അഞ്ചാം ക്ലാസ് വരെ പഠനം മാതൃഭാഷയില്‍, അടിസ്ഥാന വിദ്യാഭ്യാസ ഘടനയില്‍ മാറ്റം, കോളജ് പ്രവേശനത്തിന് പൊതുപ്രവേശന പരീക്ഷ; പുതിയ വിദ്യാഭ്യാസം നയം ഇങ്ങനെ 

വിദ്യാഭ്യാസരംഗത്ത് അടിമുടി പരിഷ്‌കാരം നിര്‍ദേശിക്കുന്ന കരട് ദേശീയ വിദ്യാഭ്യാസ നയത്തിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം
അഞ്ചാം ക്ലാസ് വരെ പഠനം മാതൃഭാഷയില്‍, അടിസ്ഥാന വിദ്യാഭ്യാസ ഘടനയില്‍ മാറ്റം, കോളജ് പ്രവേശനത്തിന് പൊതുപ്രവേശന പരീക്ഷ; പുതിയ വിദ്യാഭ്യാസം നയം ഇങ്ങനെ 

ന്യൂഡല്‍ഹി: വിദ്യാഭ്യാസരംഗത്ത് അടിമുടി പരിഷ്‌കാരം നിര്‍ദേശിക്കുന്ന കരട് ദേശീയ വിദ്യാഭ്യാസ നയത്തിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം. മൂന്ന് മുതല്‍ 18 വയസ്സു വരെ പ്രായപരിധിയിലുളളവര്‍ക്ക് വിദ്യാഭ്യാസം നിര്‍ബന്ധമാക്കും. കോളജ് പ്രവേശനത്തിന് രാജ്യമൊട്ടാകെ പൊതു പരീക്ഷ നടത്തും. എംഫില്‍ പഠനം അവസാനിപ്പിക്കും. ഇതടക്കം വിദ്യാഭ്യാസ രംഗത്ത് കാതലമായ മാറ്റങ്ങള്‍ നിര്‍ദേശിക്കുന്നതാണ് പുതിയ വിദ്യാഭ്യാസ നയം.

പ്ല‌സ്ടു വരെയുളള അടിസ്ഥാന വിദ്യാഭ്യാസ രംഗത്തും ഉന്നത വിദ്യാഭ്യാസ രംഗത്തും അടിമുടി പരിഷ്‌കാരം നിര്‍ദേശിക്കുന്നതാണ് പുതിയ ദേശീയ വിദ്യാഭ്യാസ നയം. നിലവില്‍ 10 വര്‍ഷത്തൊടൊപ്പം ഉന്നത വിദ്യാഭ്യാസത്തിന് അടിസ്ഥാനമാകുന്ന അധിക രണ്ടു വര്‍ഷം കൂടി ഉള്‍പ്പെടുന്ന അടിസ്ഥാന വിഭ്യാഭ്യാസ രീതിയാണ് നിലനില്‍ക്കുന്നത്. പുതിയ വിദ്യാഭ്യാസ നയം അനുസരിച്ച് ഇതിനെ നാലാക്കി തിരിക്കും. 5+3+3+4 എന്ന ഘടനയിലേക്കാണ് മാറുക. അതായത് ആദ്യ അഞ്ചുവര്‍ഷകാലം അടിസ്ഥാന പഠനത്തിനാണ് ഊന്നല്‍. പ്രീപ്രൈമറി സ്‌കൂളും ഒന്നാം ക്ലാസും രണ്ടാം ക്ലാസും ഉള്‍പ്പെടുന്നതാണ് ഈ ഘട്ടം. മൂന്നാം ക്ലാസ് മുതല്‍ അഞ്ചാം ക്ലാസ് വരെ അടങ്ങുന്നതാണ് അടുത്ത ഘട്ടം. അഞ്ചാം ക്ലാസ് വരെ പഠനം മാതൃഭാഷയിലാകും. ആറാം ക്ലാസ് മുതല്‍ എട്ടാം ക്ലാസ് വരെയുളളതാണ് മൂന്നാം ഘട്ടം. ഇതിനെ വിദ്യാഭ്യാസത്തിലെ മധ്യകാലമായാണ് അടയാളപ്പെടുത്തുന്നത്. നാലുവര്‍ഷം അടങ്ങുന്ന സെക്കന്‍ഡറി ഘട്ടമാണ് അവസാനത്തേത്. വിവിധ സ്ട്രീമുകള്‍ തിരിച്ചുളള പഠനരീതി ഇനി മുതല്‍ ആവശ്യമില്ലെന്ന് പുതിയ വിദ്യാഭ്യാസ നയം ചൂണ്ടിക്കാണിക്കുന്നു.

ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കായി ഏകീകൃത നിയന്ത്രണ സംവിധാനമാണ് ദേശീയ വിദ്യാഭ്യാസ നയം നിര്‍ദേശിച്ചത്. എംഫില്‍ അവസാനിപ്പിക്കണമെന്നും പുതിയ വിദ്യാഭ്യാസ നയം ആവശ്യപ്പെടുന്നു. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രൊഫഷണല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളും വിവിധ പഠന ശാഖകളെ പ്രോത്സാഹിപ്പിക്കുന്ന കേന്ദ്രങ്ങളായി മാറും. അംഗീകാരത്തിന്റെ അടിസ്ഥാനത്തില്‍ കോളജുകള്‍ക്ക് സ്വയംഭരണം ഉള്‍പ്പെടെ നല്‍കും. എല്ലാ കോളജുകളിലും സംഗീതം, സാഹിത്യം, മാനവിക വിഷയങ്ങള്‍ തുടങ്ങിയവ പഠിപ്പിക്കണം. ഡിജിറ്റല്‍ പഠനം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി നാഷണല്‍ എഡ്യൂക്കേഷണല്‍ ടെക്‌നോളജി ഫോറം സ്ഥാപിക്കും. ഇതുവഴി ഇ- കോഴ്‌സുകള്‍ പഠിപ്പിക്കും. എട്ട് പ്രാദേശിക ഭാഷകളില്‍ ഇ- കോഴ്‌സുകള്‍ അനുവദിക്കണമെന്നും പുതിയ വിദ്യാഭ്യാസ നയം നിര്‍ദേശിക്കുന്നു.

 1986ല്‍ രൂപം നല്‍കിയ ദേശീയ വിദ്യാഭ്യാസ നയത്തിന് പകരം പുതിയ വിദ്യാഭ്യാസ നയം നടപ്പാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. 1992 ല്‍ ഭേദഗതി വരുത്തിയ വിദ്യാഭ്യാസനയമാണ് ഇപ്പോള്‍ പിന്തുടരുന്നത്.വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയത്തിന്റെ പേരുമാറ്റി. വിഭ്യാഭ്യാസ മന്ത്രാലയം  എന്നാണ് പുനര്‍നാമകരണം ചെയ്തത്. കേന്ദ്ര മന്ത്രിസഭാ യോഗം പേരുമാറ്റത്തിന് അംഗീകാരം നല്‍കി. 

1985ലാണ് മാനവവിഭവശേഷി മന്ത്രാലയം എന്ന പേര് നല്‍കിയത്. അന്ന് രാജീവ് ഗാന്ധിയായിരുന്നു പ്രധാനമന്ത്രി. നീണ്ട 35 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വിദ്യാഭ്യാസ മന്ത്രാലയം എന്ന് പേരുമാറ്റിയത്.വിദ്യാഭ്യാസ, പഠന പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ ഊന്നല്‍ നല്‍കുന്നതിന്റെ ഭാഗമായാണ് പേരുമാറ്റം എന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com