കോവിഡ് രോഗികളുടെ എണ്ണം ഉയരുന്നതില്‍ ആശങ്കയില്ല, ടെസ്റ്റുകളുടെ എണ്ണം കൂട്ടുന്നതിലാണ് ശ്രദ്ധയെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം

ഇന്ത്യയെപ്പോലുള്ള വലിയ രാജ്യത്ത്, ചില ഇടങ്ങളില്‍ പ്രാദേശിക വ്യാപനം ഉണ്ടായിട്ടുണ്ട്
കോവിഡ് രോഗികളുടെ എണ്ണം ഉയരുന്നതില്‍ ആശങ്കയില്ല, ടെസ്റ്റുകളുടെ എണ്ണം കൂട്ടുന്നതിലാണ് ശ്രദ്ധയെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം

ന്യൂഡല്‍ഹി : രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം ഉയരുന്നതില്‍ ആശങ്കയില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷവര്‍ധന്‍. കൂടുതല്‍ പരിശോധന നടത്തുന്നതിലാണ് കേന്ദ്രം ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ചില ഇടങ്ങളില്‍ പ്രാദേശിക തലത്തില്‍ വ്യാപനം ഉണ്ടായിട്ടുണ്ട്. എന്നാല്‍ രാജ്യത്താകെ സാമൂഹിക വ്യാപനം എന്ന ഘട്ടത്തിലേക്ക് എത്തിയിട്ടില്ലെന്ന് ഡോ. ഹര്‍ഷവര്‍ധന്‍ ആവര്‍ത്തിച്ചു.

രാജ്യത്ത് പ്രതിദിനം 2.7 ലക്ഷം ടെസ്റ്റുകളാണ് നടത്തുന്നത്. ഇന്ത്യയെപ്പോലുള്ള വലിയ രാജ്യത്ത്, ചില ഇടങ്ങളില്‍ പ്രാദേശിക വ്യാപനം ഉണ്ടായിട്ടുണ്ട്. ഇതേത്തുടര്‍ന്ന് രോഗവും വര്‍ധിച്ചിട്ടുണ്ട്.

അതേസമയം രോഗമുക്തി നിരക്ക് രാജ്യത്ത് വളരെ മികച്ച നിലയിലാണ്. 63 ശതമാനമാണ് രോഗമുക്തിനിരക്ക്. മരണനിരക്ക് 2.72 ശതമാനം മാത്രമാണ്. രോഗികളുടെ എണ്ണം വര്‍ധിക്കുന്നതിനെക്കുറിച്ച് ആശങ്കയില്ല. ടെസ്റ്റുകളുടെ എണ്ണം വര്‍ധിപ്പിച്ച് പരമാവധി രോഗികളെ കണ്ടെത്താനും ചികില്‍സിക്കാനുമാണ് പ്രഥമപരിഗണന നല്‍കുന്നതെന്ന് മന്ത്രി വ്യക്തമാക്കി.

കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 26506 പേര്‍ക്കാണ് രോഗബാധ കണ്ടെത്തിയത്.  475 പേര്‍ക്കാണ് ഇന്നലെ മാത്രം കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ജീവന്‍ നഷ്ടമായത്.  ഇതോടെ രോ​ഗികളുടെ എണ്ണം 7,93,802 ആയി ഉയര്‍ന്നു. നിലവില്‍ 2,76,685 പേരാണ് ചികിത്സയില്‍ കഴിയുന്നത്. 4,95,513 പേര്‍ രോഗമുക്തി നേടി. കോവിഡ് ബാധിച്ച് രാജ്യത്ത് മരിച്ചത് 21606 പേരാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com