പൗരത്വ നിയമ ഭേദഗതിയിലൂടെ യാഥാര്‍ഥ്യമായത് ഗാന്ധിജിയുടെ സ്വപ്നം: നയപ്രഖ്യാപന പ്രസംഗത്തില്‍ രാഷ്ട്രപതി 

പ്രതിഷേധത്തിന്റെ പേരില്‍ നടക്കുന്ന അക്രമങ്ങള്‍ സമൂഹത്തെയും രാജ്യത്തെയും ദുര്‍ബലമാക്കുമെന്ന് രാഷ്ട്രപതി
പൗരത്വ നിയമ ഭേദഗതിയിലൂടെ യാഥാര്‍ഥ്യമായത് ഗാന്ധിജിയുടെ സ്വപ്നം: നയപ്രഖ്യാപന പ്രസംഗത്തില്‍ രാഷ്ട്രപതി 

ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതി പാര്‍ലമെന്റ് പാസാക്കിയതിലൂടെ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ ആഗ്രഹമാണ് യാഥാര്‍ഥ്യമായതെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. ചരിത്രപരമായ നിയമമാണ് ഇതെന്ന് പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിനു തുടക്കം കുറിച്ചുകൊണ്ടുള്ള നയപ്രഖ്യാപന പ്രസംഗത്തില്‍ രാഷ്ട്രപതി പറഞ്ഞു.

പാകിസ്ഥാനില്‍ ന്യൂനപക്ഷ സമുദായങ്ങള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങളെ രാഷ്ട്രപതി അപലപിച്ചു. ഇക്കാര്യത്തില്‍ രാജ്യാന്തര സമൂഹത്തിന്റെ ഇടപെടല്‍ വേണമെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയില്‍ എല്ലാ മതത്തില്‍ പെട്ടവര്‍ക്കും പൗരത്വം ലഭിക്കുന്നതിനു വ്യവസ്ഥയുണ്ട്. ആ വ്യവസ്ഥകള്‍ അങ്ങനെ തന്നെ നിലനില്‍ക്കുന്നുവെന്ന് രാഷ്ട്രപതി പറഞ്ഞു. 

പ്രതിഷേധത്തിന്റെ പേരില്‍ നടക്കുന്ന അക്രമങ്ങള്‍ സമൂഹത്തെയും രാജ്യത്തെയും ദുര്‍ബലമാക്കുമെന്ന് രാഷ്ട്രപതി പറഞ്ഞു. പൗരത്വ നിയമ ഭേദഗതിയെക്കുറിച്ച് രാഷ്ട്രപതി നടത്തിയ പരാമര്‍ശങ്ങള്‍ സഭയില്‍ ചെറിയ ബഹളത്തിന് ഇടയാക്കി. ഭരണപക്ഷ അംഗങ്ങള്‍ ഡെസ്‌കില്‍ അടിച്ചും പ്രതിപക്ഷം ശബ്ദമുണ്ടാക്കിയും പ്രതികരിച്ചു.

ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ നടപടി ചരിത്രപരമാണ്. മൂന്നില്‍ രണ്ടു ഭൂരിപക്ഷത്തോടെയാണ് സഭ അതു പാസാക്കിയത്. ജമ്മു, കശ്മീര്‍, ലഡാക്ക് മേഖലകളുടെ തുല്യമായ വികസനത്തിന് അതു വഴിവയ്ക്കുമെന്ന് രാഷ്ട്രപതി പറഞ്ഞു. ജമ്മു കശ്മീരിലെയും ലഡാക്കിലെയും ജനങ്ങള്‍ രാജ്യത്തിന്റെ ഇതര ഭാഗങ്ങളിലെ ജനങ്ങള്‍ക്കു തുല്യര്‍ ആവുന്നത് സന്തോഷകരമായ കാര്യമാണെന്ന് രാഷ്ട്രപതി പറഞ്ഞു.

സര്‍ക്കാര്‍ സ്ഥാനമേറ്റ ഏഴു മാസത്തിനകം തന്നെ നിര്‍ണായകമായ പല നിയമങ്ങളും കൊണ്ടുവരാന്‍ കഴിഞ്ഞു. ഈ ദശകത്തെ ഇന്ത്യയുടെ ദശകമായും നൂറ്റാണ്ടിനെ ഇന്ത്യയുടെ നൂറ്റാണ്ടായും മാറ്റുന്നതിനുള്ള ശക്തമായ ശ്രമങ്ങളാണ് സര്‍ക്കാര്‍ നടത്തുന്നത്. 

ഭീകരതയെ നേരിടാന്‍ സേനാ വിഭാഗങ്ങള്‍ക്കു പൂര്‍ണ സ്വാതന്ത്ര്യം നല്‍കിയിരിക്കുകയാണ് സര്‍ക്കാര്‍. മൂന്നു സേനാ വിഭാഗങ്ങള്‍ക്കും കൂടി സംയുക്ത തലവന്‍ വന്നതോടെ സൈന്യത്തിന്റെ ഏകോപനം കൂടുതല്‍ ഫലപ്രദമാവും. 

സ്ത്രീകളുടെ സുരക്ഷയ്ക്ക് അതിയായ പ്രാമുഖ്യമാണ് സര്‍ക്കാര്‍ നല്‍കുന്നത്. സ്ത്രീകള്‍ക്കെതിരായ അതിക്രമ കേസുകള്‍ വിചാരണ ചെയ്യാന്‍ ആയിരം കോടതികള്‍ സ്ഥാപിക്കുമെന്ന് രാഷ്ട്രപതി നയപ്രഖ്യാപന പ്രസംഗത്തില്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com