'മാർക്സിനെ വായിക്കാതെ ഇങ്ങോട്ടു വരേണ്ട' ; ബാങ്കിന്റെ നിര്‍ദേശം കണ്ട് അമ്പരന്ന് ജനങ്ങള്‍

മാസ്‌ക് ധരിക്കാതെ ബാങ്കിലേക്ക് വരരുത് എന്ന നിര്‍ദേശമാണ്, അക്ഷരപ്പിശകു മൂലം നാട്ടുകാരെ അമ്പരപ്പിലാക്കിയത്
'മാർക്സിനെ വായിക്കാതെ ഇങ്ങോട്ടു വരേണ്ട' ; ബാങ്കിന്റെ നിര്‍ദേശം കണ്ട് അമ്പരന്ന് ജനങ്ങള്‍

കൊല്‍ക്കത്ത : കോവിഡ് രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പൊതു ഇടങ്ങളിലെല്ലാം മാസ്‌ക് നിര്‍ബന്ധമാക്കിയിരിക്കുകയാണ്. രോഗവ്യാപനം പ്രതിരോധിക്കാനുള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗമാണ് മുഖാവരണം എന്നാണ് ലോകാരോഗ്യ സംഘടനയും പറയുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ മാസ്‌ക് ധരിക്കല്‍ ശീലമാക്കണമെന്ന് പ്രധാനമന്ത്രി ആവര്‍ത്തിച്ച് ആഹ്വാനം ചെയ്യുന്നു.

എന്നാല്‍ കൊല്‍ക്കൊത്തയിലെ മാധ്യംഗ്രാം ഏരിയയിലെ മിച്ചേല്‍ നഗറിലെ ബാങ്ക് ഓഫ് ഇന്ത്യ ശാഖയിലെ നോട്ടീസ് ബോര്‍ഡിലെ നിര്‍ദേശമാണ് ജനങ്ങളെ വലയ്ക്കുന്നത്. മാസ്‌ക് ധരിക്കാതെ ബാങ്കിലേക്ക് വരരുത് എന്ന നിര്‍ദേശമാണ്, അക്ഷരപ്പിശകു മൂലം നാട്ടുകാരെ അമ്പരപ്പിലാക്കിയത്.

നിര്‍ദേശത്തില്‍ മാസ്‌കിന് പകരം എഴുതിയത് മാര്‍ക്‌സ് എന്നാണ്. 'മാർക്സിനെ വായിക്കാതെ ബാങ്കിലേക്ക് വരേണ്ട' എന്നാണ് എഴുതിയിട്ടുള്ളത്. വാചകത്തില്‍ ഉപയോഗിച്ചിട്ടുള്ള പോറെയ് എന്ന വാക്കിന് ബംഗാളിയില്‍ വായിക്കുക, എന്നും ധരിക്കുക എന്നും അര്‍ത്ഥമുണ്ട്. ഇതാണ് ജനങ്ങള്‍ക്കിടയില്‍ ആശയക്കുഴപ്പമുണ്ടാക്കിയത്.

ബാങ്കിന്റെ ഈ നിര്‍ദേശം ട്വിറ്റര്‍ അടക്കം നവമാധ്യമങ്ങളിലെല്ലാം വൈറലായിരിക്കുകയാണ്. അക്ഷരപ്പിശകില്‍ നിരവധി കമന്റുകളാണ് വരുന്നത്. ഈ നിര്‍ദേശം ജനങ്ങള്‍ പ്രാവര്‍ത്തികമാക്കകുയാണെങ്കില്‍ വളരെ നല്ലതായിരിക്കുമെന്നാണ് ഒരാള്‍ അഭിപ്രായപ്പെട്ടത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com