പ്രിയങ്കാ ഗാന്ധി ഔദ്യോഗിക വസതി ഒഴിയണം;  ഓഗസ്റ്റ് ഒന്നിന് മുന്‍പ് ഒഴിഞ്ഞില്ലെങ്കില്‍ കര്‍ശന നടപടിയെന്ന് കേന്ദ്രം

എസ്പിജി സുരക്ഷ ഒഴിവാക്കിയ സാഹചര്യത്തില്‍  കേന്ദ്ര നഗരകാര്യ ഭവന മന്ത്രാലയമാണ് നോട്ടീസ് നല്‍കിയത്
പ്രിയങ്കാ ഗാന്ധി ഔദ്യോഗിക വസതി ഒഴിയണം;  ഓഗസ്റ്റ് ഒന്നിന് മുന്‍പ് ഒഴിഞ്ഞില്ലെങ്കില്‍ കര്‍ശന നടപടിയെന്ന് കേന്ദ്രം

ന്യൂഡല്‍ഹി:  കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധിയോട് ഔദ്യോഗിക വസതി ഒഴിയാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം. ആഗസ്റ്റ് ഒന്നിന് മുമ്പ് ബംഗ്ലാവ് ഒഴിയണം എന്നാണ് നിര്‍ദേശം. എസ്പിജി സുരക്ഷ ഒഴിവാക്കിയ സാഹചര്യത്തില്‍  കേന്ദ്ര നഗരകാര്യ ഭവന മന്ത്രാലയമാണ് നോട്ടീസ് നല്‍കിയത്. ലോധി റോഡിലെ അതീവ സുരക്ഷയുള്ള മേഖലയിലാണ് പ്രിയങ്ക ഗാന്ധിയുടെ ഔദ്യോഗിക വസതി. ഓഗസ്റ്റ് ഒന്നിന് ശേഷവും ഒഴിഞ്ഞില്ലെങ്കില്‍ പിഴയീടാക്കുമെന്നും കര്‍ശന നടപടി സ്വീകരിക്കുമെന്നും കേന്ദ്രം അറിയിച്ചു.

പ്രിയങ്ക ഗാന്ധിക്ക് ലോധി റോഡിലെ 6ബി ഹൗസിലേക്കുള്ള അലോട്ട്‌മെന്റ് ഇന്ന് മുതല്‍ കേന്ദ്രസര്‍ക്കാര്‍ അവസാനിപ്പിച്ചിരിക്കുകയാണ്. ഒരുമാസത്തിനകം ഒഴിഞ്ഞു പോകണമെന്നാണ് നിര്‍ദേശം. ഓഗസ്റ്റ് ഒന്നിന് ശേഷവും ഒഴിഞ്ഞില്ലെങ്കില്‍ കടുത്ത പിഴയീടാക്കാനാണ് സര്‍ക്കാര്‍ തീരുമാനം.

പ്രിയങ്ക ഗാന്ധിയുടെ എസ്പിജി സുരക്ഷ അടുത്തിടെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം എടുത്തു മാറ്റിയിരുന്നു. നിലവില്‍ ഇസഡ് പ്ലസ് സുരക്ഷയാണ് നല്‍കുന്നത്. സിആര്‍പിഎഫ് സൈനികരുടെ സുരക്ഷയാണിത്. ഈ സുരക്ഷയുള്ളവര്‍ക്ക് സര്‍ക്കാരിന്റെ ബംഗ്ലാവ് ഉപയോഗിക്കാന്‍ വകുപ്പില്ലെന്നാണ് ഭവന കാര്യ മന്ത്രാലയം അറിയിച്ചത്.

കഴിഞ്ഞ നവംബറിലാണ് ഗാന്ധി കുടുംബത്തിന്റെ എസ്പിജി സുരക്ഷ കേന്ദ്ര ആഭ്യന്തര മന്ത്രാലയം എടുത്തുകളഞ്ഞത്. സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരുടെ എല്ലാം എസ്പിജി സുരക്ഷ ഒഴിവാക്കിയിട്ടുണ്ട്. ഇവര്‍ക്ക് ഇസഡ് പ്ലസ് സുരക്ഷയാണ് ഇപ്പോള്‍ നല്‍കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com