ജാമിയ വിദ്യാര്‍ഥികള്‍ക്കു നേരെ വെടിയുതിര്‍ത്തത് ബജ്‌റംഗ് ദള്‍ പ്രവര്‍ത്തകന്‍, അക്രമം നേരത്തെ പദ്ധതിയിട്ടതു പ്രകാരം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 31st January 2020 11:18 AM  |  

Last Updated: 31st January 2020 11:18 AM  |   A+A-   |  

 

ന്യൂഡല്‍ഹി: പൗരത്വനിയമ ഭേദഗതിക്കെതിരെ സമരം ചെയ്ത ജാമിയ മിലിയ സര്‍വകലാശാലയിലെ വിദ്യാര്‍ഥികള്‍ക്ക് നേരെ വെടിയുതിര്‍ത്തത് ബജ്‌റംഗ് ദള്‍ പ്രവര്‍കന്‍ എന്നു റിപ്പോര്‍ട്ടുകള്‍. ഇയാളുടെ പേരില്‍ കൊലപാതക ശ്രമത്തിന് കേസെടുത്തതായി ഡല്‍ഹി പൊലീസ് അറിയിച്ചു.
 

ബജ്‌റംഗ് ദള്‍ റാലികളില്‍ ഇയാള്‍ പങ്കെടുത്തതിന്റെ തെളിവുകള്‍ പുറത്ത് വന്നിട്ടുണ്ട്. ബജ്‌റംഗ് ദളിന്റെ സജീവ പ്രവര്‍ത്തകനാണ് ഇയാളെന്നാണ് റിപ്പോര്‍ട്ടുകള്‍. 17വയസുകാരനായ ഇയാള്‍ ഉത്തര്‍പ്രദേശില്‍ ഡല്‍ഹിയോടു ചേര്‍ന്ന പ്രദേശമായ ഗൗതംബുദ്ധനഗറില്‍നിന്നുള്ള 11ാം ക്ലാസ് വിദ്യാര്‍ഥിയാണ്. 

പൗരത്വനിയമ ഭേദഗതിക്കെതിരായി പ്രതിഷേധിക്കുന്നവരെ അക്രമിക്കാന്‍ ഇയാള്‍ നേരത്തെ തന്നെ പദ്ധതിയിട്ടിരുന്നതായാണ് പൊലീസ് പറയുന്നത്. അതിനായി തോക്കു സ്വന്തമാക്കുകയായിരുന്നു. 

വീട്ടില്‍നിന്നു വ്യാഴാഴ്ച രാവിലെയാണ് ഇയാള്‍ ഡല്‍ഹിയിലേക്ക് പുറപ്പെട്ടത്. സ്‌കൂളിലേക്ക് പോകുന്നുവെന്നാണ് വീട്ടിലറിയിച്ചത്. തുടര്‍ന്ന് ഡല്‍ഹിയിലേക്കുള്ള ബസില്‍ കയറുകയായിരുന്നു. സിഎഎക്കെതിരെ ജാമിയ വിദ്യാര്‍ഥികള്‍ നടത്തിവരുന്ന സമരത്തിനിടയില്‍ ഉച്ചയോടെ ചേര്‍ന്നു. ഉച്ചയ്ക്ക് 1.40 ഓടെ പ്രതിഷേധക്കാര്‍ക്കിടയില്‍ നിന്ന് തോക്കുമായി പുറത്തേക്കിറങ്ങി. ഇതാ നിങ്ങളുടെ സ്വാതന്ത്ര്യം എന്ന മുദ്രാവാക്യം മുഴക്കി പ്രതിഷേധക്കാര്‍ക്ക് നേരെ തോക്ക് ചൂണ്ടുകയും വെടിയുതിര്‍ക്കുകയുമായിരുന്നു. 

അക്രമത്തിന് മിനിറ്റുകള്‍ക്കുമുമ്പ്, 'ഷഹീന്‍ബാഗ് എന്ന കളി കഴിഞ്ഞു' എന്ന് ഫെയ്‌സ് ബുക്കില്‍ ഇയാള്‍ പോസ്റ്റ് ഇട്ടിരുന്നു. ആരുടെയും പ്രേരണയോടെയുമല്ല വെടിയുതിര്‍ത്തതെന്നും സ്വന്തം ഇഷ്ടപ്രകാരം ചെയ്തതാണെന്നുമാണ് ഇയാള്‍ പറഞ്ഞതെന്നാണ് പൊലീസ് ഭാഷ്യം.

അതിനിടെ ഇയാള്‍ വെടിയുതിര്‍ക്കുമ്പോള്‍ സമീപത്തുണ്ടായിരുന്ന പൊലീസ് സംഘം കാഴ്ചക്കാരായി നിന്നത് വിമര്‍ശനമുയര്‍ത്തിയിട്ടുണ്ട്.