എട്ട് വയസുകാരനെ വിട്ടയക്കാൻ ആവശ്യപ്പെട്ടത് നാല് കോടി; ക്രിമിനൽ സംഘത്തെ ആക്രമിച്ച് കീഴ്പ്പെടുത്തി; കുട്ടിയെ വീണ്ടെടുത്തു

എട്ട് വയസുകാരനെ വിട്ടയക്കാൻ ആവശ്യപ്പെട്ടത് നാല് കോടി; ക്രിമിനൽ സംഘത്തെ ആക്രമിച്ച് കീഴ്പ്പെടുത്തി; കുട്ടിയെ വീണ്ടെടുത്തു
എട്ട് വയസുകാരനെ വിട്ടയക്കാൻ ആവശ്യപ്പെട്ടത് നാല് കോടി; ക്രിമിനൽ സംഘത്തെ ആക്രമിച്ച് കീഴ്പ്പെടുത്തി; കുട്ടിയെ വീണ്ടെടുത്തു

ലഖ്നൗ: ഉത്തർപ്രദേശിലെ ഗോണ്ടയിൽ നിന്ന് തട്ടിക്കൊണ്ടുപോയ എട്ട് വയസുകാരനെ മോചിപ്പിച്ചു. ഉത്തർപ്രദേശ് പൊലീസും പ്രത്യേക ദൗത്യ സംഘവും സംയുക്തമായി നടത്തിയ ഓപറേഷനിലാണ് അക്രമികളെ കീഴ്പ്പെടുത്തി കുട്ടിയെ രക്ഷപ്പെടുത്തിയത്. മണിക്കൂറുകൾ നീണ്ട ആശങ്കയ്ക്ക് ഇതോടെ വിരാമമായി.

വെള്ളിയാഴ്ച ഉച്ചയോടെയാണ് ഗോണ്ടയിലെ പ്രമുഖ ഗുട്ക വ്യവസായിയുടെ കൊച്ചുമകനെ ഒരു സംഘം തട്ടിക്കൊണ്ടുപോയത്. ആരോഗ്യ പ്രവർത്തകരെന്ന വ്യാജേനയെത്തിയായിരുന്നു തട്ടിക്കൊണ്ടുപോകൽ. കാറിൽ പ്രദേശത്തെത്തിയ സംഘം ആദ്യം സാനിറ്റൈസറും മാസ്ക്കുകളും വിതരണം ചെയ്തിരുന്നു. അതിനിടെ കൂടുതൽ സാനിറ്റൈസറും മാസ്കും നൽകാമെന്ന് പറഞ്ഞ് കുട്ടിയെ കാറിനടുത്തേക്ക് വിളിച്ചു. കുട്ടി അടുത്തെത്തിയപ്പോൾ കാറിലേക്ക് തള്ളിയിട്ട് വേഗത്തിൽ വാഹനം ഓടിച്ചു പോവുകയായിരുന്നു.

സംഭവം നടന്ന് മണിക്കൂറുകൾക്കുള്ളിൽ കുട്ടിയുടെ ബന്ധുക്കൾക്ക് മോചനദ്രവ്യം ആവശ്യപ്പെട്ട് ഫോൺ വിളിയെത്തി. നാല് കോടി രൂപ നൽകിയാൽ കുട്ടിയെ വിട്ടുനൽകാമെന്നാണ് ഫോണിൽ വിളിച്ച സ്ത്രീ പറഞ്ഞത്. ഇതിനിടെ പ്രത്യേക സംഘങ്ങളെ നിയോഗിച്ച് പൊലീസും അന്വേഷണം ആരംഭിച്ചു.

ശനിയാഴ്ച രാവിലെയാണ് തട്ടിക്കൊണ്ടുപോയ കുട്ടി ഗോണ്ടയിൽ തന്നെയുണ്ടെന്ന് പൊലീസ് സ്ഥിരീകരിച്ചത്. സംഘത്തിന്റെ താവളം മനസിലാക്കിയ പൊലീസും പ്രത്യേക ദൗത്യ സംഘവും ഇവിടേക്ക് കുതിച്ചു. ഒടുവിൽ ഏറ്റുമുട്ടലിനൊടുവിൽ കുട്ടിയെ മോചിപ്പിക്കുകയും പ്രതികളായ അഞ്ച് പേരെ പിടികൂടുകയും ചെയ്തു.

സൂരജ് പാണ്ഡെ, ഛാവി പാണ്ഡെ, രാജ് പാണ്ഡെ, ഉമേഷ് യാദവ്, ദീപു കശ്യപ് എന്നിവരാണ് പിടിയിലായതെന്ന് പൊലീസ് പറഞ്ഞു. മൂന്ന് തോക്കുകളും കാറും ഇവരിൽ നിന്ന് പിടിച്ചെടുത്തു. കുട്ടിയെ മോചിപ്പിച്ച പൊലീസ് സംഘത്തിന് രണ്ട് ലക്ഷം രൂപ പാരിതോഷികം നൽകുമെന്ന് ഉത്തർപ്രദേശ് സർക്കാർ അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com