ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

രാജസ്ഥാനില്‍ രാഷ്ട്രീയ നാടകം: തല്‍സ്ഥിതി തുടരാന്‍ ഹൈക്കോടതി നിര്‍ദേശം; സ്പീക്കര്‍ വീണ്ടും സുപ്രീം കോടതിയിലേക്ക്

എംഎല്‍എമാരെ അയോഗ്യരാക്കാനുള്ള നോട്ടീസില്‍ തിങ്കളാഴ്ച വരെ തല്‍സ്ഥിതി തുടരാനാണ് രാജസ്ഥാന്‍ ഹൈക്കോടതിയുടെ ഉത്തരവ്

ന്യൂഡല്‍ഹി: രാജസ്ഥാനില്‍ അശോക് ഗെഹ്‌ലോട്ട് സര്‍ക്കാരിനെതിരെ വിമത കോണ്‍ഗ്രസ് നേതാവ് സച്ചിന്‍ പൈലറ്റ് കലാപക്കൊടി ഉയര്‍ത്തിയതിനെത്തുടര്‍ന്നുള്ള രാഷ്ട്രീയ നാടകം വീണ്ടും സുപ്രീം കോടതിയിലേക്ക്. സച്ചിന്‍ പൈലറ്റിനെയും ഒപ്പമുള്ള എംഎല്‍എമാരെയും അയോഗ്യരാക്കാനുള്ള നീക്കം തിങ്കളാഴ്ച വരെ തടഞ്ഞ ഹൈക്കോടതി വിധിക്കെതിരെ സ്പീക്കര്‍ വീണ്ടും സുപ്രീം കോടതിയെ സമീപിക്കുമെന്നാണ് റിപ്പോര്‍ട്ട്.

എംഎല്‍എമാരെ അയോഗ്യരാക്കാനുള്ള നോട്ടീസില്‍ തിങ്കളാഴ്ച വരെ തല്‍സ്ഥിതി തുടരാനാണ് രാജസ്ഥാന്‍ ഹൈക്കോടതിയുടെ ഉത്തരവ്. ഹൈക്കോടതി വിധി പറയുന്നതിനു തൊട്ടുമുമ്പ് ഹര്‍ജിയില്‍ കേന്ദ്രത്തെ കക്ഷിചേര്‍ക്കണമെന്ന് ആവശ്യപ്പെട്ട് സച്ചിന്‍ പൈലറ്റ് പുതിയ ഹര്‍ജി നല്‍കി. ഇത് കോടതി അംഗീകരിച്ചു.

സച്ചിന്‍ പൈലറ്റ് നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി നടപടികള്‍ തടയണമെന്നാവശ്യപ്പെട്ട് സ്പീക്കര്‍ സിപി ജോഷി നല്‍കിയ ഹര്‍ജി കഴിഞ്ഞ ദിവസം സുപ്രീം കോടതി തള്ളിയിരുന്നു. ഹൈക്കോടതിക്കു ഹര്‍ജിയില്‍ വിധി പറയാമെന്ന് ജസ്റ്റിസ് അരുണ്‍ മിശ്രയുടെ അധ്യക്ഷതയിലുള്ള ബെഞ്ച് വ്യക്തമാക്കി. ഇതിനെത്തുടര്‍ന്നു ഇന്നു വിധിപറയാനിരിക്കെയാണ് പുതിയ നീക്കം.

നടപടി വരും മുന്‍പ് സ്പീക്കറുടെ പ്രവര്‍ത്തനത്തില്‍ ഇടപെടാന്‍ കോടതികള്‍ക്കാവില്ലെന്നാണ്, സ്പീക്കര്‍ സിപി ജോഷിക്കു വേണ്ടി ഹാജരായ കപില്‍ സിബല്‍ സുപ്രീം കോടതിയില്‍ വാദിച്ചത്. ജനാധിപത്യത്തില്‍ വിമത ശബ്ദങ്ങളെ അടിച്ചമര്‍ത്താനാവുമോയെന്ന് വാദത്തിനിടെ ജസ്റ്റിസ് അരുണ്‍ മിശ്ര ആരാഞ്ഞു. വിമത എംഎല്‍എമാരെയും ജനങ്ങള്‍ തെരഞ്ഞെടുത്തതാണെന്ന് കോടതി ചൂണ്ടിക്കാട്ടി. ഹൈക്കോടതിക്കു കേസില്‍ വിധി പറയാമെന്നും എന്നാല്‍ സുപ്രീം കോടതിയുടെ അന്തിമ വിധിക്ക് ഇത് വിധേയമായിരിക്കുമെന്നും ഉത്തരവില്‍ വ്യക്തമാക്കി.

അയോഗ്യരാക്കാതിരിക്കാന്‍ കാരണം കാണിക്കണമെന്ന് നിര്‍ദേശിച്ച് സ്പീക്കര്‍ സച്ചിനും മറ്റ് എംഎല്‍എമാര്‍ക്കും നോട്ടീസ് അയച്ചു. വിപ്പ് ലംഘിച്ച് നിയമസഭാ കക്ഷിയോഗത്തില്‍നിന്നു വിട്ടുനിന്ന സച്ചിന്‍  പൈലറ്റിനെയും മറ്റുള്ളവരെയും അയോഗ്യരാക്കണമെന്ന കോണ്‍ഗ്രസിന്റെ കത്ത് പരിഗണിച്ചാണ് സ്പീക്കറുടെ നടപടി. ഇതിനെതിരെയാണ് സച്ചിന്‍ പൈലറ്റും കൂടെയുള്ള എംഎല്‍എമാരും ഹൈക്കോടതിയെ സമീപിച്ചത്. സഭാ സമ്മേളന കാലയളവ് അല്ലാത്തതിനാല്‍ വിപ്പ് ബാധകമല്ലെന്നാണ് അവര്‍ കോടതിയില്‍ വാദിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com