ചൈനയെ പ്രതിരോധിക്കാന്‍ ബ്രഹ്മപുത്ര നദിയില്‍ അണ്ടര്‍ വാട്ടര്‍ ടണല്‍ നിര്‍മ്മിക്കാന്‍ ഇന്ത്യ; 14.85 കിലോമീറ്റര്‍ ദൂരം, അതിവേഗ സേനാ വിന്യാസത്തിന് പാത

ചൈനീസ് പ്രകോപനത്തിന്റെ പശ്ചാത്തലത്തില്‍ ബ്രഹ്മപുത്ര നദിയുടെ അടിയിലൂടെ ടണല്‍ നിര്‍മ്മിക്കാന്‍ തത്വത്തില്‍ അനുമതി നല്‍കി കേന്ദ്രസര്‍ക്കാര്‍
ചൈനയെ പ്രതിരോധിക്കാന്‍ ബ്രഹ്മപുത്ര നദിയില്‍ അണ്ടര്‍ വാട്ടര്‍ ടണല്‍ നിര്‍മ്മിക്കാന്‍ ഇന്ത്യ; 14.85 കിലോമീറ്റര്‍ ദൂരം, അതിവേഗ സേനാ വിന്യാസത്തിന് പാത

ന്യൂഡല്‍ഹി: ചൈനീസ് പ്രകോപനത്തിന്റെ പശ്ചാത്തലത്തില്‍ ബ്രഹ്മപുത്ര നദിയുടെ അടിയിലൂടെ ടണല്‍ നിര്‍മ്മിക്കാന്‍ തത്വത്തില്‍ അനുമതി നല്‍കി കേന്ദ്രസര്‍ക്കാര്‍. അതിര്‍ത്തിയില്‍ സേനാ നീക്കം എളുപ്പമാക്കുമെന്നതിനാല്‍ നിര്‍ദിഷ്ട ടണല്‍ നിര്‍മ്മാണത്തിന് ഏറെ തന്ത്രപ്രാധാന്യമുണ്ട്. അസമിനെയും അരുണാചല്‍ പ്രദേശിനെയും പരസ്പരം ബന്ധിപ്പിച്ചു കൊണ്ടുളളതാണ് നിര്‍ദിഷ്ട ടണല്‍.

രാജ്യത്ത് ആദ്യമായാണ് അണ്ടര്‍ വാട്ടര്‍ ടണല്‍ നിര്‍മ്മിക്കുന്നത്. ചൈനീസ് അതിര്‍ത്തിക്ക് സമീപമാണ് ടണല്‍. ചൈനയിലെ ജിയാങ്‌സു പ്രവിശ്യയില്‍ തായ്ഹു തടാകത്തിന് കുറുകെ നിര്‍മ്മിക്കുന്ന അണ്ടര്‍ വാട്ടര്‍ ടണലിനേക്കാള്‍ ദൈര്‍ഘ്യം കൂടിയതാണ് ഇന്ത്യയുടെ നിര്‍ദിഷ്ട ടണല്‍.  വര്‍ഷം മുഴുവനും അസമും അരുണാചല്‍ പ്രദേശും തമ്മിലുളള ഗതാഗതം സാധ്യമാക്കുന്നതാണ് ഇന്ത്യ നിര്‍മ്മിക്കാന്‍ പോകുന്ന പുതിയ ടണല്‍. 

അതിര്‍ത്തിയില്‍ സൈനിക ഉപകരണങ്ങളും വെടിമരുന്നുകളും എളുപ്പം എത്തിക്കാന്‍ പുതിയ ടണലിലൂടെ സാധിക്കുമെന്നാണ് സര്‍ക്കാര്‍ കണക്കുകൂട്ടല്‍. ഏകദേശം 80 കിലോമീറ്റര്‍ വേഗതയില്‍ വരെ ടണലിലൂടെ സഞ്ചരിക്കാന്‍ സാധിക്കുന്ന നിലയിലാണ് ടണലിന്റെ പ്ലാന്‍. നാഷണല്‍ ഹൈവേസ് ആന്റ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്പ്‌മെന്റ് കോര്‍പ്പറേഷന്‍ അമേരിക്കയുടെ ലൂയിസ് ബെര്‍ഗര്‍ കമ്പനിയുടെ സഹകരണത്തോടെ ടണല്‍ നിര്‍മ്മിക്കാനാണ് പദ്ധതിയിടുന്നത്.  

14.85 കിലോമീറ്റര്‍ ദൈര്‍ഘ്യം വരുന്ന പാലത്തിന്റെ നിര്‍മ്മാണം ഡിസംബറില്‍ ആരംഭിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. മൂന്ന് ഘട്ടമായാണ് നിര്‍മ്മാണം പൂര്‍ത്തിയാക്കുക. ആവശ്യത്തിന് വെന്റിലേഷന്‍ സൗകര്യവും അഗ്നിയെ പ്രതിരോധിക്കാനുളള സൗകര്യവും ടണലില്‍ ഒരുക്കും. നടപ്പാത, അഴുക്കുചാല്‍ സംവിധാനം തുടങ്ങി എല്ലാവിധ ആത്യാധുനിക സൗകര്യങ്ങളോട് കൂടി നിര്‍മ്മിക്കാനാണ് പദ്ധതി. ഇംഗ്ലീഷ് ചാനലിന് സമാനമായി ടണല്‍ നിര്‍മ്മിക്കാനാണ് പദ്ധതി. ശത്രു രാജ്യത്തിന്റെ ആക്രണലക്ഷ്യങ്ങളെ പ്രതിരോധിക്കാന്‍ കഴിയും വിധമാണ് ഇതിന്റെ നിര്‍മ്മാണ പ്ലാന്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com