കളിക്കുന്നതിനിടെ കാറില്‍ കയറി; ഡോര്‍ തുറക്കാനാകാതെ കുടുങ്ങിക്കിടന്നത് രണ്ട് മണിക്കൂര്‍; രണ്ട് കുട്ടികള്‍ ശ്വാസംമുട്ടി മരിച്ചു; ദാരുണം

കളിക്കുന്നതിനിടെ കാറില്‍ കയറി; ഡോര്‍ തുറക്കാനാകാതെ കുടുങ്ങിക്കിടന്നത് രണ്ട് മണിക്കൂര്‍; രണ്ട് കുട്ടികള്‍ ശ്വാസംമുട്ടി മരിച്ചു; ദാരുണം
കളിക്കുന്നതിനിടെ കാറില്‍ കയറി; ഡോര്‍ തുറക്കാനാകാതെ കുടുങ്ങിക്കിടന്നത് രണ്ട് മണിക്കൂര്‍; രണ്ട് കുട്ടികള്‍ ശ്വാസംമുട്ടി മരിച്ചു; ദാരുണം

ചെന്നൈ: കാറിനകത്ത് കുടുങ്ങി രണ്ട് കുട്ടികള്‍ ശ്വാസംമുട്ടി മരിച്ചു. രണ്ട് മണിക്കൂറോളം കാറില്‍ കുടുങ്ങിയ ഏഴും നാലും വയസുള്ള പെണ്‍കുട്ടികളാണ് മരിച്ചത്. തമിഴ്‌നാട്ടിലെ കല്ലക്കുറിച്ചി ജില്ലയിലെ ഗ്രാമത്തിലാണ് ദാരുണ സംഭവം. രാജേശ്വരി (7), വനിത (4) എന്നീ കുട്ടികളാണ് മരിച്ചത്. 

അയല്‍ക്കാരായ കുട്ടികള്‍ വീടിന് മുന്നിലെ തെരുവില്‍ കളിക്കുന്നതിനിടെയാണ് അപകടത്തില്‍പ്പെട്ടത്. ഇവര്‍ കളിക്കുന്നതിന് അടുത്ത് തന്നെ മറ്റൊരു അയല്‍വാസിയായ രാജ എന്നയാളുടെ ഉപയോഗിക്കാത്ത കാര്‍ നിര്‍ത്തിയിട്ടിരുന്നു. കളിക്കിടെ കുട്ടികള്‍ ഇതിനകത്ത് കയറി. രണ്ട് മണിക്കൂറോളമാണ് കുട്ടികള്‍ കാറില്‍ കുടുങ്ങിയത്. ഇരുവരേയും പിന്നീട് കണ്ടെത്തി ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. 

രണ്ട് വര്‍ഷം മുന്‍പ് ഒരു അപകടത്തില്‍പ്പെട്ട കാറാണിതെന്ന് പൊലീസ് പറയുന്നു. ഉപയോഗിക്കാതെ കിടക്കുന്ന കാറിന്റെ ഡോറുകള്‍ ഉള്ളില്‍ നിന്ന് തുറക്കാന്‍ സാധിക്കില്ല. പുറത്തു നിന്ന് മാത്രമേ തുറക്കാന്‍ സാധിക്കു എന്നും പൊലീസ് പറയുന്നു. കാറിന്റെ ഉടമയെ ചോദ്യം ചെയ്യുമെന്നും പൊലീസ് വ്യക്തമാക്കി. 

കുട്ടികളെ കാറിനുള്ളില്‍ അബോധാവസ്ഥയില്‍ ചിലര്‍ കണ്ടതോടെയാണ് ഇവര്‍ കാറില്‍ കുടുങ്ങിയത് മറ്റുള്ളവര്‍ അറിഞ്ഞത്. ഉടന്‍ തന്നെ രണ്ട് കുട്ടികളുടേയും വീട്ടുകാരെ അറിയിച്ച നാട്ടുകാര്‍ കുട്ടികളെ ഉടന്‍ തന്നെ തിരുക്കോവിലൂര്‍ ജനറല്‍ ആശുപത്രിയിലെത്തിച്ചു. എന്നാല്‍ അപ്പോഴേക്കും കുട്ടികള്‍ മരിച്ചതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. 

മരണവുമായി ബന്ധപ്പെട്ട് കുട്ടികളുടെ ബന്ധുക്കള്‍ പരാതിയൊന്നും നല്‍കിയിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കി. എന്നാല്‍ പൊലീസ് സ്വമേധയാ കേസെടുത്തതായും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com