നിര്‍ഭയ കേസ്: വധശിക്ഷ നാളെയില്ല; മരണ വാറന്റ് സ്റ്റേ ചെയ്തു

നിര്‍ഭയക്കേസിലെ പ്രതികളുടെ വധശിക്ഷ നീട്ടി. നാളെ വിധി നടപ്പാക്കില്ല. ഡല്‍ഹി പട്യാല ഹൗസ് കോടതിയുടെതാണ് വിധി
നിര്‍ഭയ കേസ്: വധശിക്ഷ നാളെയില്ല; മരണ വാറന്റ് സ്റ്റേ ചെയ്തു

ന്യൂഡല്‍ഹി: നിര്‍ഭയക്കേസിലെ പ്രതികളുടെ വധശിക്ഷ നീട്ടി. നാളെ വിധി നടപ്പാക്കില്ല. ഡല്‍ഹി പട്യാല ഹൗസ് കോടതിയുടെതാണ് വിധി. ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ വധശിക്ഷ നടപ്പാക്കരുത് എന്നാണ് ഉത്തരവിട്ടിരിക്കുന്നത്. മരണ വാറന്റ് സ്‌റ്റേ ചെയ്യണന്നെ പ്രതികളുടെ ആവശ്യം കോടതി അംഗീകരിച്ചു. മരണ വാറണ്ട് സ്‌റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് പവന്‍ ഗുപ്ത, വിനയ് കുമാര്‍ ശര്‍മ, അക്ഷയ് കുമാര്‍ എന്നിവര്‍ നല്‍കിയ ഹര്‍ജിയിലാണ് നടപടി. 

മരണ വാറണ്ട് അനിശ്ചിതമായി സ്‌റ്റേ ചെയ്യണമെന്ന്, പ്രതികള്‍ക്കു വേണ്ടി ഹാജരായ എപി സിങ് ആവശ്യപ്പെട്ടു. കുറ്റക്കാരെന്നു കണ്ടെത്തിയ ഇവര്‍ ഭീകരര്‍ അല്ലെന്ന് എപി സിങ് പറഞ്ഞു.

ഒരു കേസില്‍ ഒന്നിലേറെപ്പേര്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ടാല്‍, എല്ലാവരും നിയമപരമായി സാധ്യമായ പരിഹാര മാര്‍ഗങ്ങള്‍ തേടിയ ശേഷം മാത്രമേ ശിക്ഷ നടപ്പാക്കാവൂ എന്ന് ജയില്‍ ചട്ടം വ്യക്തമാക്കുന്നുണ്ടെന്ന് എപി സിങ് വാദിച്ചു.

കുറ്റം ചെയ്യുമ്പോള്‍ പ്രായപൂര്‍ത്തിയായിരുന്നില്ലെന്ന ഹര്‍ജി തള്ളിയ വിധിക്കെതിരെ പവന്‍ കുമാര്‍ ഗുപ്ത സുപ്രീം കോടതിയില്‍ പുനപ്പരിശോധനാ ഹര്‍ജി നല്‍കിയതും എപി സിങ് ചൂണ്ടിക്കാട്ടി. അക്ഷയ് കുമാര്‍ നല്‍കിയ തിരുത്തല്‍ ഹര്‍ജി സുപ്രീം കോടതി തള്ളി. ഈ ഉത്തരവിന്റെ പകര്‍പ്പു ലഭിച്ചാലുടന്‍ രാഷ്ട്രപതിക്കു ദയാഹര്‍ജി നല്‍കാനിരിക്കുകയാണ് എപി സിങ് പറഞ്ഞു.

തൂക്കിലേറ്റാനുള്ള ഉത്തരവ് ഒരുമിച്ചുള്ളതാണെന്ന് മുകേഷ് സിങ്ങിന്റെ അഭിഭാഷക വൃന്ദാ ഗ്രോവര്‍ പറഞ്ഞു. ഈ ഉത്തരവ് വെവ്വേറെ നടപ്പാക്കാനാവില്ല. അതുകൊണ്ട് മുകേഷ് സിങ്ങിന്റെ വധശിക്ഷ മാത്രമായി നടപ്പാക്കരുത്. മരണ വാറണ്ട് സ്‌റ്റേ ചെയ്യണമെന്ന് വൃന്ദാ ഗ്രോവര്‍ ആവശ്യപ്പെട്ടു. ദയാഹര്‍ജി തള്ളിയതിന് എതിരായ ഹര്‍ജി സുപ്രീം കോടതിയും തള്ളിയതോടെ മുകേഷ് സിങ്ങിനു മുന്നില്‍ ഇനി നിയമപരമായ പരിഹാര മാര്‍ഗങ്ങളൊന്നും ബാക്കിയില്ല.

ദയാഹര്‍ജി നല്‍കിയിട്ടുള്ള വിനയ് ശര്‍മ ഒഴികെയുള്ളവരുടെ വധശിക്ഷ നടപ്പാക്കുന്നതിന് തടസ്സമില്ലെന്ന് പ്രോസിക്യൂട്ടര്‍  കോടതിയെ അറിയിച്ചു.

കുറ്റകൃത്യം ചെയ്യുമ്പോള്‍ പ്രായപൂര്‍ത്തിയായിരുന്നില്ലെന്ന ഹര്‍ജി തള്ളിയതിനെതിരെ പ്രതി പവന്‍ കുമാര്‍ നല്‍കിയ പുനപ്പരിശോധനാ ഹര്‍ജി സുപ്രീം കോടതി തള്ളിയിരുന്നു. ജസ്റ്റിസുമാരായ ആര്‍ ഭാനുമതി, അശോക് ഭൂഷണ്‍, എഎസ് ബൊപ്പണ്ണ എന്നിവര്‍ അടങ്ങിയ ബെഞ്ച് ചേംബറിലാണ് റിവ്യൂ ഹര്‍ജി പരിഗണിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com