താഴ്ന്ന ജാതിക്കാരനെ പ്രണയിച്ച് വിവാഹം കഴിച്ചു; സഹോദരന്‍മാര്‍ യുവതിയെ വെടിവച്ച് കൊന്നു; നിറയൊഴിച്ചത് ആറ് തവണ

താഴ്ന്ന ജാതിക്കാരനെ പ്രണയിച്ച് വിവാഹം കഴിച്ചു; സഹോദരന്‍മാര്‍ യുവതിയെ വെടിവച്ച് കൊന്നു; നിറയൊഴിച്ചത് ആറ് തവണ
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ലഖ്‌നൗ: താഴ്ന്ന സമുദായത്തില്‍പ്പെട്ട ആളെ പ്രണയിച്ച് വിവാഹം കഴിച്ചതിന് മൂന്ന് സഹോദരന്‍മാര്‍ ചേര്‍ന്ന് സഹോദരിയെ വെടിവച്ച് കൊന്നു. ഉത്തര്‍പ്രദേശിലെ മയ്ന്‍പുരി ജില്ലയിലാണ് ദാരുണ സംഭവം. ജ്യോതി മിശ്ര എന്ന യുവതിയാണ് മരിച്ചത്. 

സംഭവത്തില്‍ യുവതിയുടെ സ്വന്തം സഹോദരനടക്കം മൂന്ന് പേരാണ് അറസ്റ്റിലായത്. സ്വന്തം സഹോദരനായ ഗുല്‍ഷന്‍ മിശ്ര(19)യാണ് ഒന്നാം പ്രതി. കസിന്‍ സഹോദരന്‍മാരാണ് അറസ്റ്റിലായ മറ്റുള്ള രണ്ട് പേര്‍. ഇവരില്‍ നിന്ന് രണ്ട് ഇന്ത്യന്‍ നിര്‍മിത പിസ്റ്റളുകളും പൊലീസ് പിടിച്ചെടുത്തു. 

സഹോദരിയെ കൊലപ്പെടുത്തിയ പ്രതികള്‍ ഭര്‍ത്താവായ രോഹിത് യാദവിനേയും ലക്ഷ്യമിട്ടുരുന്നു. വയറിലും മുട്ടിന് താഴെയും വെടിയേറ്റെങ്കിലും രോഹിതിന് തലനാരിഴയ്ക്കാണ് ജീവന്‍ തിരിച്ചുകിട്ടിയത്. 

ബ്രിജ്പുര ഗ്രാമത്തിലാണ് മൃഗഡോക്ടറായ രോഹിതിന്റെ താമസം. 2018ലാണ് ഇരുവരും ഇഷ്ടത്തിലാകുന്നത്. പിന്നീട് യുവതി വീട്ടില്‍ നിന്ന് ഇറങ്ങി രോഹിതിനെ വിവാഹം കഴിച്ച് താമസിക്കുകയായിരുന്നു. 

അതിനിടെ യുവതിയെ കാണുന്നില്ലെന്ന് വ്യക്തമാക്കി വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കി. പൊലീസ് തട്ടിക്കൊണ്ടു പോകലിന് കേസെടുത്തു. എന്നാല്‍ കോടതിയില്‍ ഹാജരായ രോഹിതും ജ്യോതിയും തങ്ങള്‍ വിവാഹിതരായെന്നും ഒരുമിച്ചാണ് താമസമെന്നും വ്യക്തമാക്കിയതോടെ കേസ് തള്ളിപ്പോയി. 

എന്നാല്‍ പെങ്ങള്‍ താഴ്ന്ന സമുദായത്തില്‍പ്പെട്ട ആളുടെ ഭാര്യയായി കഴിയുന്നത് സഹോദരന്‍ ഗുല്‍ഷന് ഇഷ്ടമായിരുന്നില്ല. കേസ് തള്ളിയതിന് പിന്നാലെ യുവതി താമസിക്കുന്ന വീട്ടിലെത്തി വിവാഹ ബന്ധം വേര്‍പ്പെടുത്താന്‍ യുവാക്കള്‍ നിര്‍ബന്ധിച്ചു. ഇത് കൂട്ടാക്കാന്‍ യുവതി തയ്യാറാകാതെ വന്നതോടെയാണ് ഗുല്‍ഷന്‍ സഹോദരിക്ക് നേരെ വെടിയുതിര്‍ത്തത്. 

ഇന്ത്യന്‍ നിര്‍മിത തോക്ക് ഉപയോഗിച്ച് ആറ് തവണയാണ് ഗുല്‍ഷന്‍ സഹോദരിക്ക് നേരെ നിറയൊഴിച്ചത്. രോഹിതിനേയും ഇയാള്‍ കൊല്ലാന്‍ ശ്രമിച്ചു. എന്നാല്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ട രോഹിത് ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. 

താഴ്ന്ന ജാതിയില്‍പ്പെട്ട ഒരാളെ സഹോദരി വിവാഹം കഴിക്കുന്നത് സമൂഹത്തില്‍ കുടുംബത്തിന് നാണക്കേടാണ്. കുടുംബത്തിലെ മറ്റ് പെണ്‍കുട്ടികളുടെ വിവാഹം നടക്കുന്നില്ല തുടങ്ങിയ വാദങ്ങളാണ് കൊലപാതകത്തിലക്ക് നയിച്ചതിന്റെ കാരണമായി പ്രതികള്‍ വിശദീകരിച്ചത്. അറസ്റ്റിലായ പ്രതികളെ ജൂഡിഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com