കോവിഡ് ബാധിച്ച നഴ്സിനെ പിരിച്ചുവിട്ടു; ടെസ്റ്റിന് ചാർജ് ഈടാക്കി; ഹൈക്കോടതിയിൽ ഹർജി

കോവിഡ് ബാധിച്ച നഴ്സിനെ പിരിച്ചുവിട്ടു; ടെസ്റ്റിന് ചാർജ് ഈടാക്കി; ഹൈക്കോടതിയിൽ ഹർജി

കോവിഡ് ബാധിച്ച നഴ്സിനെ പിരിച്ചുവിട്ടു; ടെസ്റ്റിന് ചാർജ് ഈടാക്കി; ഹൈക്കോടതിയിൽ ഹർജി

ന്യൂഡല്‍ഹി: അകാരണമായി ജോലിയില്‍ നിന്ന് പിരിച്ചുവിട്ടെന്ന പരാതിയുമായി കോവിഡ് ബാധിച്ച നഴ്‌സ്. ഡല്‍ഹി എച്എഎച് സെന്റിനറി ആശുപത്രിയിലെ നഴ്‌സായ ഗുഫ്‌റാന ഖാത്തൂന്‍ ആണ് തന്നെയും മറ്റ് 83 ജീവനക്കാരെയും അകാരണമായി പുറത്താക്കിയ ആശുപത്രി നടപടിക്കെതിരെ പരാതി നല്‍കിയത്. ഡല്‍ഹി ഹൈക്കോടതിക്കാണ് ഇവര്‍ പരാതി സമര്‍പ്പിച്ചത്. 

എച്എഎച് ആശുപത്രിയിലെ നഴ്‌സായ ഗുഫ്‌റാനയ്ക്ക് ജൂലൈ മൂന്നിന് നടത്തിയ പരിശോധനയില്‍ കോവിഡ് സ്ഥിരീകരിച്ചിരുന്നു. കോവിഡ് ലക്ഷണങ്ങള്‍ കാണിച്ചിട്ടും ഇവര്‍ക്ക് സൗജന്യ പരിശോധന നല്‍കാന്‍ ആശുപത്രി അധികൃതര്‍ തയ്യാറായില്ല. പരിശോധന നടത്തിയതിന്റെ പേരിൽ ഇവരിൽ നിന്ന് പണവും ഈടാക്കി.

പിന്നാലെ ജൂലൈ 11ന് ഇവരടക്കമുള്ളവരെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടതായി അറിയിച്ചു. അനുമതിയില്ലാതെ അവധിയെടുത്തതായി ചൂണ്ടിക്കാണിച്ചായിരുന്നു പുറത്താക്കല്‍. 

എന്നാല്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് മതിയായ സുരക്ഷാ ഉപകരണങ്ങളും അടിസ്ഥാന സൗകര്യങ്ങളും നല്‍കാന്‍ ആശുപത്രി അധികൃതര്‍ തയ്യാറായില്ല. ഈ സമീപനം ചോദ്യം ചെയ്തതിന്റെ പ്രതികാരമാണ് പുറത്താക്കല്‍ എന്നാണ് ജീവനക്കാര്‍ പറയുന്നത്. 

എന്‍ 95 മാസ്‌കുകള്‍, പിപിഇ, കുടിവെള്ളം, സൗജന്യ കോവിഡ് ടെസ്റ്റുകള്‍, ആരോഗ്യ പരിപാലന ഉദ്യോഗസ്ഥര്‍ക്ക് മതിയായ ക്വാറന്റൈന്‍ സൗകര്യങ്ങള്‍, ആവശ്യത്തിന് വിശ്രമം ലഭിച്ച് ജോലി ചെയ്യാനുള്ള സൗകര്യം എന്നിവ ആവശ്യപ്പെട്ടിരുന്നുവെന്ന് നഴ്‌സ് പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. ഇതിന്റെ പേരിലാണ് ഇപ്പോള്‍ ജീവനക്കാരെ ആശുപത്രി അധികൃതര്‍ പിരിച്ചുവിട്ടതെന്നും അവര്‍ ഹര്‍ജിയില്‍ പറയുന്നു.

കോവിഡ് രോഗികളെ ചികിത്സിക്കുന്നതിനായി അടിത്തിടപഴകുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് സുരക്ഷാ ഉപകരണങ്ങള്‍ നല്‍കണം. അപകട സാധ്യതകളുമായി ബന്ധപ്പെട്ട ഗുരുതരമായ ആശങ്കകള്‍ പരിഹരിക്കുന്നതിനും കോവിഡ് സംരക്ഷണ കിറ്റുകള്‍ ലഭ്യമാക്കിയിട്ടുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനും ഒരു കോവിഡ് മാനേജ്‌മെന്റ് പ്രോട്ടോക്കോള്‍ രൂപീകരിക്കണമെന്ന് ഇവര്‍ പരാതിയില്‍ ആവശ്യപ്പെട്ടു.  

84 നഴ്‌സിങ് ഉദ്യോഗസ്ഥരെ പിരിച്ചുവിടാന്‍ ആശുപത്രി മാനേജ്‌മെന്റ് സ്വീകരിച്ച നടപടി ഏകപക്ഷീയമാണ്. നടപടി സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്നതുമാണ്. കോവിഡ് സമയത്ത് ജീവനക്കാരെ ജോലിയില്‍ നിന്ന് പിരിച്ചുവിടുന്നതിനും വേതനം കുറയ്ക്കുന്നതിനുമെതിരെ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ പ്രത്യേക നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും അത് ആശുപത്രി അധികൃതര്‍ ലംഘിച്ചതായും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. 

ആശുപത്രി അധികൃതരുടെ ഈ നടപടി യുനൈറ്റഡ് നഴ്‌സസ് അസോസിയേഷനടക്കമുള്ള സംഘടനകള്‍ ഡല്‍ഹി മുഖ്യമന്ത്രി, തൊഴില്‍ മന്ത്രി എന്നിവരുടെ ശ്രദ്ധയില്‍ എത്തിച്ചിരുന്നു. വിഷയത്തില്‍ ഉടന്‍ ഇടപെടണമെന്നും അഭ്യര്‍ത്ഥിച്ചു. നിര്‍ഭാഗ്യവശാല്‍ നടപടിയൊന്നും ഉണ്ടായിട്ടില്ലെന്ന് ഹര്‍ജിക്കാരി കോടതിയെ അറിയിച്ചു. ദില്ലി സര്‍ക്കാരിന്റെ നിഷ്‌ക്രിയത്വത്തില്‍ ദുഃഖിതയായാണ് ഇപ്പോള്‍ ഹൈക്കോടതിയെ സമീപിച്ചതെന്നും അവര്‍ വ്യക്തമാക്കി. 

2017 മുതല്‍ ഈ ആശുപത്രിയില്‍ കരാര്‍ വ്യവസ്ഥയില്‍ നഴ്‌സായി ജോലി ചെയ്യുകയാണ് ഗുഫ്‌റാന. ഈ വര്‍ഷം സെപ്റ്റംബര്‍ വരെയാണ് കരാര്‍ കാലാവധി. അതിനിടെയാണ് അകാരണമായി ഇവരടക്കമുള്ള നഴ്‌സുമാരെ ആശുപത്രി ഇപ്പോള്‍ പുറത്താക്കിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com