14കാരിയെ പീഡിപ്പിച്ച് ​ഗർഭിണിയാക്കിയ കേസ്; ലൈം​ഗിക ശേഷിയില്ലെന്ന് 84കാരൻ; ഡിഎൻഎ ടെസ്റ്റ്

14കാരിയെ പീഡിപ്പിച്ച് ​ഗർഭിണിയാക്കിയ കേസ്; ലൈം​ഗിക ശേഷിയില്ലെന്ന് 84കാരൻ; ഡിഎൻഎ ടെസ്റ്റ്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡൽഹി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്ന കേസിൽ ഡിഎൻഎ പരിശോധന നടത്താൻ സുപ്രീം കോടതിയുടെ ഉത്തരവ്. ബംഗാളിൽ രജിസ്റ്റർ ചെയ്ത പോക്സോ കേസിലെ പ്രതിയായ 84 വയസുകാരനാണ് നിരപരാധിയാണെന്ന് വാദിച്ച് സുപ്രീം കോടതിയെ സമീപിച്ചത്. ഹർജിയിൽ വാദം കേട്ടാണ് ജസ്റ്റിസ് അശോക് ഭൂഷൺ അധ്യക്ഷനായ ബെഞ്ച് ഡിഎൻഎ പരിശോധന നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ഉത്തരവിട്ടത്.

14 വയസുകാരിയായ പെൺകുട്ടിയെ ഇയാൾ പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്നാണ് കേസ്. ജൂലായ് അഞ്ചാം തീയതി പെൺകുട്ടി കുഞ്ഞിന് ജന്മം നൽകുകയും ചെയ്തു. എന്നാൽ 84 വയസുകാരനായ തനിക്ക് ലൈംഗിക ശേഷിയില്ലെന്നും കേസ് കെട്ടിച്ചമച്ചതാണെന്നുമാണ് പ്രതിയുടെ വാദം.

മുതിർന്ന അഭിഭാഷകനായ കപിൽ സിബലാണ് 84-കാരന് വേണ്ടി സുപ്രീം കോടതിയിൽ ഹാജരായത്. തന്റെ കക്ഷിക്ക് ലൈംഗിക ശേഷിയില്ലെന്നും ലൈംഗിക വേഴ്ചയിലേർപ്പെടാൻ കഴിയില്ലെന്നും അദ്ദേഹം വാദിച്ചു. ഇത് തെളിയിക്കാൻ ഏത് വൈദ്യ പരിശോധനയ്ക്കും ഡിഎൻഎ ടെസ്റ്റിനും തന്റെ കക്ഷി തയ്യാറാണെന്നും കപിൽ സിബൽ കോടതിയെ അറിയിച്ചു.

പ്രതിയുടെ വാദം തെളിയിക്കുന്നതിന് ഒരു രേഖയും ഇല്ലെന്നായിരുന്നു ബംഗാൾ സർക്കാരിന് വേണ്ടി ഹാജരായ അഭിഭാഷക ലിസ് മാത്യുവിന്റെ മറുവാദം. പ്രതിക്ക് ലൈംഗിക ശേഷിയുണ്ടെന്നാണ് പൊലീസ് നൽകിയ റിപ്പോർട്ടെന്നും ഡിഎൻഎ പരിശോധനയ്ക്കായി സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ടെന്നും ഇവർ കോടതിയെ അറിയിച്ചു. 

എന്നാൽ പ്രതി മെയ് മുതൽ ജയിലിലാണെന്നും 84കാരനായ പ്രതിയുടെ ആരോഗ്യനില അനുദിനം വഷളായിക്കൊണ്ടിരിക്കുകയാണെന്നും കപിൽ സിബൽ പറഞ്ഞു. എത്രയും പെട്ടെന്ന് പരിശോധനകൾ നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

ഡിഎൻഎ പരിശോധനയ്ക്കായി അല്പം കാത്തിരിക്കണമെന്നായിരുന്നു സർക്കാരിന് വേണ്ടി ഹാജരായ അഭിഭാഷക കോടതിയോട് പറഞ്ഞത്. ഇതോടെയാണ് ഡിഎൻഎ പരിശോധന നടത്താൻ കോടതി ഉത്തരവിട്ടത്. കേസ് ഇനി മൂന്നാഴ്ചയ്ക്ക് ശേഷം പരിഗണിക്കുമെന്നും അപ്പോൾ ഡിഎൻഎ പരിശോധനാ ഫലം സമർപ്പിക്കണമെന്നും കോടതി നിർദേശിച്ചു.

പീഡനത്തിനിരയായ പെൺകുട്ടിയും കുടുംബവും തന്റെ വാടകക്കാരാണെന്നും വാടക സംബന്ധിച്ച തർക്കത്തെ തുടർന്നാണ് തന്റെ പേരിൽ കള്ളക്കേസ് നൽകിയതെന്നുമാണ് 84-കാരന്റെ വാദം. കഴിഞ്ഞ മാസം കൊൽക്കത്ത ഹൈക്കോടതി പ്രതി നൽകിയ ജാമ്യ ഹർജി തള്ളിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com