യശോധര രാജെ സിന്ധ്യ അടക്കം 28 മന്ത്രിമാര്‍ കൂടി ; മധ്യപ്രദേശില്‍ ശിവരാജ് സിങ് ചൗഹാന്‍ മന്ത്രിസഭ വികസിപ്പിച്ചു ( വീഡിയോ)

ശിവരാജ് സിങ് ചൗഹാന്‍ അധികാരമേറ്റ് മൂന്നുമാസത്തിന് ശേഷമാണ് മന്ത്രിസഭ വികസിപ്പിക്കുന്നത്
യശോധര രാജെ സിന്ധ്യ അടക്കം 28 മന്ത്രിമാര്‍ കൂടി ; മധ്യപ്രദേശില്‍ ശിവരാജ് സിങ് ചൗഹാന്‍ മന്ത്രിസഭ വികസിപ്പിച്ചു ( വീഡിയോ)

ഭോപ്പാല്‍ : മധ്യപ്രദേശില്‍ ശിവരാജ് സിങ് ചൗഹാന്റെ നേതൃത്വത്തിലുള്ള ബിജെപി മന്ത്രിസഭ വികസിപ്പിച്ചു. 28 പുതിയ മന്ത്രിമാരെ ഉള്‍പ്പെടുത്തിയാണ് മന്ത്രിസഭ വികസിപ്പിച്ചത്. കോണ്‍ഗ്രസ് വിട്ട് ബിജെപി പാളയത്തിലെത്തിയ ജ്യോതിരാദിത്യ സിന്ധ്യയെ അനുകൂലിക്കുന്നവരാണ് പുതിയ മന്ത്രിമാരില്‍ ഏറിയ പങ്കുമെന്നാണ് റിപ്പോര്‍ട്ട്.

ശിവരാജ് സിങ് ചൗഹാന്‍ അധികാരമേറ്റ് മൂന്നുമാസത്തിന് ശേഷമാണ് മന്ത്രിസഭ വികസിപ്പിക്കുന്നത്. മന്ത്രിസ്ഥാനത്തെച്ചൊല്ലി പാര്‍ട്ടിയിലെ കലഹമാണ് മന്ത്രിസഭാ വികസനം വൈകിപ്പിച്ചത്. ഗവര്‍ണര്‍ ലാല്‍ജി ടണ്ഠന്‍ അസുഖബാധിതനായി ചികില്‍സയിലായതിനാല്‍, ഗവര്‍ണറുടെ അധിക ചുമതല വഹിക്കുന്ന യു പി ഗവര്‍ണര്‍ ആനന്ദി ബെന്‍ പട്ടേലാണ് പുതിയ മന്ത്രിമാര്‍ക്ക് സത്യവാചകം ചൊല്ലിക്കൊടുത്തത്.

ജ്യോതിരാദിത്യ സിന്ധ്യയുടെ പിതൃസഹോദരിയും ബിജെപി എംഎല്‍എയുമായ യശോധര രാജെ സിന്ധ്യയും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തവരില്‍ ഉള്‍പ്പെടുന്നു. ബിജെപി നേതാക്കളായ ഗോപാല്‍ ഭാര്‍ഗവ, ഭൂപേന്ദ്ര സിങ്, അരവിന്ദ് ഭഡോരിയ, പ്രഭുറാം ചൗധരി, പ്രദ്യുമാന്‍ സിങ് തോമര്‍, ഐദല്‍ സിങ് കന്‍സാന തുടങ്ങിയവര്‍ മന്ത്രിസഭയില്‍ ഉള്‍പ്പെടുന്നു.

20 ക്യാബിനറ്റ് മന്ത്രിമാരും എട്ടു സഹമന്ത്രിമാരുമാണ് സത്യവാചകം ചൊല്ലി അധികാരമേറ്റത്. സത്യപ്രതിജ്ഞാചടങ്ങ് വീക്ഷിക്കാന്‍ ജ്യോതിരാദിത്യ സിന്ധ്യയും രാജ്ഭവനില്‍ എത്തിയിരുന്നു. മാര്‍ച്ചില്‍ ശിവരാജ് സിങ് ചൗഹാന്‍ അധികാരമേറ്റെങ്കിലും മന്ത്രിസഭ വികസിപ്പിച്ചിരുന്നില്ല. കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ അടക്കം താളം തെറ്റിയതായി വിമര്‍ശനം ഉയര്‍ന്നതോടെ, നാലു മന്ത്രിമാരെ ഉള്‍പ്പെടുത്തി താല്‍ക്കാലികമായി വികസിപ്പിക്കുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com