ഭര്‍ത്താവിനെ കാണാന്‍ ആഗ്രഹം, കോവിഡ് സ്ഥിരീകരിച്ച് ക്വാറന്റൈനില്‍ കഴിഞ്ഞിരുന്ന 30 കാരി യുഎഇയില്‍; കേസ് 

കോവിഡ് സ്ഥിരീകരിച്ച് ഹോം ക്വാറന്റൈനില്‍ കഴിയാന്‍ നിര്‍ദേശിച്ച 30കാരി അധികൃതരുടെ കണ്ണുവെട്ടിച്ച് യുഎഇയില്‍ എത്തി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

പുനെ: മുംബൈ വിമാനത്താവളത്തില്‍ സുരക്ഷാ വീഴ്ച. കോവിഡ് സ്ഥിരീകരിച്ച് ഹോം ക്വാറന്റൈനില്‍ കഴിയാന്‍ നിര്‍ദേശിച്ച 30കാരി അധികൃതരുടെ കണ്ണുവെട്ടിച്ച് യുഎഇയില്‍ എത്തി. സംഭവം വിവാദമായതോടെ പുനെ പിംപ്രി ചിഞ്ച്വാഡ് ആരോഗ്യവകുപ്പിന്റെ പരാതിയില്‍ യുവതിക്കെതിരെ കേസെടുത്തു. 

പുനെ ഹിഞ്ച്‌വാഡി മേഖലയില്‍ നിന്നുളള 30കാരിയാണ് അധികൃതരുടെ കണ്ണുവെട്ടിച്ച് ഭര്‍ത്താവ് താമസിക്കുന്ന യുഎഇയില്‍ എത്തിയത്. പകര്‍ച്ചവ്യാധി തടയല്‍ നിയമം അനുസരിച്ചാണ് 30കാരിക്ക് എതിരെ നടപടി സ്വീകരിച്ചത്. 

ജൂലൈ 11നാണ് ഇവര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. തുടര്‍ന്ന് പിംപ്രി ചിഞ്ച്വാഡ് മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ പരിധിയിലുളള സ്വന്തം ഫ്‌ലാറ്റില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ അധികൃതര്‍ നിര്‍ദേശിച്ചു. എന്നാല്‍ ജൂലൈ 17ന് അധികൃതരുടെ കണ്ണുവെട്ടിച്ച് യുവതി യുഎഇയിലേക്ക് കടക്കുകയായിരുന്നു. മുംബൈ വിമാനത്താവളത്തില്‍ നിന്ന് പ്രത്യേക വിമാനത്തിലാണ് ഇന്ത്യ വിട്ടത്.

ഷാര്‍ജ വിമാനത്താവളത്തില്‍ ഇറങ്ങിയ യുവതി, നാട്ടിലെ ആരോഗ്യ ഉദ്യോഗസ്ഥന് യുഎഇയില്‍ എത്തിയതായി സന്ദേശം അയയ്ക്കുകയായിരുന്നു. കൂടാതെ വിമാനത്താവളത്തില്‍ നടത്തിയ പരിശോധനയില്‍ തന്റെ പരിശോധനാഫലം നെഗറ്റീവായതായും സന്ദേശത്തില്‍ വ്യക്തമാക്കുന്നു. ആരോഗ്യവിഭാഗത്തിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് യുവതിക്കെതിരെ നടപടി സ്വീകരിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com