'ഇംഗ്ലീഷ് വേണ്ട, മറാത്തി മതി' ; ഓഫീസുകളിൽ മറാത്തി നിർബന്ധമാക്കി സര്‍ക്കാര്‍ ; നിയമം ലംഘിക്കുന്നവരുടെ ഇന്‍ക്രിമെന്റ് തടയുമെന്ന് ഉത്തരവ്

കോണ്‍ഫിഡന്‍ഷ്യല്‍ റിപ്പോര്‍ട്ട് അടക്കം എല്ലാ എഴുത്തുകളും റിപ്പോര്‍ട്ടുകളും മറാത്തി ഭാഷയില്‍ തയ്യാറാക്കണമെന്ന് ഉത്തരവില്‍ വ്യക്തമാക്കുന്നു
'ഇംഗ്ലീഷ് വേണ്ട, മറാത്തി മതി' ; ഓഫീസുകളിൽ മറാത്തി നിർബന്ധമാക്കി സര്‍ക്കാര്‍ ; നിയമം ലംഘിക്കുന്നവരുടെ ഇന്‍ക്രിമെന്റ് തടയുമെന്ന് ഉത്തരവ്


മുംബൈ : ഔദ്യോഗിക കത്തിടപാടുകള്‍ അടക്കമുള്ള എല്ലാ പ്രവൃത്തികള്‍ക്കും മറാത്തി ഭാഷ ഉപയോഗിച്ചാല്‍ മതിയെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍. മറാത്തി നിര്‍ബന്ധമാക്കിക്കൊണ്ടുള്ള സര്‍ക്കുലര്‍ സര്‍ക്കാര്‍ പുറത്തിറക്കി. എല്ലാ സര്‍ക്കാര്‍ വകുപ്പ് മേധാവിമാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ഉത്തരവ് നല്‍കി.

മറാത്തി ഭാഷ വകുപ്പാണ് ഉത്തരവ് പുറത്തിറക്കിയത്. കോണ്‍ഫിഡന്‍ഷ്യല്‍ റിപ്പോര്‍ട്ട് അടക്കം എല്ലാ എഴുത്തുകളും റിപ്പോര്‍ട്ടുകളും മറാത്തി ഭാഷയില്‍ തയ്യാറാക്കണമെന്ന് വകുപ്പ് മേധാവികള്‍ക്ക് അയച്ച ഉത്തരവില്‍ വ്യക്തമാക്കുന്നു. നിയമം ലംഘിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് ശിക്ഷാനടപടിയുടെ ഭാഗമായി വാര്‍ഷിക ഇന്‍ക്രിമെന്റ് തടഞ്ഞുവെക്കുമെന്നും സര്‍ക്കുലറില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

നിരവധി വകുപ്പുകളും സര്‍ക്കാര്‍ വെബ്‌സൈറ്റുകളും ഇപ്പോഴും ഇംഗ്ലീഷ് ഭാഷയെയാണ് ഔദ്യോഗിക മാധ്യമമായി ഉപയോഗിക്കുന്നത്. തദ്ദേശസ്ഥാപനങ്ങളും ഉത്തരവുകള്‍ ഇംഗ്ലീഷിലാണ് പുറപ്പെടുവിക്കുന്നത്. ഇതിനെതിരെ നിരവധി പരാതികളാണ് പൊതുജനങ്ങളുടെ ഭാഗത്തുനിന്നും ലഭിക്കുന്നതെന്ന് സര്‍ക്കാര്‍ പുറത്തിറക്കിയ സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു.

ഔദ്യോഗിക എഴുത്തുകുത്തുകള്‍ക്ക് മറാത്തി നിര്‍ബന്ധമായും ഉപയോഗിക്കണമെന്ന് നേരത്തെ സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ഇത് പാലിക്കപ്പെട്ടിട്ടില്ല. ഇതേത്തുടര്‍ന്നാണ് മറാത്തി നിര്‍ബന്ധമാക്കി പുതിയ ഉത്തരവ് പുറപ്പെടുവിച്ചതെന്ന് മറാത്തി ഭാഷാ വകുപ്പ് അറിയിച്ചു.

ഫെബ്രുവരിയില്‍ അസംബ്ലിയിലെ ബജറ്റ് സമ്മേളനത്തില്‍ സംസ്ഥാനത്തെ സ്‌കൂളുകളില്‍ മറാത്തി ഭാഷ നിര്‍ബന്ധമാക്കി നിയമം പാസ്സാക്കിയിരുന്നു. 2020-21 അധ്യയന വര്‍ഷം സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളിലും മറാത്തി നിര്‍ബന്ധമാക്കുമെന്ന് മറാത്തി ഭാഷ വകുപ്പ് മന്ത്രി സുഭാഷ് ദേശായിയും വിദ്യാഭ്യാസമന്ത്രി വര്‍ഷന്‍ ഗെയ്ക്ക്‌വാദും അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com