അപ്രതീക്ഷിത നീക്കവുമായി ബിഎസ്പി ; ഗെഹലോട്ട് സർക്കാരിനെതിരെ വിപ്പ് ; സുപ്രീംകോടതിയിലെ ഹര്‍ജി പിന്‍വലിച്ച് സ്പീക്കര്‍

വിപ്പ് ലംഘിക്കുന്നവര്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്ന് ബിഎസ്പി രാജസ്ഥാന്‍ അധ്യക്ഷന്‍ ഭഗവാന്‍ സിങ് ബാബ അറിയിച്ചു
അപ്രതീക്ഷിത നീക്കവുമായി ബിഎസ്പി ; ഗെഹലോട്ട് സർക്കാരിനെതിരെ വിപ്പ് ; സുപ്രീംകോടതിയിലെ ഹര്‍ജി പിന്‍വലിച്ച് സ്പീക്കര്‍


ജയ്പൂര്‍ : രാഷ്ട്രീയപ്രതിസന്ധി നേരിടുന്ന രാജസ്ഥാനില്‍ അപ്രതീക്ഷിത നീക്കവുമായി ബിഎസ്പി. അശോക് ഗെഹലോട്ടിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാരിനെതിരെ വോട്ടുചെയ്യാന്‍ ബിഎസ്പി എംഎല്‍എമാര്‍ക്ക് പാര്‍ട്ടി വിപ്പ് നല്‍കി. വിപ്പ് ലംഘിക്കുന്നവര്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്ന് ബിഎസ്പി രാജസ്ഥാന്‍ അധ്യക്ഷന്‍ ഭഗവാന്‍ സിങ് ബാബ അറിയിച്ചു. 

രാജസ്ഥാനിലെ ബിഎസ്പി എംഎല്‍എമാര്‍ നേരത്തെ കോണ്‍ഗ്രസില്‍ ലയിച്ചിരുന്നു. എന്നാല്‍ ആറുപേരും വിജയിച്ചത് ബിഎസ്പി ടിക്കറ്റിലാണെന്നും, ആരും കോണ്‍ഗ്രസിന്‍രെ പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതരായിരുന്നില്ലെന്നും പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ ഭഗവാന്‍ സിങ് ബാബ പറഞ്ഞു. 

നിരന്തര കൂടിയാലോചനകള്‍ക്ക് ശേഷമാണ് ബിഎസ്പി അധ്യക്ഷ തീരുമാനമെടുത്തത്. തങ്ങള്‍ ഈ നിര്‍ദേശം അംഗീകരിക്കുകയാണ്. എംഎല്‍എമാര്‍ പാര്‍ട്ടിയില്‍ ലയിച്ചത് ഇതാദ്യമല്ല. 2008 ലും ഇത്തരം സംഭവമുണ്ടായിരുന്നു. ബിഎസ്പി ടിക്കറ്റില്‍ ജയിച്ച എംഎല്‍എമാര്‍ പാര്‍ട്ടി വിപ്പ് അംഗീകരിക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. 

അതിനിടെ ബിഎസ്പി-കോണ്‍ഗ്രസ് ലയനം ഭരണഘടനാവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ബിഎസ്പി ദേശീയ ജനറല്‍ സെക്രട്ടറി സതീഷ് ചന്ദ്ര ഗവര്‍ണര്‍ക്കും രാജസ്ഥാന്‍ സ്പീക്കര്‍ക്കും കത്തുനല്‍കിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയില്‍ ഇരിക്കുകയാണെന്നും ബിജെപി സംസ്ഥാന പ്രസിഡന്റ് സതീഷ് പൂനിയ പറഞ്ഞു. രാഷ്ട്രീയപ്രതിസന്ധിയെ തുടര്‍ന്ന് രാജസ്ഥാനില്‍ ക്രമസമാധാന നില തകര്‍ന്നെന്നും, സര്‍ക്കാര്‍ പിരിച്ചുവിട്ട് സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്നും ബിഎസ്പി ദേശീയ ജനറല്‍ സെക്രട്ടറി സതീഷ് ചന്ദ്ര ഗവര്‍ണറോട് ആവശ്യപ്പെട്ടിരുന്നു. 

അതിനിടെ, വിമത കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്കെതിരേയുള്ള നോട്ടീസില്‍ നടപടിയെടുക്കരുതെന്ന രാജസ്ഥാന്‍ ഹൈക്കോടതി ഉത്തരവിനെതിരേ സ്പീക്കര്‍ സി പി ജോഷി സുപ്രീംകോടതിയിൽ നല്‍കിയ ഹര്‍ജി പിൻവലിച്ചു. ഹർജി ഇന്ന് പരി​ഗണിക്കാനിരിക്കെയാണ് സ്പീക്കറുടെ അഭിഭാഷകൻ കപിൽ സിബൽ ഹർജി പിൻവലിക്കുകയാണെന്ന് കോടതിയെ അറിയിച്ചത്. 

ഹൈക്കോടതി വിധിയിൽ ​ഗുരുതരമായ ഭരണഘടനാ പ്രശ്നങ്ങളുണ്ടെന്ന് സിബൽ പറഞ്ഞു. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി പുതിയ ഹർജി നൽകാനാണ് സ്പീക്കർ ആലോചിക്കുന്നതെന്നാണ് സൂചന. രാജസ്ഥാനിലെ വിഷയം സുപ്രീംകോടതിക്ക് മുന്നിലെത്തിച്ചത് സംബന്ധിച്ച് കോണ്‍ഗ്രസില്‍ അഭിപ്രായ ഭിന്നതയുണ്ടെന്ന് റിപ്പോര്‍ട്ടുകൾ പുറത്തുവന്നിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com