നിര്‍മ്മലയും പിയൂഷ് ഗോയലും പുറത്തേക്ക് ? ; ധന-റെയില്‍വേ മന്ത്രാലയങ്ങളുടെ തലപ്പത്തേക്ക് വിദഗ്ധര്‍ പരിഗണനയില്‍

ഭരണമികവില്ലാത്ത മന്ത്രിമാരെ ഒഴിവാക്കി പാര്‍ട്ടി പ്രവര്‍ത്തനത്തിന് നിയോഗിക്കും
നിര്‍മ്മലയും പിയൂഷ് ഗോയലും പുറത്തേക്ക് ? ; ധന-റെയില്‍വേ മന്ത്രാലയങ്ങളുടെ തലപ്പത്തേക്ക് വിദഗ്ധര്‍ പരിഗണനയില്‍

ന്യൂഡല്‍ഹി:  ധനകാര്യം, റെയില്‍വേ തുടങ്ങിയ വകുപ്പുകളിലെ മന്ത്രിമാര്‍ മാറിയേക്കുമെന്ന് റിപ്പോര്‍ട്ട്. പ്രധാനപ്പെട്ട മന്ത്രാലയങ്ങളില്‍ രാഷ്ട്രീയനേതാക്കളെ ഒഴിവാക്കി വിദഗ്ധരെ നിയമിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ആലോചിക്കുന്നതായാണ് വിവരം. ഇതോടൊപ്പം, നിലവിലുള്ള മന്ത്രിമാരുടെ പ്രവര്‍ത്തനവും പ്രകടനവും പുനഃസംഘടനയില്‍ നിര്‍ണായകഘടകമാകും. ഭരണമികവില്ലാത്ത മന്ത്രിമാരെ ഒഴിവാക്കി പാര്‍ട്ടി പ്രവര്‍ത്തനത്തിന് നിയോഗിക്കും.

വിദേശകാര്യ വകുപ്പിന്റെ ചുമതല മുന്‍ വിദേശകാര്യ സെക്രട്ടറി എസ് ജയശങ്കറിനെ ഏല്‍പിച്ചതുപോലെ, ധനകാര്യം, റെയില്‍വേ തുടങ്ങിയ മന്ത്രാലയങ്ങളില്‍ അക്കാദമിക് വൈദഗ്ധ്യമുള്ളവരെ നിയമിക്കാനാണ് ആലോചന. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്രമോദിയും ആര്‍എസ്എസ് നേതാക്കളായ ദത്താത്രേയ ഹൊസബലെ, കൃഷ്ണ ഗോപാല്‍ എന്നിവരും ബിജെപി പ്രസിഡന്റ് ജെ പി നഡ്ഡ, സംഘടനാ ജനറല്‍ സെക്രട്ടറി ബി എല്‍ സന്തോഷ് എന്നിവരും നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് മന്ത്രിസഭാ പുനഃസംഘടനയെക്കുറിച്ചുള്ള വാര്‍ത്തകള്‍ സജീവമായത്.

ഓഗസ്റ്റ് മാസത്തില്‍ മന്ത്രിസഭാ പുനസംഘടന ഉണ്ടാകുമെന്നാണ് സൂചന. ഇതിനായി മന്ത്രിമാരുടെ പ്രകടനം വിലയിരുത്താനുള്ള നടപടികള്‍ ബിജെപിയും പ്രധാനമന്ത്രിയും ആരംഭിച്ചിട്ടുണ്ട്. സര്‍ക്കാരിന്റെ പൊതുനയത്തോടുള്ള സമീപനം, പ്രധാന പദ്ധതികളുടെ നിര്‍വഹണം, വകുപ്പില്‍ പുതുതായി ആവിഷ്‌കരിച്ച പദ്ധതികള്‍, പുതിയ സമീപനങ്ങള്‍ തുടങ്ങിയ ഘടകങ്ങള്‍ മന്ത്രിമാരെക്കുറിച്ചുള്ള വിലയിരുത്തലിനുള്ള മാനദണ്ഡങ്ങളായിരിക്കും.

ശിവസേന കൈകാര്യം ചെയ്തിരുന്ന വകുപ്പുകളില്‍ പുതിയ മന്ത്രിമാരെ നിയോഗിക്കും.കോണ്‍ഗ്രസില്‍നിന്ന് അടുത്തിടെ ബിജെപിയിലെത്തിയ ജ്യോതിരാദിത്യ സിന്ധ്യയെയും തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്നും വന്ന മുകുള്‍ റോയിയെയും മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയേക്കും. അസമിലെ മുന്‍ കോണ്‍ഗ്രസ് നേതാവും ഇപ്പോള്‍ വടക്കുകിഴക്കന്‍ മേഖലയില്‍ ബിജെപിയുടെ പ്രധാന മുഖവുമായ ഹിമന്ത് ബിശ്വാസ് ശര്‍മയും പരിഗണനയിലുണ്ട്. അസം ഉപമുഖ്യമന്ത്രിയാണ് നിലവില്‍ ശര്‍മ്മ.

ഈ വര്‍ഷം നടക്കുന്ന ബിഹാര്‍ തിരഞ്ഞെടുപ്പ്, അടുത്തവര്‍ഷം നടക്കാനിരിക്കുന്ന കേരളം ഉള്‍പ്പെടെയുള്ള അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പുകള്‍ എന്നിവയും നിര്‍ണായക ഘടകങ്ങളാകും. ജനുവരി 20ന് ജെപി നഡ്ഡയെ ദേശീയ അധ്യക്ഷനായി തെരഞ്ഞെടുത്തെങ്കിലും ദേശീയ ജനറല്‍ സെക്രട്ടറിമാരെയും സെക്രട്ടറിമാരെയും നിശ്ചയിച്ചിരുന്നില്ല. മന്ത്രിസഭയിലെ അഴിച്ചുപണിയോടൊപ്പം ഈ സ്ഥാനങ്ങളിലും പുതിയ ആളുകളെ നിയോഗിക്കുമെന്നാണ് സൂചന.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com