കോവിഡിന് ചികിത്സ; ഫീസ് 30,000; ആള്‍ദൈവം 'കൊറോണ ബാബ' പിടിയില്‍

കോവിഡിന് ചികിത്സ; ഫീസ് 30,000; ആള്‍ദൈവം 'കൊറോണ ബാബ' പിടിയില്‍
കോവിഡിന് ചികിത്സ; ഫീസ് 30,000; ആള്‍ദൈവം 'കൊറോണ ബാബ' പിടിയില്‍

ഹൈദരാബാദ്: കോവിഡ് ചികിത്സിച്ച് മാറ്റാമെന്ന് പറഞ്ഞ് ആളുകളെ വഞ്ചിച്ച് പണം തട്ടിയ ആള്‍ദൈവവും സഹായിയും പിടിയില്‍. 'കൊറോണ ബാബ' എന്ന് സ്വയം വിശേഷിപ്പിക്കുന്ന എംഡി ഇസ്മയില്‍, എംഡി സലീം എന്നിവരാണ് അറസ്റ്റിലായത്. തെലങ്കാനയിലെ രംഗറെഡ്ഡി ജില്ലയിലാണ് സംഭവം. ഇരുവര്‍ക്കുമെതിരെ എപിഡമിക് ആക്ട് പ്രകാരമാണ് കേസെടുത്തത്. 

തെലങ്കാനയിലെ ഹാഫിസ്‌പെറ്റിലുള്ള മര്‍ത്തണ്ട നഗറിലാണ് ഇരുവരും താമസിച്ചിരുന്നത്. കൊറോണ ചികിത്സിച്ചു ഭേദമാക്കാമെന്ന് വിശ്വസിപ്പിച്ചായിരുന്നു ഇവരുടെ തട്ടിപ്പ്. ചികിത്സയ്ക്കായി ഒരാളില്‍ നിന്ന് 12,000 രൂപ മുതല്‍ 30,000 രൂപ വരെ വാങ്ങിയിരുന്നുവെന്ന് പൊലീസ് പറയുന്നു. വാട്‌സാപ്പ് ഗ്രൂപ്പുകള്‍ വഴി ചികിത്സയുടെ കാര്യങ്ങള്‍ ഇവര്‍ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. 

വഞ്ചനയ്ക്ക് ഇരയായ രണ്ട് പേര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് ഇരുവരേയും അറസ്റ്റ് ചെയ്തത്. ഇരുവരേയും പിടികൂടിയതോടെ കേസില്‍ കൂടുതല്‍ ആളുകള്‍ വെളിപ്പെടുത്തലുമായി രംഗത്തെത്തുമെന്നാണ് പൊലീസ് പ്രതീക്ഷിക്കുന്നത്. കോവിഡ് ലക്ഷണം കണ്ടാല്‍ ഇത്തരം തട്ടിപ്പ് കേന്ദ്രങ്ങളെ സമീപിക്കാതെ ആശുപത്രിയില്‍ പോയി ചികിത്സ തേടണമെന്ന് പൊലീസ് വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com