കശ്മീരിലെ വിഘടനവാദം വെട്ടി, ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയത് ഉള്‍പ്പെടുത്തി; പാഠഭാഗങ്ങളില്‍ വീണ്ടും മാറ്റംവരുത്തി കേന്ദ്രസര്‍ക്കാര്‍

കോവിഡ് പശ്ചാത്തലത്തില്‍ പാഠഭാഗങ്ങള്‍ ഒഴിവാക്കിയതുമായി ബന്ധപ്പെട്ട  വിവാദങ്ങള്‍ നിലനില്‍ക്കെ വീണ്ടും വെട്ടിച്ചുരുക്കലുമായി എന്‍സിഇആര്‍ടി.
കശ്മീരിലെ വിഘടനവാദം വെട്ടി, ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയത് ഉള്‍പ്പെടുത്തി; പാഠഭാഗങ്ങളില്‍ വീണ്ടും മാറ്റംവരുത്തി കേന്ദ്രസര്‍ക്കാര്‍


ന്യൂഡല്‍ഹി: കോവിഡ് പശ്ചാത്തലത്തില്‍ പാഠഭാഗങ്ങള്‍ ഒഴിവാക്കിയതുമായി ബന്ധപ്പെട്ട  വിവാദങ്ങള്‍ നിലനില്‍ക്കെ വീണ്ടും വെട്ടിച്ചുരുക്കലുമായി എന്‍സിഇആര്‍ടി. പന്ത്രണ്ടാം ക്ലാസിലെ പൊളിറ്റിക്കല്‍ സയന്‍സ് പുസ്തകത്തില്‍ നിന്ന് കശ്മീരിലെ വിഘടനവാദത്തെ കുറിച്ച് വ്യക്തമാക്കുന്ന ഭാഗം എന്‍സിഇആര്‍ടി നീക്കം ചെയ്തു. 2020-21 അധ്യായന വര്‍ഷത്തിലേക്കുള്ള 'പൊളിറ്റിക്‌സ് ഇന്‍ ഇന്ത്യ സിന്‍സ് ഇന്റിപെന്റന്‍സ്' എന്ന പാഠപുസ്തകത്തിലാണ് മാറ്റം വരുത്തിയിരിക്കുന്നത്. 

വിഘടനവാദത്തെ കുറിച്ചുള്ള ഒരു പാരഗ്രാഫ് മാറ്റിയ എന്‍സിഇആര്‍ടി, പകരം കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞതിനെക്കുറിച്ച് പുതിയ ഭാഗം ചേര്‍ത്തിട്ടുമുണ്ട്. 

'1989കളില്‍ കശ്മീരില്‍ ഉയര്‍ന്നുവന്ന വിഘടനവാദ രാഷ്ട്രീയം വ്യത്യസ്ത രൂപങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ്. ഇവരില്‍ ചിലര്‍ ഇന്ത്യയില്‍ നിന്നും പാകിസ്ഥാനില്‍ നിന്നും സ്വതന്ത്രമായി ഒരു പ്രത്യേക കശ്മീരി രാഷ്ട്രം ആഗ്രഹിക്കുന്നവരാണ്. കശ്മീര്‍ പാകിസ്ഥാനുമായി ലയിക്കണമെന്ന് ആഗ്രഹിക്കുന്ന ഗ്രൂപ്പുകളുമുണ്ട്. ഇന്ത്യന്‍ യൂണിയനുള്ളില്‍ സംസ്ഥാനത്തെ ജനങ്ങള്‍ക്ക് കൂടുതല്‍ സ്വയംഭരണാവകാശം ആവശ്യപ്പെടുന്നവരാണ് മൂന്നാമത്തെ വിഭാഗം. സ്വയംഭരണമെന്ന ആശയം ജമ്മു, ലഡാക്ക് പ്രദേശങ്ങളിലെ ജനങ്ങളെ വ്യത്യസ്തമായ രീതിയിലാണ് ആകര്‍ഷിക്കുന്നത്. അവഗണനയെയും പിന്നോക്കാവസ്ഥയെയും കുറിച്ച് അവര്‍ പലപ്പോഴും പരാതിപ്പെടുന്നുണ്ട്. അതിനാല്‍, സംസ്ഥാന സ്വയംഭരണത്തിനുള്ള ആവശ്യം ശക്തമാണ്'.- മാറ്റിയ പാഠഭാഗത്തില്‍ പറയുന്നത് ഇങ്ങനെയാണ്. 

2018ല്‍ ബിജെപി പിന്തുണ പിന്‍വലിച്ചതിനെ തുടര്‍ന്ന് മെഹബൂബ മുഫ്തി സര്‍ക്കാര്‍ താഴെ വീഴുകയും പ്രസിഡന്റ് ഭരണം ഏര്‍പ്പെടുത്തിയതും പാഠഭാഗത്തില്‍ പറയുന്നുണ്ട്. 'ആര്‍ക്കിള്‍ 370 പ്രകാരം കശ്മീരിന് പ്രത്യേക അധികാരങ്ങള്‍ ഉണ്ടായിരുന്നു. എന്നിരുന്നാലും, അതിര്‍ത്തി കടുന്നുള്ള ഭീകരവാദവും അക്രമവും രാഷ്ട്രീയ അനിശ്ചിതത്വങ്ങള്‍ക്കും സംസ്ഥാനം സാക്ഷ്യം വഹിച്ചു' എന്നാണ് പുതുതായി കൂട്ടിച്ചേര്‍ത്ത ഭാഗത്തില്‍ പറയുന്നത്. 

'ആര്‍ട്ടിക്കിള്‍ 370ന്റെ ഫലമായി നിരപരാധികളായ മനുഷ്യരുടയും സുരക്ഷാ ഉദ്യോഗസ്ഥരുടെയും തീവ്രവാദികളുടെയും ജീവന്‍ നഷ്ടമായി  കശ്മീര്‍ താഴdവരയില്‍ നിന്ന് വലിയ തോതില്‍ കശ്മീരി പണ്ഡിറ്റുകളെ നാടുകടത്തുകയും ചെയ്തു.' പാഠഭാഗം പറയുന്നു.

നേരത്തെ, സിബിഎസ്ഇ ഒമ്പത് മുതല്‍ 12വരെയുള്ള ക്ലാസുകളിലെ പൊളിറ്റിക്കല്‍ സയന്‍സ് വിഷയത്തിലെ പാഠഭാഗങ്ങള്‍ നീക്കിയത് വലിയ വിവാദമായിരുന്നു.  പൗരത്വവും മതനിരപേക്ഷതയും മുതല്‍ ജിഎസ്ടിയും നോട്ടുനിരോധനവും വരെയുള്ള പാഠഭാഗങ്ങളാണ് നീക്കിയത്. ഇതിനെതിരെ രൂക്ഷ വിമര്‍ശനമാണ് പ്രതിപക്ഷത്തിന്റെ ഭാഗത്തുനിന്നും ഉയര്‍ന്നുവന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com