കൊടുംകുറ്റവാളി വികാസ് ദുബെ ഫരീദാബാദിലെ ഹോട്ടലില്‍ ; പൊലീസ് വല പൊട്ടിച്ച് കടന്നു, കൂട്ടാളിയെ വെടിവെച്ചുകൊന്നു

ഫരീദാബാദില്‍ പൊലീസ് നടത്തിയ റെയ്ഡില്‍ വികാസ് ദുബെയുടെ നാലു കൂട്ടാളികളെ പൊലീസ് അറസ്റ്റ് ചെയ്തു
കൊടുംകുറ്റവാളി വികാസ് ദുബെ ഫരീദാബാദിലെ ഹോട്ടലില്‍ ; പൊലീസ് വല പൊട്ടിച്ച് കടന്നു, കൂട്ടാളിയെ വെടിവെച്ചുകൊന്നു

ഫരിദാബാദ്: ഉത്തര്‍പ്രദേശിലെ കാണ്‍പുരില്‍ എട്ട് പൊലീസുകാരെ കൊലപ്പെടുത്തിയ കൊടുംകുറ്റവാളി വികാസ് ദുബെ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. ഹരിയാനയിലെ ഫരീദാബാദിലെ ബാദ്കല്‍ ചൗക്ക് ഏരിയയിലെ ഒരു ഹോട്ടലില്‍ വികാസ് ദുബെ ഒളിവില്‍ താമസിച്ചിരുന്നുവെന്ന് പൊലീസ്. വിവരം അറിഞ്ഞ പൊലീസ് റെയ്ഡിനെത്തുന്നതിന് തൊട്ടുമുമ്പ് ഇയാള്‍ കടന്നുകളയുകയായിരുന്നു.

വികാസ് ദുബെയോട് സാമ്യമുള്ള ഒരാള്‍ നഗരത്തിലെ ഹോട്ടലില്‍ താമസിക്കുന്നതായാണ് പൊലീസിന് രഹസ്യവിവരം ലഭിച്ചത്. തുടര്‍ന്ന് അന്വേഷണം നടത്തിയ പൊലീസ് ഹോട്ടല്‍ ഏതാണെന്ന് സ്ഥിരീകരിച്ചു. തുടര്‍ന്ന് 35 ഓളം പൊലീസുകാര്‍ അടങ്ങുന്ന സംഘം ഹോട്ടലില്‍ റെയ്ഡ് നടത്തുകയായിരുന്നു. റെയ്ഡിന് തൊട്ടുമുമ്പ് ഇയാള്‍ ഇവിടെ നിന്നും രക്ഷപ്പെട്ടു.

ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ ദുബെയുമായി സാമ്യമുള്ള ഒരാള്‍ മാസ്‌ക് ധരിച്ച് ഹോട്ടലില്‍ എത്തിയിരുന്നുവെന്ന് കണ്ടെത്തി. ഇയാള്‍ കൊടുംകുറ്റവാളി വികാസ് ദുബെ തന്നെയാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. വികാസ് ദുബെ നഗരം വിട്ടുപോയിട്ടില്ലെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍. ഇയാള്‍ക്കായി തിരച്ചില്‍ വ്യാപിപ്പിച്ചു.

ഫരീദാബാദില്‍ പൊലീസ് നടത്തിയ റെയ്ഡില്‍ വികാസ് ദുബെയുടെ നാലു കൂട്ടാളികളെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രഭാത്, ബന്ധു അങ്കുര്‍, ശ്യാമു ബാജ്‌പേയ് തുടങ്ങിയവരാണ് പിടിയിലായത്. പ്രഭാതാണ് കാണ്‍പൂരില്‍ നിന്നും ഫരീദാബാദ് വരെ വികാസിന് കൂട്ടുവന്നതെന്ന് പൊലീസ് കണ്ടെത്തി. ഫരീദാബാദില്‍ ഒളിയിടം തരപ്പെടുത്തിയത് അങ്കുറാണെന്ന് പൊലീസ് വ്യക്തമാക്കി. നിരവധി ആയുധങ്ങളും കണ്ടെടുത്തു.

അതിനിടെ ബുധനാഴ്ച രാവിലെ ഹമിര്‍പുരിലുണ്ടായ ഏറ്റുമുട്ടലില്‍ വികാസ് ദുബെയുടെ അടുത്ത അനുയായിയായ അമര്‍ ദുബെയെ പൊലീസ് കൊലപ്പെടുത്തി. സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സും ഹമിര്‍പുര്‍ പൊലീസും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് ഇയാളെ കൊലപ്പെടുത്തിയത്. അമര്‍ ദുബെയുടെ പക്കല്‍ നിന്നും യന്ത്രത്തോക്കും കണ്ടെടുത്തു. വികാസ് ദുബെയെ അറസ്റ്റ് ചെയ്യാനെത്തിയ പൊലീസ് സംഘത്തെ ആക്രമിച്ച് കൊലപ്പെടുത്തിയ സംഘത്തില്‍ അമര്‍ ദുബെയും ഉണ്ടായിരുന്നു.

ഉത്തര്‍പ്രദേശിനെ ഞെട്ടിച്ച അക്രമണത്തിന് പിന്നാലെ ഒളിവില്‍ പോയ ദുബെയെ അറസ്റ്റ് ചെയ്യാന്‍ യുപി പൊലീസ് 25 പ്രത്യേക സംഘങ്ങളായി തിരച്ചില്‍ വ്യാപകമാക്കിയിട്ടുണ്ട്. ഹരിയാനയിലെ ഫരീദാബാദിന് പുറമേ ഗുരുഗ്രാം, ഡല്‍ഹി തുടങ്ങിയ നഗരങ്ങളിലും ദുബെയ്ക്കായി പൊലീസ് വലവിരിച്ചിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com