സച്ചിന്‍ പൈലറ്റും ബിജെപിയിലേക്ക്? ഡല്‍ഹിയില്‍ ഉന്നത നേതാക്കളുമായി തിരക്കിട്ട ചര്‍ച്ചകള്‍

സച്ചിന്‍ പൈലറ്റും ബിജെപിയിലേക്ക്? ഡല്‍ഹിയില്‍ ഉന്നത നേതാക്കളുമായി തിരക്കിട്ട ചര്‍ച്ചകള്‍
സച്ചിന്‍ പൈലറ്റും ബിജെപിയിലേക്ക്? ഡല്‍ഹിയില്‍ ഉന്നത നേതാക്കളുമായി തിരക്കിട്ട ചര്‍ച്ചകള്‍

ന്യൂഡല്‍ഹി: ജോതിരാദിത്യ സിന്ധ്യയ്ക്ക് പിന്നാലെ രാജസ്ഥാന്‍ ഉപ മുഖ്യമന്ത്രിയും കോണ്‍ഗ്രസിലെ യുവ നേതാക്കളില്‍ ശ്രദ്ധേയനുമായ സച്ചിന്‍ പൈലറ്റും ബിജെപിയിലേക്ക് പോകാനൊരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടുമായുള്ള തര്‍ക്കങ്ങളാണ് സച്ചിനെ കോണ്‍ഗ്രസ് വിടാന്‍ പ്രേരിപ്പിക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. 

ഡല്‍ഹിയിലുള്ള സച്ചിന്‍ ബിജെപി നേതാക്കളുമായി സംസാരിച്ചതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. തനിക്ക് 16 കോണ്‍ഗ്രസ് എംഎല്‍എമാരുടേയും മൂന്ന് സ്വതന്ത്ര എംഎല്‍എമാരുടേയും പിന്തുണയുണ്ടെന്നും സച്ചിന്‍ ബിജെപി നേതാക്കളെ അറിയിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം രാജസ്ഥാനിലെ മുഖ്യമന്ത്രി സ്ഥാനമടക്കമുള്ള കാര്യത്തില്‍ ബിജെപി സച്ചിന് യാതൊരു ഉറപ്പും നല്‍കിയിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. 

കോണ്‍ഗ്രസ് വിടുന്ന സച്ചിന്‍ പൈലറ്റ് ബിജെപിയിലേക്ക് ഒരിക്കലും പോകില്ലെന്നാണ് കോണ്‍ഗ്രസിലെ ഒരു വിഭാഗം പറയുന്നത്. കോണ്‍ഗ്രസ് വിട്ടാലും മറ്റൊരു പാര്‍ട്ടി രൂപികരിക്കാനാണ് സച്ചിന്‍ ഉദ്ദേശിക്കുന്നതെന്നും നേതാക്കള്‍ വ്യക്തമാക്കി. 

നേരത്തെ രാജസ്ഥാനില്‍ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായി നില്‍ക്കേയാണ് സച്ചിന്‍ പൈലറ്റ് തന്റെ വിശ്വസ്തരായ എംഎല്‍എമാര്‍ക്കൊപ്പം ഡല്‍ഹിയിലെത്തിയത്. കഴിഞ്ഞ ദിവസം പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവായ അഹമ്മദ് പട്ടേലുമായി കൂടിക്കാഴ്ച നടത്തിയ സച്ചിന്‍ പൈലറ്റ് ഇന്ന് പാര്‍ട്ടി അധ്യക്ഷ സോണിയാ ഗാന്ധിയുമായും ചര്‍ച്ച നടത്തും. 

മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടുമായുള്ള അഭിപ്രായ ഭിന്നതകള്‍ അഹമ്മദ് പട്ടേലുമായി നടത്തിയ കൂടിക്കാഴ്ചയില്‍ പൈലറ്റ് വ്യക്തമാക്കിയിരുന്നു. ഗെഹ്‌ലോടും സച്ചിന്‍ പൈലറ്റും തമ്മിലുളള അഭിപ്രായഭിന്നതകള്‍ മധ്യപ്രദേശിലെ അതേ അവസ്ഥ രാജസ്ഥാനിലും സൃഷ്ടിക്കുമോ എന്ന ആശങ്കയിലാണ് പാര്‍ട്ടി നേതൃത്വം. കാര്യങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കാമെന്നുള്ള ഉറപ്പും സച്ചിന്‍ പൈലറ്റിന് പാര്‍ട്ടി നേതൃത്വം നല്‍കിയതായും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 

അതിനിടെ സച്ചിന്‍ പൈലറ്റ് ഉള്‍പ്പടെയുള്ള ഇരുപതിലധികം എംഎല്‍എമാര്‍ ബിജെപിയില്‍ ചേരുന്നു എന്ന അഭ്യൂഹവും ശക്തമാണ്. രാജസ്ഥാന്‍ നിയമസഭയില്‍ 200ല്‍ 107 സീറ്റുകള്‍ കോണ്‍ഗ്രസിനാണ്. 12 സ്വതന്ത്രന്മാരുടെ പിന്തുണയും രാഷ്ട്രീയ ലോക് ദള്‍, സിപിഎം, ഭാരതീയ െ്രെടബല്‍ പാര്‍ട്ടി എന്നീ പാര്‍ട്ടികളില്‍ നിന്നുള്ള അഞ്ച് എംഎല്‍എമാരുടെ പിന്തുണയും കോണ്‍ഗ്രസിനാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com