ജ്യോതിരാദിത്യയുടെ വഴിയേ സച്ചിൻ പൈലറ്റും? എംഎൽഎമാരുമായി ഡൽഹിയിൽ; കോൺ​ഗ്രസിന് ആശങ്ക

ജ്യോതിരാദിത്യയുടെ വഴിയേ സച്ചിൻ പൈലറ്റും? എംഎൽഎമാരുമായി ഡൽഹിയിൽ; കോൺ​ഗ്രസിന് ആശങ്ക
ജ്യോതിരാദിത്യയുടെ വഴിയേ സച്ചിൻ പൈലറ്റും? എംഎൽഎമാരുമായി ഡൽഹിയിൽ; കോൺ​ഗ്രസിന് ആശങ്ക

ന്യൂഡൽഹി: രാജസ്ഥാനിലെ രാഷ്ട്രീയ പ്രതിസന്ധി നിലനിൽക്കേ ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റ് തന്റെ വിശ്വസ്തരായ എംഎൽഎമാർക്കൊപ്പം ഡൽഹിയിൽ. പ്രതിസന്ധി അതിന്റെ മൂർധന്യത്തിലെത്തിയതിന്റെ സൂചനകൾ നൽകിയാണ് സച്ചിൻ പൈലറ്റ് ഡൽഹിയിലെത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം പാർട്ടിയിലെ മുതിർന്ന നേതാവായ അഹമ്മദ് പട്ടേലുമായി കൂടിക്കാഴ്ച നടത്തിയ സച്ചിൻ പൈലറ്റ് ഇന്ന് പാർട്ടി അധ്യക്ഷ സോണിയാ ഗാന്ധിയുമായും ചർച്ച നടത്തും. 

മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടുമായുള്ള അഭിപ്രായ ഭിന്നതകൾ അഹമ്മദ് പട്ടേലുമായി നടത്തിയ കൂടിക്കാഴ്ചയിൽ പൈലറ്റ് വ്യക്തമാക്കിയതായി സൂചനയുണ്ട്. ഗെഹ്‌ലോടും സച്ചിൻ പൈലറ്റും തമ്മിലുളള അഭിപ്രായഭിന്നതകൾ മധ്യപ്രദേശിലെ അതേ അവസ്ഥ രാജസ്ഥാനിലും സംഭവിക്കുമോ എന്ന ആശങ്കയിലാണ് പാർട്ടി നേതൃത്വം. 

മധ്യപ്രദേശിൽ ചെയ്തതു പോലെ രാജസ്ഥാനിലും അധികാരം പിടിച്ചെടുക്കാൻ ബിജെപി ശ്രമിക്കുന്നതായി കഴിഞ്ഞ ദിവസം ഗെഹ്‌ലോട് ആരോപിച്ചിരുന്നു. എംഎൽഎമാർക്ക് 15 കോടി രൂപ വാഗ്ദാനം ചെയ്‌തെന്നാണ് ഗെഹ്‌ലോട് ആരോപിച്ചത്. ചിലർക്ക് മറ്റു സഹായങ്ങളും വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

ഇതിന് പിന്നാലെയാണ് എംഎൽഎമാരുമായി സച്ചിൻ പൈലറ്റ് ഡൽഹിയിൽ എത്തിയത്. തനിക്കൊപ്പം 23 എംഎൽഎമാരുണ്ടെന്നാണ് സച്ചിൻ അവകാശപ്പെടുന്നത്. എന്നാൽ അശോക് ഗെഹ്‌ലോടും സച്ചിനും തമ്മിലുള്ളത് ചെറിയ തർക്കങ്ങൾ മാത്രമാണെന്നാണ് പാർട്ടിയിലെ മുതിർന്ന നേതാക്കളുടെ വിലയിരുത്തൽ. സച്ചിനോട് ക്ഷമ കാണിക്കണമെന്നും ഭാവി നശിപ്പിക്കരുതെന്നും നേതൃത്വം ഉപദേശിച്ചതായും റിപ്പോർട്ടുണ്ട്. കാര്യങ്ങൾ ചർച്ച ചെയ്ത് പരിഹരിക്കാമെന്നുള്ള ഉറപ്പും സച്ചിൻ പൈലറ്റിന് പാർട്ടി നേതൃത്വം നൽകിയതായും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 

അതിനിടെ സച്ചിൻ പൈലറ്റ് ഉൾപ്പടെയുള്ള ഇരുപതിലധികം എംഎൽഎമാർ ബിജെപിയിൽ ചേരുന്നു എന്ന അഭ്യൂഹവും ശക്തമാണ്. രാജസ്ഥാൻ നിയമസഭയിൽ 200-ൽ 107 സീറ്റുകൾ കോൺഗ്രസിനാണ്. 12 സ്വതന്ത്രന്മാരുടെ പിന്തുണയും രാഷ്ട്രീയ ലോക് ദൾ, സിപിഎം, ഭാരതീയ ട്രൈബൽ പാർട്ടി എന്നീ പാർട്ടികളിൽ നിന്നുള്ള അഞ്ച് എംഎൽഎമാരുടെ പിന്തുണയും കോൺഗ്രസിനാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com