രാജ്യത്ത് ഉപതെരഞ്ഞെടുപ്പുകള്‍ നടത്താന്‍ പറ്റിയ സാഹചര്യമല്ല, ചവറ അടക്കം വോട്ടെടുപ്പ് മാറ്റിവെച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍

കേരളവും മധ്യപ്രദേശും അടക്കം നിരവധി സംസ്ഥാനങ്ങളില്‍ ഉപതെരഞ്ഞെടുപ്പ് നടക്കേണ്ടതുണ്ട്
രാജ്യത്ത് ഉപതെരഞ്ഞെടുപ്പുകള്‍ നടത്താന്‍ പറ്റിയ സാഹചര്യമല്ല, ചവറ അടക്കം വോട്ടെടുപ്പ് മാറ്റിവെച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍

ന്യൂഡല്‍ഹി :  രാജ്യത്ത് ഉപതെരഞ്ഞെടുപ്പുകള്‍ നടത്താന്‍ പറ്റിയ സാഹചര്യമല്ലെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിലയിരുത്തല്‍. ഈ പശ്ചാത്തലത്തില്‍ സെപ്റ്റംബര്‍ ഏഴുവരെ ലോക്‌സഭ, നിയമസഭാതെരഞ്ഞെടുപ്പുകള്‍ നടത്തുന്നത് മാറ്റിവെക്കാന്‍ കമ്മീഷന്‍ തീരുമാനിച്ചു. സംസ്ഥാനങ്ങളിലെ കോവിഡ് വ്യാപനവും ചില സംസ്ഥാനങ്ങളിലെ പ്രളയക്കെടുതിയും പരിഗണിച്ചാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം. 

പിന്നീട് ഉപതെരഞ്ഞെടുപ്പുകള്‍ നടത്തുന്നത് സംബന്ധിച്ച്, അപ്പോഴത്തെ സ്ഥിതിഗതികള്‍ വിലയിരുത്തിയശേഷം തീരുമാനമെടുക്കാമെന്നും കമ്മീഷന്‍ തീരുമാനിച്ചു. ഇക്കാര്യം പ്രധാനമന്ത്രിയുടെ ഓഫീസിനെ അറിയിക്കാനും തീരുമാനിച്ചിട്ടുണ്ട്. 

കേരളവും മധ്യപ്രദേശും അടക്കം നിരവധി സംസ്ഥാനങ്ങളില്‍ ഉപതെരഞ്ഞെടുപ്പ് നടക്കേണ്ടതുണ്ട്. സംസ്ഥാനത്തെ  ചവറ നിയമസഭാ മണ്ഡലത്തിൽ നടക്കേണ്ടിയിരുന്ന ഉപതെരഞ്ഞെടുപ്പും മാറ്റിവെച്ചതിൽ ഉൾപ്പെടുന്നു. സംസ്ഥാനത്ത് കുട്ടനാട്, ചവറ മണ്ഡലങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് നടത്തേണ്ടത്.  

ആറ് മാസം കഴിഞ്ഞ കുട്ടനാട് മണ്ഡലം സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനം എടുത്തിട്ടില്ല. കോവിഡ് പശ്ചാത്തലത്തിൽ നിലവിൽ തെരഞ്ഞെടുപ്പ് നടത്തുന്നതിൽ പ്രായോഗിക ബുദ്ധിമുട്ടുകളുണ്ടെന്നും നിര്‍ബന്ധമെങ്കിൽ ഓഗസ്റ്റിന് ശേഷം നടത്താമെന്നും സംസ്ഥാനത്തെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കറാം മീണ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെ നേരത്തെ അറിയിച്ചിരുന്നു. 

മധ്യപ്രദേശില്‍ ജ്യോതിരാദിത്യസിന്ധ്യയ്ക്ക് ഒപ്പം പോയ 22 എംഎല്‍എമാര്‍ രാജിവെച്ച ഒഴിവിലേക്കാണ് ഉപതെരഞ്ഞെടുപ്പ് നടത്തേണ്ടത്. നിയമം അനുസരിച്ച് സെപ്റ്റംബര്‍ 10 നകം ഇവിടെ തെരഞ്ഞെടുപ്പ് നടക്കേണ്ടതാണ്. മധ്യപ്രദേശും കേരളവും കൂടാതെ, ആസം, നാഗാലാന്‍ഡ്, ഉത്തര്‍പ്രദേശ്, ജാര്‍ഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലും ഉപതെരഞ്ഞെടുപ്പ് നടക്കേണ്ടതുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com