ളുകയായിരുന്നുവെന്ന് അഞ്ജന പ്രകാശ് വാദിച്ചു. കുറ്റവാളികളോടു ക്ഷമിക്കുന്നത് വ്യക്തിയുടെ സ്വകാര്യ കാര്യമല്ല, അതു ഭരണഘടനാപരമായ കര്‍ത്തവ്യത്തിന്റെ ഭാഗമാണ്. ഭരണഘടനാപരമായ കര്‍ത്തവ്യം ഏറെ ഉത്തരവാദിത്വത്തോടെ നിറവേറ്റേണ്ടാതെന്ന് മുകേഷ് സിങ്ങിന്റെ അഭിഭാഷക പറഞ്ഞു. ജസ്റ്റിസ് ആര്‍ ഭാനുമതി, അശോക് ഭൂഷണ്‍, എസ് ബൊപ്പണ്ണ എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് കേസില്‍ വാദം കേട്ടത്.

ദയാര്‍ജി തള്ളിയതു ധൃതിപിടിച്ചാണ് എന്ന് എങ്ങനെ പറയാനാവുമെന്ന് ജസ്റ്റിസ് ആര്‍ ഭാനുമതി ചോദിച്ചു. എല്ലാ രേഖകളും പരിശോധിക്കാതെയാണ് രാഷ്ട്രപതിയുടെ നടപടിയെന്ന അഭിഭാഷകയുടെ വാദത്തെ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത എതിര്‍ത്തു. എല്ലാ രേഖകളും രാഷ്ട്രപതിക്കു നല്‍കിയിട്ടുണ്ടെന്ന മേത്ത പറഞ്ഞു.

മുകേഷ് സിങ്ങിനെ ഏകാന്ത തടവിലേക്കു മാറ്റിയിട്ടില്ലെന്ന് സോളിസിറ്റര്‍ പറഞ്ഞു. മുകേഷിനെ പ്രത്യേക സെല്ലിലേക്കു മാറ്റുകയാണ് ചെയ്തത്. അതു മുകേഷിന്റെ സുരക്ഷ കണക്കിലെടുത്തു തന്നെയാണെന്ന് സോളിസിറ്റര്‍ ജനറല്‍ വാദിച്ചു.

ജയിലില്‍ മോശം പെരുമാറ്റം അനുഭവിക്കേണ്ടിവന്നു എന്നത് ദയാഹര്‍ജി അനുവദിക്കാന്‍ കാരണമല്ല. ശിക്ഷ നടപ്പാക്കാന്‍ വൈകുന്നു എന്നു ചൂണ്ടിക്കാട്ടി ദയയ്ക്കു വേണ്ടി വാദിക്കാം. എന്നാല്‍ വേഗത്തില്‍ ദയാഹര്‍ജി തീര്‍പ്പാക്കി എന്നത് അതിനൊരു കാരണമല്ലെന്ന് സോളിസിറ്റര്‍ ജനറല്‍ പറഞ്ഞു. ദയാഹര്‍ജി അനുവദിച്ചാലും തള്ളിയാലും വേഗത്തില്‍ തീര്‍പ്പുണ്ടാവുക തന്നെയാണ് വേണ്ടതെന്ന് തുഷാര്‍ മേത്ത ചൂണ്ടിക്കാട്ടി. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com