11,000 അടി ഉയരത്തില്‍ പ്രധാനമന്ത്രി; മിന്നല്‍ സന്ദര്‍ശനം ; അഭിവാദ്യം ചെയ്ത് സൈനികര്‍ ( വീഡിയോ )

സംയുക്ത സേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്ത്, കരസേന മേധാവി ജനറല്‍ മനോജ് മുകുന്ദ് നാരാവ്‌നെ എന്നിവര്‍ പ്രധാനമന്ത്രിയെ അനുഗമിച്ചിരുന്നു
11,000 അടി ഉയരത്തില്‍ പ്രധാനമന്ത്രി; മിന്നല്‍ സന്ദര്‍ശനം ; അഭിവാദ്യം ചെയ്ത് സൈനികര്‍ ( വീഡിയോ )

ലഡാക്ക് : ചൈനയുമായുള്ള അതിര്‍ത്തി സംഘര്‍ഷം തുടരുന്നതിനിടെ തീര്‍ത്തും അപ്രതീക്ഷിതമായിട്ടായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനം. രാവിലെ 8.15 നാണ് മോദി കശ്മീരിലെ ലേയിലെത്തിയത്. സംയുക്ത സേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്ത്, കരസേന മേധാവി ജനറല്‍ മനോജ് മുകുന്ദ് നാരാവ്‌നെ എന്നിവര്‍ പ്രധാനമന്ത്രിയെ അനുഗമിച്ചിരുന്നു.

ലേയിലെ സന്ദര്‍ശനത്തിന് ശേഷം പ്രധാനമന്ത്രി നേരെ 35 കിലോമീറ്റര്‍ അകലെയുള്ള നിമു സൈനിക പോസ്റ്റിലെത്തി. 11,000 അടി ഉയരത്തിലാണ് നിമു സൈനിക പോസ്റ്റ് സ്ഥിതി ചെയ്യുന്നത്. ഇന്‍ഡസ് നദീതീരത്തോട് ചേര്‍ന്നുള്ള, സന്‍സ്‌കാര്‍ റേഞ്ചുമായി ചുറ്റപ്പെട്ട, ലോകത്തെ തന്നെ ഏറ്റവും ദുര്‍ഘടമായ യുദ്ധഭൂമികളിലൊന്നാണ് നിമു.

ഇവിടെയെത്തിയ പ്രധാനമന്ത്രി കരസേന, വ്യോമസേന, ഇന്‍ഡോ ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസ് എന്നീ വിഭാഗങ്ങളിലെ സൈനികരുമായി കൂടിക്കാഴ്ച നടത്തി. മേഖലയില്‍ വ്യോമാര്‍ഗം നിരീക്ഷണം നടത്തിയ പ്രധാനമന്ത്രിയ്ക്ക്, നിമുവില്‍ ലഫ്റ്റനന്റ് ജനറല്‍ ഹരീന്ദര്‍ സിംഗ് മേഖലയിലെ സ്ഥിതിഗതികള്‍ വിശദീകരിച്ചു കൊടുത്തു.

ഗാല്‍വാന്‍ താഴ് വരയില്‍ ചൈനയുമായുള്ള അതിര്‍ത്തി തര്‍ക്കത്തെത്തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ 20 ഇന്ത്യന്‍ സൈനികരാണ് കൊല്ലപ്പെട്ടത്. ആഴ്ചകളോളം നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍  പിന്മാറ്റത്തിന് തയ്യാറാണെന്ന് ചൈന സമ്മതിച്ചിരുന്നു. എന്നാല്‍ താഴ് വരയിലെ തന്ത്രപ്രധാനമായ പ്രദേശങ്ങള്‍ തങ്ങളുടെ അധീനതയിലുള്ളതാണെന്ന് ചൈന ആവര്‍ത്തിക്കുന്നുണ്ട്. പാംഗോങിലും ഡെസ്പാങ്ങിലുമെല്ലാം സൈന്യത്തെ പിന്‍വലിക്കില്ലെന്ന് ചൈന വ്യക്തമാക്കിയിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com