കോവിഡ് സ്ഥിരീകരിച്ചിട്ടും കാത്തിരിക്കാൻ പറഞ്ഞു, ആംബുലൻസും ലഭിച്ചില്ല; ഭാര്യയെയും കൈക്കുഞ്ഞിനെയും കൂട്ടി മുഖ്യമന്ത്രിയുടെ ഓഫീസിലേയ്ക്ക് നടന്ന് രോ​ഗി

കോവിഡ് സ്ഥിരീകരിച്ചിട്ടും കാത്തിരിക്കാൻ പറഞ്ഞു, ആംബുലൻസും ലഭിച്ചില്ല; ഭാര്യയെയും കൈക്കുഞ്ഞിനെയും കൂട്ടി മുഖ്യമന്ത്രിയുടെ ഓഫീസിലേയ്ക്ക് നടന്ന് രോ​ഗി

മെഡിക്കൽ കോളജിലെ ഡ്രൈവറായ 32കാരനാണ് ആംബുലൻസ് സഹായം ലഭിക്കാൻ വൈകിയെന്ന് പരാതിപ്പെട്ടത്

ബെംഗളൂരു: കോവിഡ് സ്ഥിരീകരിച്ചിട്ടും ആശുപത്രിയിലെത്താൻ സൗകര്യമൊരുക്കാത്തതിൽ പ്രതിഷേധിച്ച് മുഖ്യമന്ത്രിയുടെ വസതിയിലേയ്ക്ക് നടന്ന് രോ​ഗി. മെഡിക്കൽ കോളജിലെ ഡ്രൈവറായ 32കാരനാണ് ആംബുലൻസ് സഹായം ലഭിക്കാൻ വൈകിയെന്ന് പരാതിപ്പെട്ടത്. ഭാര്യയ്ക്കും അഞ്ച് വയസും 10 മാസവും മാത്രം പ്രായമുള്ള കുട്ടികൾക്കും ഒപ്പമാണ് ഇയാൾ നടന്നത്. സർക്കാർ സഹായം ലഭ്യമാകുമെന്ന് പ്രതീക്ഷിച്ചാണ് ഇദ്ദേഹം മുഖ്യമന്ത്രിയുടെ വസതിയ്ക്കു മുന്നിൽ നേരിട്ട് എത്തിയതെന്നാണ് റിപ്പോർട്ട്.

തിങ്കളാഴ്ച പനി ബാധിച്ചതിനെത്തുടർന്ന് സർക്കാർ ആശുപത്രിയിലെത്തുകയും തുടർന്ന് കോവിഡ് പരിശോധന നടത്തുകയുമായിരുന്നു യുവാവ്. പരിശോധനാഫലം പോസിറ്റീവായെന്ന് വ്യാഴാഴ്ച അറിയിപ്പ് ലഭിച്ചു. തുടർന്ന് ഹെൽപ്‍ലൈനിൽ വിവരമറിയിച്ചെങ്കിലും കാത്തിരിക്കാനായിരുന്നു നിർദേശം.
‌‌
കുടുംബത്തോടൊപ്പം ചെറിയൊരു മുറിയിൽ കഴിയുന്ന ഇയാൾക്ക് റൂം ക്വാറന്റൈനുള്ള സൗകര്യങ്ങൾ ഉണ്ടായിരുന്നില്ല. മകനും പനി കണ്ടതോടെയാണ് യുവാവ് പരിഭ്രാന്തിയിലായത്. അടുത്തുള്ള കോവിഡ് ആശുപത്രി കണ്ടെത്താനായി ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ആംബുലൻസ് ലഭിക്കാൻ കാത്തിരിക്കാനായിരുന്നു മറുപടി. കുട്ടികൾക്കും ഭാര്യയ്ക്കും കോവിഡ് പരിശോധന നടത്തണമെന്നു പറഞ്ഞപ്പോൾ അവരുമായി ആശുപത്രിയിൽ എത്താൻ നിർദേശിച്ചെന്നും യുവാവ് പറയുന്നു. തുടർന്ന് പൊലീസ് സ്റ്റേഷനിലെത്തിയെങ്കിലും തന്റെ പരാതി പരി​ഗണിച്ചില്ലെന്നും അവർ തന്നെ ആട്ടിപ്പായിച്ചെന്നും യുവാവ് ആരോപിച്ചു. ഇതേതുടർന്നാണ് ഇയാൾ കുടുംബവുമായി മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് നടന്നത്.

സംഭവം സുരക്ഷാജീവനക്കാർ വഴി നേരത്തെ അറിഞ്ഞ മുഖ്യമന്ത്രിയുടെ സ്റ്റാഫ് ഉടൻ തന്നെ ആംബുലൻസ് ലഭ്യമാക്കി ഇദ്ദേഹത്തെ കെ സി ജനറൽ ആശുപത്രിയിലെത്തിച്ചു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com