ഞാന്‍ തീവ്രവാദിയാണോയെന്ന് ഡല്‍ഹിക്കാര്‍ തീരുമാനിക്കും; മറുപടിയുമായി കെജരിവാള്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 30th January 2020 01:36 PM  |  

Last Updated: 30th January 2020 01:36 PM  |   A+A-   |  

 

ന്യൂഡല്‍ഹി:  ബിജെപിയുടെ തീവ്രവാദി പരാമര്‍ശത്തില്‍ വികാരനിര്‍ഭരമായി പ്രതികരിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍. ഡല്‍ഹിയിലെ ജനങ്ങള്‍ക്ക് എങ്ങനെ തന്നെ തീവ്രവാദിയെന്ന് വിളിക്കാനാകുമെന്ന് അദ്ദേഹം ചോദിച്ചു. എല്ലാവര്‍ക്കും മരുന്നുകള്‍ നല്‍കി. ഡല്‍ഹി ജനതയ്ക്ക് ആവശ്യമായതെല്ലാം നല്‍കി. ഒരിക്കല്‍ പോലും താനെന്റെ കുടുംബത്തെക്കുറിച്ച് ചിന്തിച്ചിട്ടില്ല. രാജ്യത്തിനായി ജീവന്‍ പോലും നല്‍കാന്‍ താന്‍ തയ്യാറാണ്. അരവിന്ദ് കെജരിവാള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

കഴിഞ്ഞ അഞ്ചുവര്‍ഷമായി തന്റെ പോരാട്ടം അഴിമതിക്കെതിരെയായിരുന്നു. പാവങ്ങളെ സഹായിക്കുന്ന പദ്ധതികളാണ് സര്‍ക്കാര്‍ ആവിഷ്‌കരിച്ചത്. തന്റെ രോഗം പോലും മറന്നാണ് ജനങ്ങള്‍ക്കായി  പ്രവര്‍ത്തിച്ചതെന്നും കെജരിവാള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പ്രമേഹരോഗിയായ തനിക്ക് ദിവസം നാലുതവണ ഇന്‍സുലിന്‍ എടുക്കണം. തന്നോട് രാഷ്ട്രീയത്തില്‍ ഇറങ്ങരുതെന്ന് ഡോക്ടര്‍മാര്‍ ഉപദേശിച്ചിരുന്നതായും വാര്‍ത്താ സമ്മേളനത്തില്‍ കെജരിവാള്‍ പറഞ്ഞു

ഡല്‍ഹിയിലെ തെരഞ്ഞെടുപ്പ് റാലിയ്ക്കിടെ ബിജെപി എംപി പര്‍വേഷ് വര്‍മ്മയാണ് അരവിന്ദ് കെജരിവാളിനെ തീവ്രവാദിയെന്ന് വിളിച്ചത്. ഇതിന് പിന്നാലെ നിരവധി ബിജെപി നേതാക്കളും ഇത് ഏറ്റുപിടിച്ചു.  വര്‍മ്മയുടെ പരാമര്‍ശത്തിനെതിരെ ആംആദ്മി പാര്‍ട്ടി തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിട്ടുണ്ട്. പൗരത്വനിയമത്തിനെതിരെ ഷഹീന്‍ ബാഗില്‍ നടക്കുന്ന സമരത്തില്‍ ലക്ഷക്കണക്കിനാളുകളാണ് പങ്കെടുക്കുന്നത്. അവര്‍ നിങ്ങളുടെ സഹോദരിമാരെയും മക്കളെയും ബലാത്സംഗം ചെയ്യും. ഇപ്പോള്‍ രക്ഷിക്കാന്‍ മോദിയും അമിത് ഷായും ഉണ്ട്. നാളെ ആരും ഉണ്ടായി എന്നുവരില്ല. അതുകൊണ്ട് ഡല്‍ഹിയിലെ ജനങ്ങള്‍ ഉണരണമെന്നായിരുന്നു പര്‍വേഷ് വര്‍മ്മയുടെ പ്രസംഗം.