ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ടു; കാമുകിയെ കാണാന്‍ 1200 കിലോമീറ്റര്‍ സഞ്ചരിച്ചു; അതിര്‍ത്തികടക്കും മുന്‍പെ കുഴഞ്ഞു വീണു

ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ട കാമുകിയെ കാണാന്‍ ഇരുപതുകാരന്‍ ബൈക്കില്‍ സഞ്ചരിച്ചത്  1200 കിലോ മീറ്റര്‍
ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ടു; കാമുകിയെ കാണാന്‍ 1200 കിലോമീറ്റര്‍ സഞ്ചരിച്ചു; അതിര്‍ത്തികടക്കും മുന്‍പെ കുഴഞ്ഞു വീണു

മുംബൈ: ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ട കാമുകിയെ കാണാന്‍ ഇരുപതുകാരന്‍ ബൈക്കില്‍ സഞ്ചരിച്ചത്  1200 കിലോ മീറ്റര്‍. പാകിസ്ഥാനിലുള്ള കാമുകിയെ കാണുന്നതിനാണ് മഹാരാഷ്ട്രയില്‍ നിന്ന് ഒസ്മാനാബാദ് സ്വദേശിയായ സിദ്ദിഖി മുഹമ്മദ് സൈഷാനെ ഇത്രയും ദൂരം സഞ്ചരിച്ചത്. ഇന്ത്യ  പാക് അതിര്‍ത്തിക്ക് സമീപത്തുനിന്ന് ബിഎസ്എഫ് ജവാന്മാര്‍  ഇയാളെ കണ്ടെത്തി പൊലീസിന് കൈമാറി. 

പാകിസ്ഥാനിലെ കറാച്ചി ഷാ ഫൈസല്‍ സ്വദേശിനിയാണ് കാമുകി. ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ട യുവതിയുമായി സാമൂഹ്യ മാധ്യമങ്ങളിലൂടെ നിരന്തരം ആശയവിനിമയം നടത്താറുണ്ടെന്നും യുവാവ് പറയുന്നു. അതിര്‍ത്തി കടന്ന് ഗൂഗിള്‍ മാപ്പിന്റെ സഹായത്തോടെ കറാച്ചിയിലെത്തി കാമുകിയെ കാണാനുള്ള ശ്രമത്തിനിടെയാണ് യുവാവ് കുഴഞ്ഞുവീണത്. എടിഎം കാര്‍ഡ്, ആധാര്‍, പാന്‍കാര്‍ഡ് എന്നിവ കൈവശം സൂക്ഷിച്ചിരുന്നതിനാല്‍ ബിഎസ്എഫ് ജവാന്മാര്‍ക്ക് ആളെ പെട്ടെന്ന് തിരിച്ചറിയാന്‍ കഴിഞ്ഞു. യുവാവ് ഉപേക്ഷിച്ച ബൈക്കും അതിര്‍ത്തിക്ക് സമീപത്തുനിന്ന് ജവാന്മാര്‍ കണ്ടെത്തി. 

രാജ്യാന്തര അതിര്‍ത്തിക്ക് 1.5 കിലോമീറ്റര്‍മാത്രം അകലെനിന്നാണ് യുവാവിനെ കണ്ടെത്താനായത്. യുവാവിനെ കാണാനില്ലെന്ന പരാതിയുടെ വിശദാംശങ്ങള്‍ മഹാരാഷ്ട്രാ പൊലീസ് ഗുജറാത്ത് പൊലീസിന് കൈമാറിയിരുന്നു. മൊബൈല്‍ ഫോണ്‍ ട്രാക്ക് ചെയ്ത പോലീസ് അതിര്‍ത്തിക്ക് സമീപമെത്തിയ യുവാവിനെ കണ്ടെത്താന്‍ ബിഎസ്എഫിന്റെ സഹായം തേടി. ഇതേത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് യുവാവിനെ അവശനിലയില്‍ കണ്ടെത്താനായത്. യുവാവ് പറഞ്ഞ കാര്യങ്ങള്‍ സത്യമാണോ എന്ന് ഉറപ്പാക്കേണ്ടതുണ്ടെന്നും സംഭവത്തെപ്പറ്റി വിശദമായ അന്വേഷണം നടത്തുമെന്നും പൊലീസ് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com