തൂത്തുക്കുടി കസ്റ്റഡി മരണം; ഇന്‍സ്‌പെക്ടര്‍ ഉള്‍പ്പെടെ അഞ്ചു പൊലീസുകാര്‍ അറസ്റ്റില്‍; സാത്താന്‍കുളത്ത് പടക്കംപൊട്ടിച്ച് നാട്ടുകാരുടെ ആഘോഷം (വീഡിയോ)

ഇന്‍സ്‌പെക്ടര്‍ ശ്രീധര്‍, എസ്‌ഐ ബാലകൃഷ്ണന്‍, കോണ്‍സ്റ്റബിള്‍മാരായ മുത്തുരാജ്,മുരുകന്‍ എന്നിവരാണ് ഇന്ന് പുലര്‍ച്ചെ അറസ്റ്റിലായത്
തൂത്തുക്കുടി കസ്റ്റഡി മരണം; ഇന്‍സ്‌പെക്ടര്‍ ഉള്‍പ്പെടെ അഞ്ചു പൊലീസുകാര്‍ അറസ്റ്റില്‍; സാത്താന്‍കുളത്ത് പടക്കംപൊട്ടിച്ച് നാട്ടുകാരുടെ ആഘോഷം (വീഡിയോ)


തൂത്തുക്കുടി: തൂത്തുക്കുടി ലോക്കപ്പ് മര്‍ദനത്തില്‍ അച്ഛനും മകനും കൊല്ലപ്പെട്ട കേസില്‍ അറസ്റ്റിലായ പൊലീസുകാരുടെ എണ്ണം അഞ്ചായി. ഇന്‍സ്‌പെക്ടര്‍ ശ്രീധര്‍, എസ്‌ഐ ബാലകൃഷ്ണന്‍, കോണ്‍സ്റ്റബിള്‍മാരായ മുത്തുരാജ്,മുരുകന്‍ എന്നിവരാണ് ഇന്ന് പുലര്‍ച്ചെ അറസ്റ്റിലായത്. മറ്റൊരു പ്രതി എസ്‌ഐ രഘു ഗണേഷിനെ കഴിഞ്ഞദിവസം രാത്രി അറസ്റ്റ് ചെയ്തിരുന്നു. പ്രതികള്‍ക്ക് എതിരെ കൊലക്കുറ്റം ചുമത്തി.

പൊലീസുകാരെ അറസ്റ്റ് ചെയ്തതിന് പിന്നാലെ സാത്താന്‍കുളത്ത് നാട്ടുകാര്‍ പടക്കം പൊട്ടിച്ച് ആഘോഷം നടത്തി. പൊലീസുകാര്‍ക്കെതിരെ ജുഡീഷ്യല്‍ കമ്മീഷന്‍ ഗുരുതര ആരോപണങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്. ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ നിസഹകരിച്ചതായും സ്‌റ്റേഷനിലെത്തിയ കമ്മീഷനെ പൊലീസ് ഭീഷണിപ്പെടുത്തിയതായും കമ്മീഷന്‍ വെളിപ്പെടുത്തി. സുപ്രധാന തെളിവുകള്‍ കാണാനില്ലെന്നും റിപ്പോര്‍ട്ടിലുണ്ടായിരുന്നു.

അതേസമയം തൂത്തുക്കുടി കസ്റ്റഡി മരണത്തില്‍ പൊലീസ് വാദം തെറ്റെന്ന് തെളിയിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്തു വന്നു. കടയിലെ സിസിടിവി ദൃശ്യങ്ങളാണ് പുറത്തു വന്നിരിക്കുന്നത്. പൊലീസിനെ ബെനിക്‌സ് മര്‍ദ്ദിച്ചെന്നായിരുന്നു എഫ്‌ഐആര്‍. എന്നാല്‍, പൊലീസിനോട് സംസാരിച്ച് ബെനിക്‌സ് മടങ്ങി വരുന്നത് ദൃശ്യങ്ങളിലുണ്ട്. കടയ്ക്ക് മുന്നില്‍ വന്‍ സംഘര്‍ഷമോ വന്‍ ജനക്കൂട്ടമോ ഉണ്ടായിരുന്നില്ലെന്നും ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്.

ബെനിക്‌സിന്റെ മൊബൈല്‍ കടയില്‍ രാത്രി ഒമ്പതു മണിക്ക് വന്‍ ജനകൂട്ടം ആയിരുന്നെവന്നും ഇത് ചോദ്യം ചെയ്ത പൊലീസിനെ ബെനിക്‌സ് ആക്രമിച്ചുവെന്നുമാണ് എഫ്‌ഐആര്‍. കസ്റ്റഡിയിലെടുക്കാന്‍ ശ്രമിച്ചപ്പോള്‍ ബലം പ്രയോഗിച്ചുവെന്നും പരിക്കേറ്റെന്നുമാണ് വാദം.

