മോദി എന്റെയും പ്രധാനമന്ത്രിയാണ്; ഞങ്ങളുടെ കാര്യത്തില്‍ തീവ്രവാദത്തിന്റെ സ്‌പോണ്‍സര്‍ ഇടപെടേണ്ട; പാക് മന്ത്രിയോട് കെജരിവാള്‍

By സമകാലിക മലയാളം ഡെസ്‌ക്  |   Published: 31st January 2020 08:12 PM  |  

Last Updated: 31st January 2020 08:12 PM  |   A+A-   |  

 

ന്യൂഡല്‍ഹി: ഡല്‍ഹി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രസ്താവന നടത്തിയ പാകിസ്ഥാന്‍ മന്ത്രിക്കെതിരെ രൂക്ഷ പ്രതികരണവുമായി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍. ഇന്ത്യയിലെ ജനങ്ങള്‍ മോദിയുടെ ഭ്രാന്തിനെ പരാജയപ്പെടുത്തണം എന്നുള്ള പാക് മന്ത്രി ചൗധരി ഫഹദ് ഹുസൈന്റെ ട്വീറ്റിന് എതിരെയാണ് കെജരിവാള്‍ രംഗത്ത് വന്നിരിക്കുന്നത്.

'നരേന്ദ്രമോദി ജി രാജ്യത്തിന്റെ പ്രധാനമന്ത്രിയാണ്. അദ്ദേഹം എന്റേയും പ്രധാനമന്ത്രിയാണ്. ഡല്‍ഹി തിരഞ്ഞെടുപ്പ് ഞങ്ങളുടെ രാജ്യത്തിന്റെ ആഭ്യന്തര വിഷയമാണ്. തീവ്രവാദത്തിന്റെ വലിയ സ്‌പോണ്‍സറായ പാക്കിസ്ഥാന്റെ ഇടപെടല്‍ ഞങ്ങള്‍ അനുവദിക്കില്ല.. നിങ്ങള്‍ എത്ര ശ്രമിച്ചാലും ഞങ്ങളുടെ രാജ്യത്തിന്റെ ഐക്യം തകര്‍ക്കാനാവില്ല.'-കെജരിവാള്‍ ട്വീറ്റ് ചെയ്തു. 

കശ്മീര്‍ വിഷയത്തിലും പൗരത്വ നിയമങ്ങളിലും തകരുന്ന സാമ്പത്തിക അവസ്ഥയിലും അകത്തുനിന്നും പുറത്തുനിന്നും പ്രത്യാഘാതങ്ങള്‍ ഏറ്റുവാങ്ങിയ മോദിക്ക് നിലതെറ്റിയിരിക്കുകയാണ് എന്നും പാക് മന്ത്രി പറഞ്ഞിരുന്നു.