നൂറിലേറെപ്പേരുടെ പിന്തുണ; സര്‍ക്കാരിനു ഭീഷണിയില്ലെന്ന് കോണ്‍ഗ്രസ്, തള്ളി സച്ചിന്‍ പൈലറ്റ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 13th July 2020 03:04 PM  |  

Last Updated: 13th July 2020 03:04 PM  |   A+A-   |  

rajasthan

 

ജയ്പുര്‍: രാജസ്ഥാനില്‍ പിസിസി അധ്യക്ഷനും ഉപമുഖ്യമന്ത്രിയുമായ സച്ചിന്‍ പൈലറ്റ് ഉയര്‍ത്തിയ ഭീഷണിയെ അതിജീവിച്ച് മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട്. നൂറിലേറെ എംഎല്‍എമാര്‍ തനിക്കൊപ്പമാണെന്ന് ഗെഹ്‌ലോട്ട് അവകാശപ്പെട്ടു. എന്നാല്‍ ഗെഹ്‌ലോട്ടിന്റെ അവകാശവാദം തള്ളി സച്ചിന്‍ പൈലറ്റ് രംഗത്തുവന്നു.

ജയ്പുരില്‍ ഇന്നു ചേര്‍ന്ന നിയമസഭാ കക്ഷി യോഗത്തില്‍ 102 എംഎല്‍എമാര്‍ പങ്കെടുത്തതായി കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു. എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ ഉള്‍പ്പെടെയുള്ളവരുടെ സാന്നിധ്യത്തിലായിരുന്നു യോഗം. സര്‍ക്കാരിന് ഭീഷണിയില്ലെന്ന് നേതാക്കള്‍ അവകാശപ്പെട്ടു. എംഎല്‍എമാര്‍ ഗെഹ്‌ലോട്ട് മാധ്യമങ്ങള്‍ക്കു മുന്നില്‍ ഹാജരാക്കി.

അതേസമയം ഗെഹ്‌ലോട്ടിന്റെ അവകാശവാദം തെറ്റാണെന്ന് സച്ചിന്‍ പൈലറ്റ് പ്രതികരിച്ചു. 25 എംഎല്‍എമാര്‍ തനിക്കൊപ്പമാണെന്ന് സച്ചിന്‍ പറഞ്ഞു.

കോണ്‍ഗ്രസില്‍ വ്യക്തിപരമായ ആഗ്രഹങ്ങള്‍ക്കു പ്രസക്തിയില്ലെന്ന്, സച്ചിന്‍ പൈലറ്റിനെ വിമര്‍ശിച്ചുകൊണ്ട് പാര്‍ട്ടി നേതാവ് രണ്‍ദീപ് സിങ് സുര്‍ജേവാല പറഞ്ഞു. സച്ചിന്‍ പൈലറ്റിനും അദ്ദേഹത്തോടൊപ്പമുള്ള എംഎല്‍എമാര്‍ക്കും കോണ്‍ഗ്രസിലേക്കു മടങ്ങിവരാം. കുടുംബത്തില്‍ ഒരു പ്രശ്‌നമുണ്ടായാല്‍ മുതിര്‍ന്നവര്‍ അത് പരിഹരിക്കാന്‍ ശ്രമിക്കും. അങ്ങനെ പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധി പറഞ്ഞിട്ടാണ് താന്‍ ഇവിടെ എത്തിയതെന്ന് സുര്‍ജേവാല പറഞ്ഞു.

അതിനിടെ സംസ്ഥാന കോണ്‍ഗ്രസ് ഓഫിസിനു മുന്നില്‍ സ്ഥാപിച്ചിരുന്ന സച്ചിന്‍ പൈലറ്റിന്റെ പോസ്റ്ററുകള്‍ നീക്കി. പിസിസി അധ്യക്ഷന്‍ കൂടിയായ സച്ചിന്റെ പോസ്റ്ററുകള്‍ ഇന്ന് ഉച്ചയോടെയാണ് നീക്കം ചെയ്തത്.