രാഷ്ട്രപതിയെ സമീപിക്കാന്‍ കോണ്‍ഗ്രസ്; വേണ്ടിവന്നാല്‍ മോദിയുടെ വസതിയ്ക്ക് മുന്നില്‍ സമരമിരിക്കുമെന്ന് ഗെഹ്‌ലോട്ട്

ഗെഹ്‌ലോട്ടിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ രാവിലെ രാജ്ഭവന് മുന്നില്‍ പ്രതിഷേധം നടത്തിയിരുന്നു
രാഷ്ട്രപതിയെ സമീപിക്കാന്‍ കോണ്‍ഗ്രസ്; വേണ്ടിവന്നാല്‍ മോദിയുടെ വസതിയ്ക്ക് മുന്നില്‍ സമരമിരിക്കുമെന്ന് ഗെഹ്‌ലോട്ട്

ജയ്പൂര്‍: രാജസ്ഥാനില്‍ നിയമസഭ സമ്മേളനം വിളിക്കണമെന്ന മന്ത്രിസഭയുടെ ആവശ്യം ഗവര്‍ണര്‍ കല്‍രാജ് മിശ്ര അംഗീകരിക്കാത്ത സാഹചര്യത്തില്‍, ആവശ്യമെങ്കില്‍ രാഷ്ട്രപതിയെ സമീപിക്കുമെന്ന് മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട്. രാഷ്ട്രപതി ഭവനിലേക്ക് പോകുമെന്നും ആവശ്യമെങ്കില്‍ പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നില്‍ സമരം നടത്തുമെന്നും കോണ്‍ഗ്രസ് നിയസഭ കക്ഷി യോഗത്തില്‍ അദ്ദേഹം പറഞ്ഞു. 

ഗെഹ്‌ലോട്ടിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ രാവിലെ രാജ്ഭവന് മുന്നില്‍ പ്രതിഷേധം നടത്തിയിരുന്നു. 109 എംഎല്‍എമാര്‍ തനിക്കൊപ്പമുണ്ടെന്ന് ഗെഹ്‌ലോട്ട് അവകാശപ്പെട്ടു.

ബസുകളിലും കാറുകളിലുമായി എത്തിയ എംഎല്‍എമാര്‍ രാജ്ഭവനു മുന്നില്‍ കുത്തിയിരുപ്പു നടത്തുകയായിരുന്നു. ഗെഹ്‌ലോട്ടിനു സിന്ദാബാദ് വിളിച്ചുകൊണ്ടായിരുന്നു പ്രകടനം.

എംഎല്‍എമാരെ അയോഗ്യരാക്കാനുള്ള നോട്ടീസില്‍ തിങ്കളാഴ്ച വരെ തല്‍സ്ഥിതി തുടരാനാണ് രാജസ്ഥാന്‍ ഹൈക്കോടതി ഉത്തരവിട്ടതിനു പിന്നാലെയാണ് ഗെഹ്‌ലോട്ട് ഗവര്‍ണറെ കണ്ടത്. ഹൈക്കോടതി വിധി പറയുന്നതിനു തൊട്ടുമുമ്പ് ഹര്‍ജിയില്‍ കേന്ദ്രത്തെ കക്ഷിചേര്‍ക്കണമെന്ന് ആവശ്യപ്പെട്ട് സച്ചിന്‍ പൈലറ്റ് പുതിയ ഹര്‍ജി നല്‍കി. ഇത് കോടതി അംഗീകരിച്ചിട്ടുണ്ട്.

സച്ചിന്‍ പൈലറ്റ് നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി നടപടികള്‍ തടയണമെന്നാവശ്യപ്പെട്ട് സ്പീക്കര്‍ സിപി ജോഷി നല്‍കിയ ഹര്‍ജി കഴിഞ്ഞ ദിവസം സുപ്രീം കോടതി തള്ളിയിരുന്നു. ഹൈക്കോടതിക്കു ഹര്‍ജിയില്‍ വിധി പറയാമെന്ന് ജസ്റ്റിസ് അരുണ്‍ മിശ്രയുടെ അധ്യക്ഷതയിലുള്ള ബെഞ്ച് വ്യക്തമാക്കി. ഇതിനെത്തുടര്‍ന്നു ഇന്നു വിധിപറയാനിരിക്കെയാണ് പുതിയ നീക്കം.

നടപടി വരും മുന്‍പ് സ്പീക്കറുടെ പ്രവര്‍ത്തനത്തില്‍ ഇടപെടാന്‍ കോടതികള്‍ക്കാവില്ലെന്നാണ്, സ്പീക്കര്‍ സിപി ജോഷിക്കു വേണ്ടി ഹാജരായ കപില്‍ സിബല്‍ സുപ്രീം കോടതിയില്‍ വാദിച്ചത്. ജനാധിപത്യത്തില്‍ വിമത ശബ്ദങ്ങളെ അടിച്ചമര്‍ത്താനാവുമോയെന്ന് വാദത്തിനിടെ ജസ്റ്റിസ് അരുണ്‍ മിശ്ര ആരാഞ്ഞു. വിമത എംഎല്‍എമാരെയും ജനങ്ങള്‍ തെരഞ്ഞെടുത്തതാണെന്ന് കോടതി ചൂണ്ടിക്കാട്ടി. ഹൈക്കോടതിക്കു കേസില്‍ വിധി പറയാമെന്നും എന്നാല്‍ സുപ്രീം കോടതിയുടെ അന്തിമ വിധിക്ക് ഇത് വിധേയമായിരിക്കുമെന്നും ഉത്തരവില്‍ വ്യക്തമാക്കി.

അയോഗ്യരാക്കാതിരിക്കാന്‍ കാരണം കാണിക്കണമെന്ന് നിര്‍ദേശിച്ച് സ്പീക്കര്‍ സച്ചിനും മറ്റ് എംഎല്‍എമാര്‍ക്കും നോട്ടീസ് അയച്ചു. വിപ്പ് ലംഘിച്ച് നിയമസഭാ കക്ഷിയോഗത്തില്‍നിന്നു വിട്ടുനിന്ന സച്ചിന്‍ പൈലറ്റിനെയും മറ്റുള്ളവരെയും അയോഗ്യരാക്കണമെന്ന കോണ്‍ഗ്രസിന്റെ കത്ത് പരിഗണിച്ചാണ് സ്പീക്കറുടെ നടപടി. ഇതിനെതിരെയാണ് സച്ചിന്‍ പൈലറ്റും കൂടെയുള്ള എംഎല്‍എമാരും ഹൈക്കോടതിയെ സമീപിച്ചത്. സഭാ സമ്മേളന കാലയളവ് അല്ലാത്തതിനാല്‍ വിപ്പ് ബാധകമല്ലെന്നാണ് അവര്‍ കോടതിയില്‍ വാദിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com