150 പേര്‍ക്ക് ഒറ്റ ടൊയ്‌ലറ്റ്, മൂത്രത്തിന്റെയും വിയര്‍പ്പിന്റെയും നാറ്റം; ജയിലിലെ അവസ്ഥ വിവരിച്ച് ഡോ. കഫീല്‍ ഖാന്റെ കത്ത്, വിവാദം

150 പേര്‍ക്ക് ഒറ്റ ടൊയ്‌ലറ്റ്, മൂത്രത്തിന്റെയും വിയര്‍പ്പിന്റെയും നാറ്റം; ജയിലിലെ അവസ്ഥ വിവരിച്ച് ഡോ. കഫീല്‍ ഖാന്റെ കത്ത്, വിവാദം
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

മഥുര: ഗൊരഖ്പുര്‍ മെഡിക്കല്‍ കോളജില്‍നിന്നു സസ്‌പെന്‍ഡ് ചെയ്യപ്പെട്ട ഡോ.കഫീല്‍ ഖാന്‍ ജയിലില്‍നിന്നും എഴുതിയ കത്ത് വിവാദത്തില്‍. ജയിലിലെ ദയനീയമായ സൗകര്യങ്ങളെക്കുറിച്ചാണ് കഫീല്‍ ഖാന്‍ വീട്ടുകാര്‍ക്കെഴുതിയ കത്തില്‍ പറയുന്നത്. പൗ    രത്വനിയമത്തിനെതിരായ സമരത്തില്‍ അറസ്റ്റിലായി മഥുര ജയിലിലാണ് ഡോ. കഫീല്‍ ഖാന്‍.

നൂറ്റി അന്‍പതോളം പേര്‍ക്ക് ഒരു ടൊയ്‌ലറ്റ് മാത്രമാണ് ജയിയില്‍ ഉള്ളതെന്ന് കത്തില്‍ പറയുന്നു. ഇത് വാര്‍ഡിനോടു ചേര്‍ന്ന ടൊയ്‌ലറ്റാണ്. ഇവിടെനിന്നുള്ള നാറ്റവും വിയര്‍പ്പും എല്ലാം കൂടി ചേര്‍ന്ന് ബോധം കെട്ടുപോവുന്ന അവസ്ഥയാണ് വാര്‍ഡില്‍.

'' 150ഓളം പേര്‍ക്ക് ഒരു അറ്റാച്ച്ഡ് ടൊയ്‌ലറ്റ് ആണുള്ളത്. മൂത്രത്തിന്റെയും വിയര്‍പ്പിന്റെയും നാറ്റമാണ് വാര്‍ഡില്‍. കറണ്ട് ഇല്ലാത്തതിനാല്‍ ചൂടു കൂടിയാവുമ്പോള്‍ ഇവിടം നരകമാവും.''- കത്തില്‍ പറയുന്നു.

''സമയം കളയാന്‍ ഞാന്‍ കുറച്ചൊക്കെ വായിക്കാന്‍ ശ്രമിച്ചു. എന്നാല്‍ ശ്വാസം മുട്ടല്‍ കൊണ്ട് അതിനു കഴിഞ്ഞില്ല. ചിലപ്പോള്‍ തോന്നും ബോധംകെട്ടു വീഴുമെന്ന്. പല തരത്തിലുള്ള നാറ്റങ്ങള്‍ നിറഞ്ഞ മീന്‍ ചന്ത പോലെയാണ് ഇവിടം. ആളുകള്‍ ചുമയ്ക്കുന്നു, തുമ്മുന്നു, മൂത്രമൊഴിക്കുന്നു, വിയര്‍ക്കുന്നു. ചിലര്‍ കൂര്‍ക്കം വലിക്കുന്നു, ചിലര്‍ തല്ലു കൂടുന്നു'' - കഫീല്‍ ഖാന്‍ എഴുതുന്നു.

എന്തിനാണ് തന്നെ ഇങ്ങനെ ശിക്ഷിക്കുന്നതെന്ന് കഫീല്‍ ഖാന്‍ ചോദിക്കുന്നു. എപ്പോഴാണ് തനിക്കു കുട്ടികളെ കാണാനാവുക? എപ്പോഴാണ് ഭാര്യയെയും കുടുംബാംഗങ്ങളെയും കാണാനാവുക? ഈ കൊറോണക്കാലത്ത് ഒരു ഡോക്ടര്‍ എന്ന നിലയില്‍ എപ്പോഴാണ് എനിക്ക് ഉത്തരവാദിത്വങ്ങള്‍ നിറവേറ്റാനാവുക? - കത്തില്‍ ചോദിച്ചു.

അതേസമയം കത്തിന്റെ ആധികാരികതയെ ചോദ്യം ചെയ്ത് ജയില്‍ അധികൃതര്‍ രംഗത്തുവന്നു. ഇങ്ങനെയൊരു കത്ത് എഴുതിയതായി കഫീല്‍ ഖാന്‍ പറഞ്ഞിട്ടില്ല. പുറത്തേക്കുള്ള കത്തിടപാടുകളെല്ലാം ഞങ്ങള്‍ പരിശോധിച്ചു. അതില്‍ ഇങ്ങനെയൊരു കത്തില്ല. ലോക്ക് ഡൗണിനു ശേഷം ആരെയും ജയിലിലേക്കു സന്ദര്‍ശകരായി കടത്തിവിട്ടിട്ടില്ല. പിന്നെ എങ്ങനെയാണ് ഈ കത്ത് പുറത്തുപോയത്? - ജയില്‍ സൂപ്രണ്ട് ശൈലേന്ദ്ര മൈത്രി ചോദിച്ചു.

ജൂണ്‍ 15ന് എഴുതിയ കത്ത് ജൂലൈ ഒന്നിനാണ് ലഭിച്ചതെന്ന് കഫീല്‍ ഖാന്റെ സഹോദരന്‍ അദീല്‍ അഹമ്മദ് ഖാന്‍ പറഞ്ഞു. തപാലിലാണ് കത്ത് എത്തിയതെന്നും അദീല്‍ പറഞ്ഞു.

ഗൊരഖ്പുര്‍ മെഡിക്കല്‍ കോളജിലെ കുട്ടികളുടെ മരണവുമായി ബന്ധപ്പെട്ടാണ് കഫീല്‍ ഖാന്‍ ആദ്യം വാര്‍ത്തകളില്‍ നിറഞ്ഞത്. ഓക്‌സിജന്‍ കിട്ടാതെ കുട്ടികള്‍ മരിച്ചതില്‍ കഫീല്‍ ഖാനെതിരെ യോഗി സര്‍ക്കാര്‍ നടപടിയെടുത്തിരുന്നു. അന്വേഷണത്തില്‍ കുറ്റക്കാരനല്ലെന്നു കണ്ടെത്തിയെങ്കിലും കഫീല്‍ ഖാന്റെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചിട്ടില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com