'വേണ്ടത് കാഴ്ചയല്ല, കാഴ്ചപ്പാടാണ്'- വലിയ പാഠ പുസ്തകമാണ് ഈ ഐഎഎസ് ഓഫീസർ

'വേണ്ടത് കാഴ്ചയല്ല, കാഴ്ചപ്പാടാണ്'- വലിയ പാഠ പുസ്തകമാണ് ഈ ഐഎഎസ് ഓഫീസർ
'വേണ്ടത് കാഴ്ചയല്ല, കാഴ്ചപ്പാടാണ്'- വലിയ പാഠ പുസ്തകമാണ് ഈ ഐഎഎസ് ഓഫീസർ

റാഞ്ചി: ഒരു ഐഎഎസ് ഓഫീസര്‍ ഡെപ്യൂട്ടി കമ്മീഷണറാകുന്നത് വലിയ കാര്യമായി തോന്നിയേക്കില്ല. എന്നാല്‍ അദ്ദേഹം കാഴ്ച പരിമിതികളുള്ള ആളാണെങ്കിലോ. ഝാര്‍ഖണ്ഡിലാണ് ശ്രദ്ധേയമായ ഈ നിയമനം നടന്നിരിക്കുന്നത്. രാജേഷ് കുമാര്‍ സിങ് ഐഎഎസ് എന്ന ഉദ്യോഗസ്ഥാനാണ് ഝാര്‍ഖണ്ഡിലെ ബൊകാറോ ഡെപ്യൂട്ടി കമ്മീഷണറായി എത്തുന്നത്.

രാജേഷിന്റെ നിയമനം രണ്ട് റെക്കോര്‍ഡുകളും തീര്‍ക്കുന്നുണ്ട്. കാഴ്ച പരിമിതിയുടെ വെല്ലുവിളികളെ അതിജീവിച്ച് ഇച്ഛാശക്തികൊണ്ട് ഈ പദവിയിലെത്തുന്ന സംസ്ഥാനത്തെ ആദ്യ വ്യക്തിയും രാജ്യത്തെ രണ്ടാമത്തെ മാത്രം വ്യക്തിയുമായി രാജേഷ് ഇതോടെ മാറിക്കഴിഞ്ഞു. 

തന്റെ പരിമിതിയെ ഒരു പോരായ്മയായി രജേഷ് കാണുന്നില്ല. കാഴ്ച ശക്തി എന്നത് ഓരോ മനുഷ്യന്റെ കാഴ്ചപ്പാടാണെന്ന് ഈ ഐഎഎസ് ഓഫീസര്‍ വിശ്വസിക്കുന്നു. 'എല്ലാവര്‍ക്കും കാഴ്ചശക്തി ഉണ്ടെങ്കിലും അത് എങ്ങനെ ഉപയോഗിക്കണമെന്ന് വളരെ കുറച്ച് പേര്‍ക്കേ അറിയൂ. അനുഭവം, നിങ്ങളുടെ ആന്തരിക സ്വഭാവം, നിങ്ങള്‍ കാര്യങ്ങള്‍ മനസിലാക്കുന്ന രീതി എന്നിവയില്‍ നിന്നാണ് കാഴ്ച രൂപപ്പെടുന്നത്. നിങ്ങളുടെ കേള്‍വി കാര്യങ്ങള്‍ മനസിലാക്കാതെ വെറുതെ നോക്കുന്നതിനേക്കാള്‍ പ്രധാനമാണ്'- രാജേഷ് വ്യക്തമാക്കി. 

2007 ബാച്ച് ഐഎഎസ് ഓഫീസറാണ് രാജേഷ്. ആദ്യ നിയമനം ലഭിക്കാന്‍ പോലും രാജേഷിന് കേന്ദ്രത്തിനെതിരെ ഒരു നീണ്ട നിയമ പോരാട്ടം നടത്തേണ്ടി വന്നു. അത് സുപ്രീം കോടതി വരെ പോയി. നാല് വര്‍ഷത്തെ തുടരന്‍ പോരാട്ടത്തിനൊടുവില്‍ സുപ്രീം കോടതിയില്‍ നിന്ന് അനുകൂല വിധി സമ്പാദിച്ച ശേഷമാണ് 2011ല്‍ രാജേഷ് ആദ്യമായി നിയമിതനായത്. 

ചെറുപ്രായത്തില്‍ ക്രിക്കറ്റ് കളിക്കുന്നതിനിടെയാണ് രാജേഷിന് കാഴ്ചശക്തി നഷ്ടപ്പെട്ടത്. എന്നാല്‍ അതൊന്നും തന്റെ സ്വപ്‌നം സാക്ഷാത്കരിക്കുന്നതിന് തടസമായില്ല. പ്രതീക്ഷ നഷ്ടപ്പെടുത്താതെ കഠിനാധ്വാനത്തിലൂടെയാണ് രാജേഷ് സമൂഹത്തിലെ ഏറ്റവും നിര്‍ണായകവും വെല്ലുവിളികള്‍ നിറഞ്ഞതുമായി ജോലിയായ ഐഎഎസിന്റെ വഴിയിലെത്തിയത്. 

ജെഎന്‍യുവിലെ പഠനത്തിന് ശേഷമാണ് രാജേഷ് ഐഎഎസ് എടുത്തത്. ഡെപ്യൂട്ടി കമ്മീഷണറാകും മുന്‍പ് രാജേഷ് സ്‌കൂള്‍ വിദ്യാഭ്യാസ, സാക്ഷരതാ വകുപ്പില്‍ സ്‌പെഷ്യല്‍ സെക്രട്ടറിയായിരുന്നു. 

കൊറോണ വൈറസ് പകര്‍ച്ച വ്യാധികള്‍ക്കിടയില്‍ ധീരമായ തീരുമാനമെടുത്തതിന് മുഖ്യമന്ത്രി ഹേമന്ത് സോറന്‍, ചീഫ് സെക്രട്ടറി എന്നിവരോട് അദ്ദേഹം നന്ദി പറഞ്ഞു. ഐഎഎസ് നേടിയ ശേഷം തന്റെ നിയമനം വൈകിയതിന്റെ പേരില്‍ രാജേഷിന് ആരോടും പരിഭവമോ പരാതിയോ ഒന്നുമില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com