റാഫേല്‍ യുദ്ധവിമാനങ്ങള്‍ ഇന്ത്യയില്‍, വരവേറ്റ് രാജ്യം (വീഡിയോ)

ഫ്രഞ്ച് കമ്പനിയായ ദസോള്‍ട്ട് കമ്പനിയില്‍ നിന്ന് വാങ്ങുന്ന 36 റാഫേല്‍ വിമാനങ്ങളുടെ ആദ്യ ബാച്ച് ഇന്ത്യയില്‍ എത്തി
റാഫേല്‍ യുദ്ധവിമാനങ്ങള്‍ ഇന്ത്യയില്‍, വരവേറ്റ് രാജ്യം (വീഡിയോ)

ന്യൂഡല്‍ഹി: ഫ്രഞ്ച് കമ്പനിയായ ദസോള്‍ട്ട് കമ്പനിയില്‍ നിന്ന് വാങ്ങുന്ന 36 റാഫേല്‍ വിമാനങ്ങളുടെ ആദ്യ ബാച്ച് ഇന്ത്യയില്‍ എത്തി. ഫ്രാന്‍സില്‍ നിന്ന് 7000 കിലോമീറ്ററില്‍ പരം ദൂരം പിന്നിട്ടാണ് അഞ്ച് റാഫേല്‍ വിമാനങ്ങള്‍ ഇന്ത്യന്‍ ആകാശത്ത് പറന്നെത്തിയത്.

ഇന്ത്യന്‍ വ്യോമാതിര്‍ത്തിയില്‍ എത്തിയ റാഫേല്‍ വിമാനങ്ങളെ സ്വാഗതം ചെയ്ത് രണ്ട് എസ്‌യു- 30എംകെഐഎസ് യുദ്ധവിമാനങ്ങള്‍ അകമ്പടിയായി എത്തി. പക്ഷികള്‍ ഇന്ത്യന്‍ ആകാശത്ത് പ്രവേശിച്ചതായി കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് പ്രതികരിച്ചു. ഹരിയാന അംബാലയിലെ വ്യോമസേനാ താവളത്തിലാണ് റാഫേല്‍ വിമാനങ്ങള്‍ പറന്നിറങ്ങുക.

റാഫേല്‍ യുദ്ധവിമാനങ്ങളെ ഇന്ത്യന്‍ നാവികസേന സ്വാഗതം ചെയ്തു. പടിഞ്ഞാറന്‍ അറബിക് കടലില്‍ വിന്യസിച്ചിരിക്കുന്ന ഐഎന്‍എസ് കൊല്‍ക്കത്തയുമായി റാഫേല്‍ വിമാനങ്ങള്‍ ആശയവിനിമയം നടത്തി. 

ഇന്ത്യയിലേക്ക് പറക്കുന്നതിന് ഇടയില്‍ യുഎഇയില്‍ മാത്രമാണ് വിമാനം ഇറങ്ങിയത്. ദസോള്‍ട്ട് കമ്പനിയില്‍ നിന്ന് വാങ്ങുന്ന 36 വിമാനങ്ങളിലെ ആദ്യ ബാച്ചാണ് ഇന്ന് എത്തുന്നത്. 59,000 കോടി രൂപയുടേതാണ് കരാര്‍. 30000 അടി ഉയരത്തില്‍ ആകാശത്ത് വെച്ച് റഫേല്‍ വിമാനത്തില്‍ ഇന്ധനം നിറക്കുന്ന ചിത്രങ്ങള്‍ നേരത്തെ പുറത്ത് വന്നിരുന്നു. മാര്‍ഗമധ്യേ ഇന്ധനം നിറക്കുന്ന ചിത്രങ്ങളാണ് ഫ്രാന്‍സിലെ ഇന്ത്യന്‍ എംബസി ട്വീറ്റ് ചെയ്തത്. 

അഞ്ച് വിമാനങ്ങള്‍ ഫ്രാന്‍സില്‍ പരിശീലനത്തിന് ഉപയോഗിക്കുകയാണ്. പത്ത് വിമാനങ്ങള്‍ കൈമാറിയതായും ഫ്രാന്‍സിലെ ഇന്ത്യന്‍ എംബസി അറിയിച്ചു. ഹരിയാനയിലെ അംബാലയില്‍ വെച്ചാണ് വിമാനങ്ങള്‍ ഇന്ത്യക്ക് കൈമാറുന്നത്. പതിനേഴാം ഗോള്‍ഡന്‍ ആരോസ് സ്‌ക്വാഡ്രനിലെ കമാന്‍ഡിങ് ഓഫീസര്‍ ഉള്‍പ്പെടെ ഏഴ് ഇന്ത്യന്‍ പൈലറ്റുമാരാണ് വിമാനങ്ങള്‍ ഇന്ത്യയിലേക്ക് കൊണ്ടുവന്നത്. പൈലറ്റുമാരില്‍ ഒരാള്‍ മലയാളിയാണ്.സുരക്ഷയുടെ ഭാഗമായി അംബാല വ്യോമസേന താവള പരിധിയില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com