'പഴയ സഹപ്രവർത്തകന്റെ അവസ്ഥയിൽ സഹതാപം തോന്നുന്നു': ജ്യോതിരാദിത്യ സിന്ധ്യ

കോൺഗ്രസിൽ പ്രതിഭക്കും യോഗ്യതക്കും വിലയില്ലെന്ന്​ ട്വീറ്റ്
'പഴയ സഹപ്രവർത്തകന്റെ അവസ്ഥയിൽ സഹതാപം തോന്നുന്നു': ജ്യോതിരാദിത്യ സിന്ധ്യ

ന്യൂ‌ഡൽഹി: രാജസ്ഥാൻ ഉപ മുഖ്യമന്ത്രിയും കോൺഗ്രസിലെ യുവ നേതാക്കളിൽ ശ്രദ്ധേയനുമായ സച്ചിൻ പൈലറ്റ് ബിജെപിയിലേക്ക് പോകാനൊരുങ്ങുന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെ ട്വീറ്റുമായി ബിജെപി നേതാവ്​ ജ്യോതിരാദിത്യ സിന്ധ്യ.  തന്റെ പഴയ സഹപ്രവർത്തകന്റെ അവസ്ഥയിൽ സഹതാപം തോന്നുന്നു എന്നാണ് ജ്യോതിരാദിത്യ സിന്ധ്യ കുറിച്ചിരിക്കുന്നത്.

കോൺഗ്രസിൽ പ്രതിഭക്കും യോഗ്യതക്കും വിലയില്ലെന്ന്​ ബോധ്യപ്പെട്ടിരിക്കുന്നെന്നും രാജസ്ഥാൻ മുഖ്യമന്ത്രിക്ക്​ കീഴിൽ സച്ചിൻ പൈലറ്റിനെ ഒതുക്കിയിരിക്കുകയാണെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടുമായുള്ള തർക്കങ്ങൾ സച്ചിനെ കോൺഗ്രസ് വിടാൻ പ്രേരിപ്പിക്കുന്നെന്നാണ് റിപ്പോർട്ടുകൾ. ഗെഹ്‌ലോട്ടും സച്ചിൻ പൈലറ്റും തമ്മിലുളള അഭിപ്രായഭിന്നതകൾ മധ്യപ്രദേശിലെ അതേ അവസ്ഥ രാജസ്ഥാനിലും സൃഷ്ടിക്കുമോ എന്ന ആശങ്കയിലാണ് കോൺ​ഗ്രസ് നേതൃത്വം. മധ്യപ്രദേശിൽ ചെയ്തതു പോലെ രാജസ്ഥാനിലും അധികാരം പിടിച്ചെടുക്കാൻ ബിജെപി ശ്രമിക്കുന്നതായി കഴിഞ്ഞ ദിവസം ഗെഹ്‌ലോട് ആരോപിച്ചിരുന്നു. എംഎൽഎമാർക്ക് 15 കോടി രൂപ വാഗ്ദാനം ചെയ്‌തെന്നാണ് ഗെഹ്‌ലോട് ആരോപിച്ചത്. ചിലർക്ക് മറ്റു സഹായങ്ങളും വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇതിന് പിന്നാലെയാണ് എംഎൽഎമാരുമായി സച്ചിൻ പൈലറ്റ് ഡൽഹിയിൽ എത്തിയത്. തനിക്കൊപ്പം 23 എംഎൽഎമാരുണ്ടെന്നാണ് സച്ചിൻ അവകാശപ്പെടുന്നത്. എന്നാൽ 30 എംഎൽഎമാർ സച്ചിൻ പൈലറ്റിന് പിന്തുണയറിയിച്ചിട്ടുണ്ടെന്നും അദ്ദേഹത്തിന്റെ തീരുമാനങ്ങൾക്കൊപ്പമുണ്ടാകുമെന്ന് അറിയിച്ചതായും എഎൻഐ റിപ്പോർട്ട് ചെയ്യുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com