പൊലീസുകാര്‍ക്ക് എതിരെ വനിതാ കോണ്‍സ്റ്റബിള്‍ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിന് നല്‍കിയ മൊഴി കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. കൊല്ലപ്പെട്ട ജയരാജിനെയും മകന്‍ ബെനിക്‌സിനെയും പൊലീസുകാര്‍ രാത്രിമുഴുവന്‍ മര്‍ദിച്ചെന്ന് വനിതാ ഹെഡ് കോണ്‍സ്റ്റബിള്‍ രേവതി മൊഴി നല്‍കി.

മദ്രാസ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പ്രതികളായ പൊലീസുകാരില്‍ നിന്ന് വനിതാ ഹെഡ് കോണ്‍സ്റ്റബളിന് ഭീഷണിയുണ്ടെന്ന് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് വ്യക്തമാക്കി. രേവതിക്കും കുടുംബത്തിനും സംരക്ഷണം നല്‍കാന്‍ കോടതി നിര്‍ദേശിച്ചു.

'ലാത്തികള്‍ ഉപയോഗിച്ച് രണ്ടുപേരേയും പൊലീസുകാര്‍ രാത്രിമുഴുവന്‍ മര്‍ദിച്ചുകൊണ്ടേയിരുന്നു. ലാത്തികളിലും മേശയിലും നിറയെ രക്തമായിരുന്നു. ഇത് പൊലീസുകാര്‍ മായ്ച്ചുകളയാന്‍ ശ്രമിച്ചു.'  രേവതി മൊഴിയില്‍ പറയുന്നു.

സാത്താന്‍കുളം സ്‌റ്റേഷനിലെ പൊലീസുകാര്‍ അന്വേഷണത്തിനോട് സഹകരിക്കുന്നില്ലെന്നും സുരക്ഷ ഉറപ്പുതരാമെന്ന് വാക്കുകൊടുത്തതിന് ശേഷമാണ് മൊഴി രേഖപ്പെടുത്തിയതില്‍ ഒപ്പുവയ്ക്കാന്‍ രേവതി തയ്യാറായതെന്നും ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് വ്യക്തമാക്കി.

അന്വേഷണത്തിനായി ജൂണ്‍ 28ന് സ്‌റ്റേഷനില്‍ എത്തിയപ്പോള്‍ ആരും തന്നോട് സഹകരിച്ചില്ല. ഒരു പൊലീസുകാരന്റെ ശരീരഭാഷ ഭയപ്പെടുത്തുന്നതുപോലെയായിരുന്നു. ഒരു കോണ്‍സ്റ്റബിള്‍ തന്നെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ സംസാരിക്കുകയും ചെയ്‌തെന്നും മജിസ്‌ട്രേറ്റ് വ്യക്തമാക്കി.

എഎസ്പി ഡി കുമാര്‍, ഡിഎസ്പി സി പ്രതാപന്‍, കോണ്‍സ്റ്റബിള്‍ മഹാരാജന്‍ എന്നിവര്‍ കോടതിയില്‍ ഹാജരായി. അമിത സമ്മര്‍ദ്ദത്തില്‍ ആയിരുന്നതിനാലാണ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിനോട് മോശം രീതിയില്‍ പെരുമാറിയതെന്നും തെറ്റുപറ്റിയെന്നുമായിരുന്നു കോണ്‍സ്റ്റബിള്‍ മഹാരാജന്റെ  വിശദീകരണം.

സിസി ടിവി ഹാര്‍ഡ് ഡിസ്‌കില്‍ വേണ്ടത്ര സ്്‌പെയിസ് ഉണ്ടായിരുന്നിട്ടും ഒരു ദിവസത്തെ ദൃശ്യം താനെ ഡിലീറ്റ് ആകുന്ന തരത്തിലാണ് ക്രമീകരിച്ചിരിക്കുന്നതെന്നും മജിസ്‌ട്രേറ്റ് വ്യക്തമാക്കി.

ലോക്ഡൗണ്‍ ലംഘിച്ചു മൊബൈല്‍ഫോണ്‍ കട  തുറന്നുവെന്നാരോപിച്ച് സാത്താന്‍കുളം പൊലീസ് കസ്റ്റഡിയിലെടുത്ത ജയരാജ് (62), മകന്‍ ബെനിക്‌സ് (32) എന്നിവര്‍ മരിച്ച സംഭവത്തില്‍ സ്വമേധയാ കേസെടുത്ത മദ്രാസ് ഹൈക്കോടതി മധുര ബെഞ്ച്, ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com