'കോവിഡ് പ്രതിരോധം മറ്റൊരു യുദ്ധം; പലയിടത്തും അതിവേഗം പടരുന്നു'- ഓർമിപ്പിച്ച് പ്രധാനമന്ത്രി
By സമകാലിക മലയാളം ഡെസ്‌ക് | Published: 26th July 2020 12:41 PM |
Last Updated: 26th July 2020 12:41 PM | A+A A- |
ന്യൂഡൽഹി: കാർഗിൽ യുദ്ധ വിജയ ദിനത്തിൽ വീരമൃത്യു വരിച്ച സൈനികരെ അനുസ്മരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിവാര റേഡിയോ പ്രഭാഷണ പരിപാടിയായ മൻ കി ബാത്തിൽ സംസാരിക്കവേയാണ് അദ്ദേഹം കാർഗിൽ യുദ്ധത്തിൽ വീരമൃത്യു വരിച്ച സൈനികരെ അദ്ദേഹം അനുസ്മരിച്ചത്.
കാർഗിൽ യുദ്ധ വിജയം എന്നും പ്രചോദനമാണ്. ധീരന്മാരായ സൈനികരെ അഭിവാദ്യം ചെയ്യുന്നു. ഇന്ത്യയുടെ സൗഹൃദത്തെ പാകിസ്ഥാൻ പിന്നിൽ നിന്നു കുത്തുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
21 വർഷങ്ങൾക്ക് മുമ്പ് ഇതേ ദിവസം നമ്മുടെ സൈന്യം കാർഗിൽ യുദ്ധത്തിൽ വിജയം നേടി. പാകിസ്താനുമായി നല്ല ബന്ധം പുലർത്താനാണ് ഇന്ത്യ അന്ന് ശ്രമിച്ചത്. എന്നാൽ ഒരു കാരണവുമില്ലാതെ ശത്രുത പുലർത്തുന്നത് ദുഷ്ടന്മാരുടെ സ്വഭാവമാണ്. അകാരണമായ ശത്രുത പാകിസ്ഥാന്റെ സ്വഭാവമാണെന്ന് മോദി പറഞ്ഞു. ഇന്ത്യയുടെ ഭൂമി പിടിച്ചെടുക്കാനും ആഭ്യന്തര കലഹങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനുമുള്ള ദുഷിച്ച പദ്ധതികളോടെയാണ് പാകിസ്ഥാൻ ഈ നീക്കം നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തെ കോവിഡ് രോഗ മുക്തി നിരക്ക് മറ്റ് രാജ്യങ്ങളേക്കാൾ ഭേദപ്പെട്ട നിലയിലാണ്. കോവിഡ് മൂലം മരിക്കുന്നവരുടെ എണ്ണത്തിലും മറ്റ് രാജ്യങ്ങളേക്കാൾ കുറവാണ് രേഖപ്പെടുത്തുന്നത്. ലക്ഷക്കണക്കിന് ആളുകളുടെ ജീവൻ രക്ഷിക്കാൻ നമുക്ക് സാധിച്ചു. എന്നാൽ കൊറോണ വൈറസ് ഭീതി അവസാനിച്ചിട്ടില്ല. കൂടുതൽ ഭാഗങ്ങളിലേക്ക് വൈറസ് വളരെ വേഗമാണ് പടരുന്നത്. നമ്മൾ ജാഗരൂകരായി തുടരേണ്ടതുണ്ടെന്നും മോദി പറഞ്ഞു.
തുടക്കത്തേക്കാൾ കോവിഡിന്റെ വ്യാപനം കൂടുതലാണ് ഇപ്പോഴെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. കോവിഡ് പ്രതിരോധ പോരാളികളെ ജനം ഓർക്കണമെന്നും കോവിഡ് പ്രതിരോധം മറ്റൊരു യുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. മാസ്‌ക് ധരിക്കുന്നതിൽ അലസത കാണിക്കരുത്. കോവിഡിനെതിരെ എല്ലാ ശക്തിയും ഉപയോഗിച്ച് പോരാടണം. ഈ പോരാട്ടം ജയിച്ചേ പറ്റുവെന്നും മോദി പറഞ്ഞു.
തുടർന്ന് ജമ്മു കശ്മീരിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ മുന്നിട്ടിറങ്ങിയവരെ മോദി പ്രത്യേകം പരാമർശിച്ചു. അനന്ത്‌നാഗ് മുൻസിപ്പൽ കമ്മീഷണർ മൊഹമ്മദ് ഇഖ്ബാൽ, ജമ്മുവിലെ ത്രേവയിലുള്ള ബൽബിർ കൗൺ എന്ന സർപഞ്ച് എന്നിവരെയാണ് മോദി പ്രത്യേകം പരാമർശിച്ചത്.
മൊഹമ്മദ് ഇഖ്ബാൽ 50,000 രൂപ ചെലവ് വരുന്ന സ്‌പ്രേയർ മെഷീൻ സ്വന്തമായി വികസിപ്പിച്ചപ്പോൾ ബൽബിർ കൗർ കോവിഡ് രോഗികളെ ചികിത്സിക്കുന്നതിനായുള്ള കിടക്കകൾ നിർമിച്ച് നൽകുകയുണ്ടായെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇത്തരത്തിൽ നിരവധി പ്രചോദനപരമായ കാര്യങ്ങൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഉയർന്നുവന്നുവെന്നും അദ്ദേഹം പറഞ്ഞു.
രക്ഷാബന്ധൻ വരികയാണ്. പ്രാദേശികമായ ഉത്പാദനത്തെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള പദ്ധതികളുമായി രക്ഷാബന്ധൻ ആഘോഷിക്കാനുള്ള ശ്രമങ്ങൾ പലരും നടത്തുന്നു. ഇത് ശരിയായ തീരുമാനമാണെന്നും മോദി പറഞ്ഞു.